കയ്യിലുള്ള മേക്കപ്പ് വസ്തു ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായോ? എങ്കിലൊന്നു ശ്രദ്ധിക്കണം

Mail This Article
കാലാവധി കഴിഞ്ഞ ഏതെങ്കിലും ഒരു മേക്കപ്പ് വസ്തു എങ്കിലും നിങ്ങളുടെ അലമാരയിൽ ഇല്ലാതിരിക്കില്ല. ഇന്ന് പലരും വാങ്ങുന്ന മേക്കപ്പ് വസ്തുക്കളിൽ കാലാവധി കൃത്യമായി എഴുതാത്തതിനാലോ അല്ലെങ്കിൽ പെട്ടെന്ന് മാഞ്ഞു പോകുന്നതിനാലും പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. എന്നാൽ കാലാവധി കഴിഞ്ഞ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമത്തിനും കണ്ണുകൾക്കുമെല്ലാം ഏറെ ദോഷം ചെയ്യും.
അടുത്തിടെ യുകെയിൽ നടത്തിയ ഒരു പഠനത്തിൽ, 90 ശതമാനം സൗന്ദര്യവർധക ഉൽപന്നങ്ങളിലും ചർമത്തിനു ദോഷകരമായ രാസവസ്തുക്കളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മേക്കപ്പ് ബ്രഷ്, മേക്കപ്പ് ബ്ലെൻഡറുകൾ എന്നിവയിലൊക്കെ ഇ.കോളി, സ്റ്റാഫൈലോകോക്കി എന്നിവയുൾപ്പെടെയുള്ള മാരകമായ ‘സൂപ്പർബഗുകൾ’ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അപ്പോൾ ഇവ നേരിട്ട് സ്പർശിക്കുന്ന മേക്കപ്പ് പ്രൊഡക്ടുകൾ കാലാവധി കഴിഞ്ഞും ഉപയോഗിക്കുന്നത് എത്രയധികം അപകടം നിറഞ്ഞ കാര്യമാണെന്ന് ഊഹിക്കാവുന്നതാണ്. നിത്യജീവിതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചില മേക്കപ്പ് വസ്തുക്കളുടെ കാലാവധിയെക്കുറിച്ച് അറിയാം.
ലിക്വിഡ് ഫൗണ്ടേഷന്‍
ലിക്വിഡ് ഫൗണ്ടേഷൻ ഇപ്പോൾ കൂടുതൽ ജനപ്രീതി നേടിയിരിക്കുകയാണ്. പുട്ടിയടിച്ച ലുക്ക് തരാതെ ചർമത്തോട് ഇഴുകി ചേരുന്നതിനാൽ ആളുകൾ കൂടുതലായി ലിക്വിഡ് ഫൗണ്ടേഷൻ ഉപയോഗിക്കുന്നു. സാധാരണയായി രണ്ട് വർഷം വരെ ചിലർ ഇത് ഉപയോഗിക്കാറുണ്ട് എന്നാൽ സാധാരണഗതിയില്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ ലിക്വിഡ് ഫൗണ്ടേഷന്‍ ഉപയോഗിക്കരുത്. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നത് ചര്‍മ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകും.
പൗഡര്‍ ഫൗണ്ടേഷന്‍
പൗഡർ ഫൗണ്ടേഷൻ, കോംപാക്ട് പൗഡർ തുടങ്ങിയവ ഫൗണ്ടേഷൻ ആയി മാത്രമല്ല മേക്കപ്പ്, സെറ്റ് ചെയ്യാനായും പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഉപയോഗിക്കുന്നവര്‍ ഇതിന്റെ കാലാവധി ശ്രദ്ധിക്കുന്നത് കുറവാണ്. ഒരു വർഷമാണ് ഇതിന്റെ കാലാവധി.
ലിക്വിഡ് ലിപ്സ്റ്റിക്
ഇപ്പോൾ ബുള്ളറ്റ് ലിപ്സ്റ്റിക്കിനേക്കാള്‍ ലിക്വിഡ് ലിപ്സ്റ്റിക് ആണ് ഫാഷൻ മേഖലയിൽ ഇടം നേടിയിരിക്കുന്നത്. കൂടുതല്‍ പെർഫക്‌ഷൻ ലഭിക്കാന്‍ ലിക്വിഡ് ലിപ്സ്റ്റിക്കാണ് നല്ലത്. എന്നാല്‍, ലിക്വിഡ് ലിപ്സ്റ്റിക് 6 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നതു നല്ലതല്ല. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ചുണ്ട് കറുക്കുന്നതിനു കാരണമാകും. കൂടാതെ ബുള്ളറ്റ് ലിപ്സ്റ്റിക് 18 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതല്ല.
ഇവയൊന്നും കൂടാതെ കൺസീലർ- ഒരു വർഷം, ക്രീം ബ്ലഷ്- ഒരു വർഷം, ഐലൈനർ- മൂന്ന് മാസം, ഐലൈനർ പെൻസിൽ- രണ്ട് വർഷം, ഐഷാഡോ- ഒരു വർഷം, ഫൗണ്ടേഷൻ- ഒരു വർഷം, ലിപ് ബാം- ഒന്ന് മുതൽ അഞ്ച് വർഷം വരെ, ലിപ് ഗ്ലോസ്- ഒരു വർഷം, ലിക്വിഡ് ഐലൈനർ- മൂന്ന് മാസം, മസ്കാര- മൂന്ന് മാസം, നെയിൽ പോളിഷ്- ഒരു വർഷം, പൗഡർ ബ്ലഷ്- രണ്ട് വർഷം എന്നിവയാണ് മറ്റുള്ളവയുടെ കാലാവധികൾ.