ഒരുനിമിഷം ശ്രദ്ധിക്കൂ! വേനൽക്കാലത്ത് മേക്കപ്പിടുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Mail This Article
വേനൽക്കാലം പലപ്പോഴും ആഘോഷങ്ങളുടെ കാലമാണ്. വിവാഹവും മറ്റുപാർട്ടികളും വേനൽക്കാലത്ത് കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ മേക്കപ്പില്ലാതെ പുറത്തിറങ്ങാനാകില്ല. എന്നാൽ വേനല്‍ക്കാലത്ത് മേക്കപ്പിടുമ്പോൾ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറയുന്നതു പോലെ വിയർപ്പില്‍ മേക്കപ്പ് ഒലിച്ചിറങ്ങും. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിനായി മേക്കപ്പിടുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം.
ബേസ് ഫൗണ്ടേഷനും പ്രൈമറും
മേക്കപ്പിടുന്നതിനു മുൻപ് ബേസ് ഫൗണ്ടേഷൻ ഉറപ്പാക്കണം. എസ്പിഎഫ് കണ്ടന്റുള്ള നല്ലൊരു ഓയിൽഫ്രീ മോയ്സ്ചറൈസർ ഉപയോഗിക്കാൻ ശ്രിദ്ധിക്കണം. പുറത്തുപോയാലും ഇല്ലെങ്കിലും മോയ്സ്ചറൈസർ ഉപയോഗിക്കാൻ മടിക്കരുത്. അതുപോലെ തന്നെ മേക്കപ് നന്നായിരിക്കാൻ പ്രൈമറും ഉപയോഗിക്കേണ്ടതാണ്.
ബ്രോൺസർ ഉപയോഗിക്കണം
മേക്കപ് സ്വാഭാവികമായി തോന്നാന്‍ ബ്രോൺസർ ഉപയോഗിക്കുന്നത് നന്നായിരിക്കും. വെയിലത്തു നിൽക്കുമ്പോൾ പല്ലുകളുടെ വെളുപ്പും കണ്ണുകളുടെ തിളക്കവും എടുത്തു കാണിക്കാൻ ഇത് ഉപകരിക്കും. മുഖത്തിന്റെ ഹൈ പോയിന്റുകളിലാണ് ബ്രോൺസർ ഉപയോഗിക്കേണ്ടത്. കവിളെല്ലുകളിലും നെറ്റിയുടെ മധ്യത്തിലും താടിയിലും ബ്രോൺസർ ഉപയോഗിച്ചാൽ സ്വാഭാവിക ലുക്ക്കിട്ടും. ഒരിക്കലും ഇത് വ്യാപകമായി ഉപയോഗിക്കരുത്. വേനൽക്കാലത്ത് പൗഡർ ബ്രോൺസറുകളാണ് ഉപയോഗിക്കേണ്ടത്.
മേക്കപ്പിൽ മിനിമലാകാം
വേനൽകാലത്ത് വളരെ കുറച്ച് മേക്കപ്പ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കട്ടിയുള്ള മേക്കപ്പ് പാളി മുഖത്തു വന്നാൽ വെയിലിൽ വരണ്ടുണങ്ങി മുഖം വലിയാൻ സാധ്യതയുണ്ട്.
മാറ്റ് ഫിനിഷ് മേക്കപ്പാണ് വേനലിൽ ഏറ്റവും നല്ലത്. ഷിമ്മറും സ്പാർക്കിളുമുള്ള മേക്കപ് വേനലിൽ ഗുണം ചെയ്യില്ല. ഇത് അധികത്തിളക്കത്തിനും മേക്കപ് ഒലിച്ചിറങ്ങുന്നതിനും കാരണമാകും.
ഇളംനിറങ്ങൾ തിരഞ്ഞെടുക്കാം
കടുംനിറത്തിലുള്ള മേക്കപ് വേനലിൽ വളരെ ഹെവിയായി തോന്നും. ലിപ് മേക്കപ്പിലും ഐഷാഡോയിലും റൂഷിലുമെല്ലാം കഴിവതും ഇളംനിറങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ലിപ്സ്റ്റിക്കിൽ ന്യൂഡ് ഷേഡ് ഉപയോഗിക്കാം. മിനിമൽ മേക്കപ്പാണെങ്കിൽ ലിപ് ബാമും ന്യൂഡ് ലിപ്സ്റ്റിക്കും മാത്രം മതി. ക്രീം നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഐഷാഡോ ഉപയോഗിക്കുന്നതിനു പുറമേ ചേരുന്ന രീതിയിലുള്ള കോംപാക്ട് പൗഡർ ഉപയോഗിക്കാം. ദീർഘനേരത്തേക്ക് ഐഷാഡോ ഇഫക്ട് ലഭിക്കാൻ ഇത് ഉപകരിക്കും. ഐ മേക്കപ് മിനിമൽ ആകുന്നതാണ് സുരക്ഷിതം. സ്മോക്കി ഐസ്, ക്യാറ്റ് ഐസ് – ഇവയൊക്കെ നിർബന്ധമാണെങ്കിൽ കോർണറുകളിൽ മാത്രം നൽകുക. ലൈനറിന്റെ ഷെയ്ഡിനെക്കാൾ ലൈറ്റർ ആയ ഷെയ്ഡ് ഉപയോഗിച്ച് കണ്ണിനു ചെറിയ വാൽ കൊടുക്കാം. ഇത് ബ്രഷ് ഉപയോഗിച്ച് സ്മഡ്ജ് ചെയ്താൽ കോർണറിൽ ലൈറ്റ് സ്മോക്കി ഇഫക്ട് കിട്ടും.
ബ്ലഷ് സ്റ്റെയിൻ ഉപയോഗിക്കാം
ബ്ലഷ് പൗഡർ വേനൽക്കാലത്ത് വേഗം ഒലിച്ചുപോകും. അതിനാൽ ബ്ലഷ് സ്റ്റെയിൻ (ജെൽ രൂപത്തിലുള്ളത് ) ആണ് നല്ലത്. മുകളിൽ സെറ്റിങ് പൗഡർ ഇട്ടുകൊടുക്കാൻ മറക്കരുത്.