വിയർപ്പും ദുർഗന്ധവും കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വിഷമിക്കേണ്ട, ഇക്കാര്യങ്ങൾ പരീക്ഷിക്കാം

Mail This Article
വേനൽക്കാലത്ത് നമ്മള്‍ വിയർക്കുന്നത് സാധാരണമാണ്. എന്നാൽ ഈ വിയർപ്പിനൊപ്പം അസഹ്യമായദുർഗന്ധം കൂടി ഉണ്ടാകുമ്പോൾ എന്തുചെയ്യും? എത്ര സുഗന്ധമുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചാലും എത്ര പെർഫ്യൂം പുരട്ടിയാലും ഇത് മാറുന്നില്ലെങ്കിലോ? ആശങ്കപ്പെടേണ്ട. പരിഹാരം നിങ്ങളുടെ കയ്യകലത്തിലുണ്ട്.
ശരീരത്തിന്‍റെ സ്വാഭാവികമായ ശീതീകരണ പ്രക്രിയയാണ് വിയർപ്പ്. ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍, ടെന്‍ഷന്‍, ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളില്‍ ആളുകള്‍ വിയര്‍ക്കാറുണ്ട്. തീർത്തും നമ്മുടെ പരിധിയിലല്ലാത്ത ഒരു പ്രക്രിയ ആണിത്. വിയർപ്പു മൂലം മാത്രമല്ല ചർമത്തിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ശരീര ദുർഗന്ധത്തിനു കാരണമാകാം. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വിദ്യകളുണ്ട്. എന്തൊക്കെയാണെന്നു നോക്കാം
തക്കാളി
ശരീര ദുർഗന്ധം അകറ്റാൻ മികച്ച ഒരു പരിഹാരമാണ് തക്കാളി. ഇതിനായി പിഴിഞ്ഞെടുത്ത തക്കാളി നീര് കുളിക്കാനുള്ള വെള്ളത്തിൽ കലർത്തുക. ശേഷം ഇത് ഉപയോഗിച്ച് കുളിക്കുക. അല്ലെങ്കിൽ 20 മുതൽ 30 മിനിറ്റ് വരെ അതിൽ കൈകാലുകൾ മുക്കിവയ്ക്കുക. ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.
റോസ് വാട്ടർ
ചർമത്തിനു മികച്ച ഒന്നാണ് റോസ് വാട്ടർ. ഇത് ചർമത്തിന് തിളക്കം നൽകുന്നത് മുതൽ നല്ല ഗന്ധം നൽകാനും സഹായിക്കും. ഇതിനായി കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപം റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഈ വെള്ളം ഉപയോഗിച്ചു നന്നായി കുളിക്കുക. അത് കൂടാതെ അമിതമായി വിയർപ്പുണ്ടാകുന്ന ഭാഗങ്ങളിൽ റോസ് വാട്ടർ പഞ്ഞിഉപയോഗിച്ച് പുരട്ടാം. 20 മിനിറ്റിനു കഴിഞ്ഞ് കഴുകി കളയാം.
നാരങ്ങാനീര്
കുളിക്കുന്ന വെള്ളത്തിൽ നാരങ്ങാ നീരും റോസ് വാട്ടറും ചേർത്ത് ഉപയോഗിക്കുന്നത് ശരീരത്തിലെയും മുടിയിലെയും ദുർഗന്ധം അകറ്റുന്നതിന് മികച്ച പരിഹാരമാണ്. തലയിൽ തേക്കുകയാണെങ്കിൽ നാരങ്ങാ നീര് ഒഴിവാക്കി റോസ് വാട്ടർ മാത്രം ഉപയോഗിക്കുന്നതാവും നല്ലത്.
ചന്ദനം
ചന്ദനം അരച്ചെടുക്കുകയോ അല്ലെങ്കിൽ കടകളിൽ ലഭ്യമായ പൊടിഉപയോഗിക്കുകയോ ചെയ്യാം. ഇതിനായി ചന്ദനം വെള്ളത്തിൽ കലർത്തി ശരീരത്തിൽ പുരട്ടാം. അൽപ സമയത്തിനു ശേഷം കഴുകി കളയാം. ശരീരത്തിലെ വിയർപ്പ് വലിച്ചെടുക്കുന്നതിനും ഫംഗസ് ബാധയുടെ സാധ്യതകളും ഇല്ലാതാക്കാൻ ചന്ദനം സഹായിക്കും.