ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാക്കും ഗ്രീൻടീ: ഇങ്ങനെ ഉപയോഗിച്ചാൽ അദ്ഭുതകരമായ മാറ്റം

Mail This Article
ഗ്രീൻടീയുടെ ആരോഗ്യഗുണങ്ങൾ നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ചർമ സൗന്ദര്യത്തിനും ഗ്രീൻ ടീ ഉപയോഗിക്കാം. ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ സൂര്യപ്രകാശത്തില് നിന്ന് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കും. മാത്രമല്ല സൂര്യപ്രകാശമേൽക്കുന്നതിലൂടെയുണ്ടാകുന്ന കരുവാളിപ്പ് മാറ്റുന്നതിനും സ്കിൻ കാൻസർ അടക്കമുള്ള രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനും ഒരു പരിധി വരെ സഹായിക്കും. ചർമസംരക്ഷണത്തിൽ ഗ്രീൻടീ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം.
ഗ്രീൻടീ സ്ക്രബ്ബ്
ബദാം പൊടിച്ചത്, ഗ്രീൻ ടീ ഇലകൾ, തൈര് എന്നിവ ചേർത്ത് സ്ക്രബ്ബ് തയാറാക്കാം. ഇതിന് ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ തന്നെ മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കുംം. മറ്റൊരു രീതി ഗ്രീൻടീ ഇലകൾ പൊടിയാക്കി അതിൽ അൽപം കറുവപ്പട്ട പൊടിയും നാരങ്ങാനീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. നിറം മങ്ങലുള്ള ചർമ ഭാഗങ്ങളിൽ ഇത് പുരട്ടി 20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. മുഖത്തെ ബ്ലാക്ഹെഡ്സ് നീങ്ങി മുഖം തിളങ്ങും. കൂടാതെ ചൂടുള്ള വെള്ളത്തിൽ ടീബാഗ് മുക്കിവച്ചശേഷം മുഖത്തു സാവധാനം സ്‌ക്രബ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇങ്ങനെ ചെയ്യാം.
യുവത്വം നിലനിർത്തും
കണ്ണിനു താഴെയുള്ള വീക്കവും കറുത്തപാടുകളും അകറ്റാൻ ഗ്രീൻടീ ബാഗുകൾ സഹായിക്കും. ഇതിനായി ഉപയോഗിച്ച ഗ്രീൻടീ ബാഗുകൾ ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഐപാടുകളായി ഉപയോഗിക്കാം. മൂന്ന് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ ഗ്രീൻടീ പൊടിച്ചതും ചേർത്ത് 20 മിനിറ്റ് മുഖത്തിടാം. ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയാണം. ഇത് പ്രായമാകുന്നതിൽനിന്നു ചർമത്തെ സംരക്ഷിക്കും.
ഒരു ടേബിൾ സ്‌പൂൺ ഗ്രീൻ ടീ പൊടിച്ചതും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ തേനും ചേർത്ത് 30 മിനിറ്റ് മുഖത്തിട്ടാൽ കുരുക്കളും മുഖത്തെ പാടുകളും അകറ്റാം. ഉപയോഗിച്ച ഗ്രീൻടീ ബാഗ് അൽപം തേൻ ചേർത്ത് മുഖത്തിടാം. 10 മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാൽ മുഖം സുന്ദരമാകും.
ആവി കൊള്ളാനും ഗ്രീൻടീ
വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്കു ടീ ബാഗ് പൊട്ടിച്ചിടുക. ഇതുപയോഗിച്ച് 5 മിനിറ്റ് ആവി കൊള്ളുന്നതു മുഖത്തെ കറുത്ത പാടുകൾ മങ്ങുന്നതിനു സഹായിക്കും. അഞ്ച് ടീസ്‌പൂൺ ഗ്രീൻടീയും കുറച്ച് ആര്യവേപ്പിലയും ചേർത്ത് ആവി പിടിക്കുന്നതും ചർമത്തിനു നല്ലതാണ്.
മുടിയും നഖങ്ങളും തിളങ്ങും
ഗ്രീൻടീയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നിവ തലമുടി തഴച്ചുവളരാൻ സഹായിക്കും. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ചശേഷം അര ലീറ്റർ വെള്ളത്തിൽ മൂന്നോ നാലോ ടീ ബാഗിട്ട് ഇതിൽ മുടി കഴുകാം. കൂടാതെ ചൂടുവെള്ളത്തിൽ ഗ്രീൻടീയിട്ട ശേഷം ഇതിലേക്ക് ചെറുനാരങ്ങാ നീര് ചേർത്തും ഉപയോഗിക്കാം. ഈ മിശ്രിതം ഒരു പഞ്ഞിയില്‍ മുക്കി തലയോട്ടിയിൽ പുരട്ടാം. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി വളരുന്നതിനും മുടിയിഴകൾക്കു തിളക്കം നൽകുന്നതിനും ഇത് സഹായിക്കും. ഒരു കപ്പ് ഗ്രീൻടീയിൽ നഖങ്ങള്‍ മുക്കി വയ്ക്കുന്നത് ഇവയുടെ തിളക്കം വർധിക്കാൻ സഹായിക്കും.