ADVERTISEMENT

സിനിമ കാണുമ്പോഴും വെറുതെയിരിക്കുമ്പോഴും ആശങ്ക തോന്നുമ്പോഴുമൊക്കെ നഖം കടിക്കുന്നത് ചിലരുടെ ശീലമാണ്. നഖങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ ദുശ്ശീലം പല രോഗങ്ങളും വരാനും കാരണമാകും. നഖം കടിക്കുന്ന ശീലം മാറ്റി നഖങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കാനുമുള്ള വഴികൾ പരിചയപ്പെടാം.

നഖങ്ങൾ നന്നായി വെട്ടി വൃത്തിയാക്കിയ ശേഷം ഭംഗി കൂട്ടാനായി നെയിൽപോളിഷുകൾ അണിയാം. നഖം കടിക്കുമ്പോൾ നെയിൽപോളിഷിന്റെ രുചി വായിലെത്തുന്നതിനാൽ ആ ശീലം ഉപേക്ഷിക്കാൻ സാധിക്കും. നഖങ്ങൾ നീളം കുറച്ചു വെട്ടിയാൽ, കടിക്കാൻ വേണ്ട നീളം നഖങ്ങൾക്കില്ലാത്തതുകൊണ്ടും ആ ദുശ്ശീലം വിട്ടുപോയേക്കാം.

കെമിക്കലുകൾ നഖങ്ങളുടെ പ്രധാന ശത്രുക്കളാണ്. പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴുമൊക്കെ പലതരം പൊടികളും ദ്രാവകങ്ങളും ഉപയോഗിക്കുന്നതുകൊണ്ട് അവയിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ നഖങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ സാധ്യതയുണ്ട്. അതൊഴിവാക്കാൻ പാത്രം കഴുകുമ്പോഴും വസ്ത്രങ്ങൾ അലക്കുമ്പോഴും റബറോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള ഗ്ലൗസ് അണിയാൻ ശ്രദ്ധിക്കണം.

കടുംനിറങ്ങളിലുള്ള നെയിൽ പോളിഷുകളണിയാൻ മിക്കവർക്കുമിഷ്ടമാണ്. എന്നാൽ സ്ഥിരമായി നെയിൽപോളിഷ് ഇടുന്നതും അത്ര നല്ലതല്ല. മാസത്തിൽ ഒന്നോ രണ്ടോ വട്ടം, നെയിൽ പോളിഷ് ഒഴിവാക്കി നഖങ്ങൾക്ക് ശ്വസിക്കാൻ അവസരം നൽകാം. ഡൈബ്യൂട്ടൈൽ ഫത്താലേറ്റ് (ഡിബിപി), ഫോർമാൽഡിഹൈഡ്, ടോലുയിൻ എന്നിവയടങ്ങിയ നെയിൽ പോളിഷുകൾ ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. ഇവ അടങ്ങാത്ത ത്രീ ഫ്രീ നെയിൽ പോളിഷുകൾ വിപണിയിൽ ലഭ്യമാണ്.കെമിക്കൽ ഫ്രീയായ ഗുണമേന്മയുള്ള നെയിൽ പോളിഷുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നെയിൽ പോളിഷുകൾ നീക്കം ചെയ്യുമ്പോൾ ഐസോപ്രോപൈൽ അസെറ്റോൺ മുക്തമായ നെയിൽ പോളിഷ് റിമൂവറുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നഖങ്ങൾ വെട്ടുമ്പോൾ നഖത്തോടു ചേർന്നുള്ള ക്യൂട്ടിക്കിളും പലരും വലിച്ചിളക്കാറുണ്ട്. പക്ഷേ അത് നഖങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. നഖങ്ങളെ ബാക്ടീരിയ, ഫംഗസ് ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നത് ക്യൂട്ടിക്കിളുകളാണ് അതുകൊണ്ട് നഖം വെട്ടുമ്പോൾ ക്യൂട്ടിക്കിളുകൾ നീക്കം ചെയ്യാതെ കൂർത്ത മുനയില്ലാത്ത ഉപകരണങ്ങൾ കൊണ്ട് നഖങ്ങളുടെ അഗ്രഭാഗത്തേക്ക് ചേർത്തു വച്ചാൽ മതിയാകും. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ബദാം ഓയിലോ അവക്കാഡോ ഓയിലോ കൊണ്ട് നഖങ്ങളും ക്യൂട്ടിക്കിളും മസാജ് ചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. മേൽപറഞ്ഞ എണ്ണകൾ ലഭ്യമല്ലെങ്കിൽ ലിപ് ബാം ഉപയോഗിച്ചും മസാജ് ചെയ്യാം. ക്യൂട്ടിക്കിൾ മോയ്സചറൈസിങ് ക്രീമുകളും ലഭ്യമാണ്.

നഖങ്ങൾ വൃത്തിയാക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ കൃത്യമായി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.ശരീരത്തിലെ കെരാട്ടിൻ ഉൽപാദനം ത്വരിതപ്പെടുത്തുന്ന മീനുകൾ, പരിപ്പു വർഗങ്ങൾ, ബീൻസ് ഇവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. ആരോഗ്യവിദഗ്ധരുടെ നിർദേശമനുസരിച്ച് ബൈയോട്ടിൻ, ഫിഷ് ഓയിൽ സപ്ലിമെന്റുകൾ ഇവയും നിർദേശിക്കപ്പെടുന്ന അളവിൽ കഴിക്കാവുന്നതാണ്.

English Summary:

Stop Nail Biting: A Complete Guide to Healthy Nails

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com