വിവാഹദിനത്തിൽ അതിസുന്ദരിയാകാം; വീട്ടിൽ തയാറാക്കാവുന്ന ഈ ഫേഷ്യൽ ധാരാളം

Mail This Article
ജീവിതത്തിൽ ചില സുപ്രധാന ദിവസങ്ങൾ ഉണ്ടാവാറില്ലേ? അങ്ങനെ ഒന്നാണ് നമ്മുടെ വിവാഹ ദിനം. അന്ന് എല്ലാവരേക്കാൾ സുന്ദരിയായിരിക്കാൻ സ്ത്രീകൾ ശ്രമിക്കും. വിലകൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളുമൊക്കെ വാങ്ങിയാലും ചർമം മങ്ങിയിരുന്നാൽ മേക്കപ്പിന് പോലും അത് ശരിയാക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് മുൻപ് ചർമം തിളങ്ങാൻ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് പരിഹാരം. ഇവ വച്ച് തയ്യാറാക്കാവുന്ന ഒരു ഫേഷ്യൽ നമുക്ക് ഒന്ന് പരിചയപ്പെടാം.
തക്കാളി
തക്കാളി ചർമത്തിലെ ടാനും നിറ വ്യത്യാസവും മാറ്റാൻ ഏറെ ഫലപ്രദമാണ്. വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തക്കാളി ചർമത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. തക്കാളിയിൽ ആന്റിഫംഗൽ, ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു ഇല്ലാതാക്കാൻ ഏറെ ഫലപ്രദമാണ്. കൂടാതെ, തക്കാളിയിലെ അസിഡിറ്റി ചർമത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുകയും മുഖത്തിലെ അധിക എണ്ണമയം കുറയ്ക്കുകയും ചെയ്യുന്നു.
പഞ്ചസാര
നമ്മുടെ വീട്ടിൽ യഥേഷ്ടം ലഭിക്കുന്ന പഞ്ചസാര ചർമത്തിന് മികച്ച സ്ക്രബാണ്. ചർമത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന സവിശേഷത ഇതിലുണ്ട്. ബ്ലാക്ക് ഹെഡ്സും മറ്റു അഴുക്കുകളും നീക്കം ചെയ്യാൻ പഞ്ചസാര വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമം ഉള്ളവർക്ക്, ചർമത്തിലെ അധിക എണ്ണം കുറയ്ക്കാൻ ഇത് വളരെ സഹായകരമാണ്.
കാപ്പിപ്പൊടി
ചർമ സംരക്ഷണത്തിനും പണ്ട് മുതലെ ഉപയോഗിച്ച് വരുന്ന ഒന്നാണ് കാപ്പിപ്പൊടി. മുഖത്ത് പാടുകൾ ഉണ്ടാകുന്നത് തടയാൻ കാപ്പിപൊടിയുടെ ഉപയോഗം ഗുണം ചെയ്യും. ഇതിന് പുറമെ ടാൻ, ചുളിവ് തുടങ്ങീ വിവിധ തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. കാപ്പിപ്പൊടിയിൽ ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖകാന്തി വർധിപ്പിക്കാനും ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അരിപ്പൊടി
ചർമത്തിന് ആവശ്യമായ തിളക്കവും ഭംഗിയും നൽകാൻ അരിപ്പൊടിയ്ക്ക് കഴിയും. അരിപ്പൊടി എക്‌സ്‌ഫോളിയന്റായി പ്രവര്‍ത്തിക്കുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും മിനുസമാര്‍ന്നതും തിളങ്ങുന്നതുമായ ചര്‍മം നല്‍കുകയും ചെയ്യുന്നു. ഈ സ്വാഭാവിക പുറംതള്ളല്‍ പ്രക്രിയ ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും തിളക്കമുള്ള നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.