ജിമ്മിൽ പോയി കൈപ്പത്തിയിൽ തഴമ്പായോ? ഇനി ടെൻഷൻ വേണ്ട പരിഹാരം സിംപിളാണ്

Mail This Article
ജിമ്മിൽ പോകാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമൊക്കെ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ ജിമ്മിൽ പോകുന്ന പലരുടെ കയ്യിലും കാണുന്ന ഒരു പ്രശ്നമാണ് തഴമ്പ്. ജിമ്മിൽ പോകുന്നവർക്കു മാത്രമല്ല വീട്ടുജോലി ചെയ്യുന്നവരിലും, വാഹനമോടിക്കുന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കാണാറുണ്ട്. പ്രധാനമായും കൈകളിലെയും കാലുകളിലെയും ചർമകോശങ്ങളുടെ പുറംപാളിയിലേക്ക് അമിതമായ സമ്മർദം ചെലുത്തുമ്പോഴാണ് തഴമ്പ് ഉണ്ടാകുന്നത്. എന്നാൽ ഇനി തഴമ്പിന്റെ കാര്യമോർത്ത് ആരും ടെൻഷൻ അടിക്കേണ്ട. പരിഹാരം നമ്മുടെ അടുത്തുതന്നെയുണ്ട്.
മോയ്‌സ്ചറൈസർ
കയ്യിലെ തഴമ്പ് കളയാൻ ഫലപ്രദമായ ഒന്നാണ് മോയ്‌സ്ചറൈസർ. കൈകളിലെ മൃതകോശങ്ങളെ നീക്കം ചെയ്തു കൈകളെ മൃദുവായി സൂക്ഷിക്കാൻ മോയ്‌സ്ചറൈസർ സഹായിക്കും. ഇതിനായി ദിവസേന മോയ്‌സ്ചറൈസർ ശീലമാക്കാനും ശ്രദ്ധിക്കണം.
റോസ്‌വാട്ടറും ഗ്ലിസറിനും
കൈകളിലെ തഴമ്പ് കുറയ്ക്കാനും, കൈകള്‍ വളരെ മൃദുലമാക്കാനും റോസ്‌വാട്ടറും ഗ്ലിസറിനും മികച്ച പോംവഴിയാണ്. ഇതിനായി റോസ് വാട്ടറും ഗ്ലിസറിനും സമാസമം എടുക്കുക. ഇവ നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇത് കയ്യിൽ പുരട്ടാവുന്നതാണ്. ദിവസവും ഉപയോഗിക്കാനായി ഇത് ഒരു കുപ്പിയില്‍ നിറച്ചു വയ്ക്കാം. ഇടയ്ക്ക് ഇടയ്ക്ക് ഇത് കൈകളില്‍ പുരട്ടുന്നത് വളരെ നല്ലതാണ്.
ചൂടുവെള്ളം
തിളപ്പിച്ച വെള്ളം നൽകുന്ന ചൂട് ചർമത്തിന്റെ പരുക്കൻ ഭാഗങ്ങൾ മൃദുവാക്കാൻ സഹായിക്കുന്നു. ഇതിനായി 10 മുതൽ 15 മിനിറ്റ് നേരം വരെ ചെറു ചൂടുള്ള വെള്ളത്തിൽ കൈകൾ മുക്കി വയ്ക്കുക. പരുക്കൻ ഭാഗങ്ങൾ മാറ്റി പഴയ ചർമം തിരികെ കൊണ്ടുവരാൻ ഇത് സഹായിക്കും. ചൂടുവെള്ളത്തിൽ കൈകൾ മുക്കിവെക്കുന്ന നേരം തഴമ്പുള്ള ഭാഗം സ്‌ക്രബ് ചെയ്യാനും മറക്കരുത്.
വെണ്ണ
കൈകളെ മേയ്‌സ്ചർ ചെയ്‌തെടുക്കാനും, കൈകളില്‍ ഉള്ള തഴമ്പ് കളയാനും വെണ്ണ മികച്ചതാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് കുറച്ച് വെണ്ണ കൈകളില്‍ നന്നായി പുരട്ടുക. ഇത് നല്ല രീതിയിൽ ചര്‍മത്തില്‍ ആഗിരണം ചെയ്യുന്നതുവരെ മസാജ് ചെയ്യുക. ഇത്തരത്തിൽ രാവിലെയും രാത്രിയും ദിവസേന ചെയ്യുന്നത് കയ്യിലെ തഴമ്പ് കളയാൻ സഹായിക്കും.