ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിനു തണുത്ത വെള്ളവും ഐസ്ക്യൂബുകളും പതിവായി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ചർമ സുഷിരങ്ങൾ കുറയ്ക്കുന്നതിനും അകാല ചുളിവുകൾ ഉണ്ടാകാതെ തടയുന്നതിനും കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിനുമെല്ലാം സ്കിൻ ഐസിങ് ഉപയോഗപ്രദമാണ്. മുഖചർമത്തിലെ വീക്കങ്ങൾ കുറയാനും വെയിൽ, കാറ്റ് എന്നിവ നേരിടുന്നത് മൂലം മുഖത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും ചർമത്തിന്റെ ആഗിരണശക്തി വർധിപ്പിക്കാനും കുരുക്കൾ ഉണ്ടാവുന്നതു തടയാനുമൊക്കെ ഐസ് ഉപയോഗിക്കാം. ഐസ് ഉപയോഗിക്കുമ്പോൾ നേർത്ത തുണിക്കുള്ളിൽ വച്ച് മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യുന്നതാണ് ഉചിതം. വ്യത്യസ്ത വസ്തുക്കൾകൊണ്ട് ഐസ് ക്യൂബുകൾ തയാറാക്കി ചർമ സംരക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

കൺതടങ്ങളിലെ കറുപ്പകറ്റാൻ

കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറ്റാൻ ഏറ്റവും നല്ല പ്രതിവിധിയാണ് ഐസ് ക്യൂബുകൾ. വെള്ളരിക്ക അരച്ച് നീരെടുത്ത ശേഷം അതിലേയ്ക്ക് അരക്കപ്പ് റോസ് വാട്ടർ ഒഴിച്ചുകൊടുക്കണം. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇത് ഫ്രിജിൽ വച്ച് ഐസാക്കി മാറ്റാം. പിന്നീട് ഈ ക്യൂബുകൾ കണ്ണിനു ചുറ്റും ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ കറുപ്പുനിറം അകന്നു കിട്ടും.

വെയിലേറ്റുള്ള കരിവാളിപ്പ് മാറാൻ

ഇടത്തരം വലിപ്പമുള്ള പഴുത്ത തക്കാളി നന്നായി അരച്ച ശേഷം അരിച്ചെടുക്കുക. ഈ നീര് ഐസ് ട്രേയിൽ ഒഴിച്ചുവച്ച് ക്യൂബുകൾ തയാറാക്കാം. മുഖം വൃത്തിയാക്കിയ ശേഷം തക്കാളി ഐസ് ക്യൂബുകൾ ഉപയോഗിച്ച് മുഖത്ത് തടവുക. രണ്ടോ മൂന്നോ മിനിറ്റിനു ശേഷം കഴുകി കളയാം.

മുഖത്തിന്റെ തിളക്കം വർധിപ്പിക്കാൻ

വെള്ളത്തിൽ ഒന്നോ രണ്ടോ സ്പൂൺ കാപ്പിപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയശേഷം ഇത് നേരിട്ട് ഐസ് ട്രേയിലേയ്ക്ക് ഒഴിച്ചുകൊടുക്കാം. ആവശ്യാനുസരണം ഈ ക്യൂബുകൾ മുഖത്ത് തടവിയാൽ മതിയാകും. ചർമത്തെ പുനരുജ്ജീവിപ്പിക്കാനുള്ള കാപ്പിയുടെ കഴിവുമൂലം മുഖചർമത്തിന് ആരോഗ്യവും തിളക്കവും ലഭിക്കും.

ചർമത്തിലെ ജലാംശം നിലനിർത്താൻ

ചർമ സുഷിരങ്ങൾ അടയാനും അമിതമായുള്ള എണ്ണമയം ഒഴിവാക്കാനുമുള്ള കഴിവ് വെള്ളരിക്കയ്ക്കും നാരങ്ങയ്ക്കുമുണ്ട്. ഇവ ഉപയോഗിച്ച് ഐസ്ക്യൂബുകൾ തയ്യാറാക്കാൻ ഒരു മുറി വെള്ളരിക്ക നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കാം. ഈ മിശ്രിതം ഐസ് ക്യൂബുകളാക്കിയശേഷം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്ത് ഉപയോഗിക്കാവുന്നതാണ്.

ചർമത്തിന്റെ നിറം മെച്ചപ്പെടുത്താൻ

മുഖത്തിന് തിളക്കം ലഭിക്കാനും പാടുകളകറ്റി നിറം ലഭിക്കാനും ബീറ്റ്റൂട്ടും റോസ് വാട്ടറും ചേർത്ത് ഐസ് ക്യൂബുകൾ തയാറാക്കി ഉപയോഗിക്കാം. ബീറ്റ്റൂട്ട് നന്നായി അരച്ചെടുത്ത ശേഷം രണ്ട് ടേബിൾ സ്പൂൺ നീരിന് ഒരു ടേബിൾസ്പൂൺ എന്ന അളവിൽ അതിലേയ്ക്ക് റോസ് വാട്ടർ കൂടി ചേർത്ത് കൊടുക്കുക. ഇത് ഐസ് ട്രേയിൽ ഒഴിച്ച് ക്യൂബുകളാക്കി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.

ചർമം മൃദുവാകാൻ

നന്നായി പഴുത്ത പപ്പായ ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേനൊഴിച്ചു കൊടുക്കാം. ഈ കൂട്ടിലേയ്ക്ക് രണ്ടു സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ച് തരിയില്ലാത്ത വിധത്തിലാക്കണം. പിന്നീട് ഇത് ഐസ് ക്യൂബുകളാക്കി എടുക്കാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഈ ക്യൂബുകൾ മുഖത്ത് മൃദുവായി തടവി ഏതാനും മിനിറ്റിനുശേഷം കഴുകി കളയണം. മുഖകാന്തി വർധിപ്പിക്കാനും ചർമം ആരോഗ്യത്തോടെയിരിക്കാനും ഏറ്റവും മികച്ച മാർഗമാണിത്.

English Summary:

Glow Up: The Ultimate Guide to Skin Icing with Homemade Ice Cubes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com