ഈ അഞ്ചു കാര്യങ്ങൾ ചെയ്യാൻ തയാറാണോ? എന്നെന്നേയ്ക്കുമായി കണ്ണിനടിയിലെ കറുപ്പകറ്റാം

Mail This Article
എത്ര ഒരുങ്ങിയാലും പൂർണത കിട്ടുന്നില്ലെന്ന തോന്നൽ. ഫൗണ്ടേഷനും കൺസീലറും കൊണ്ട് എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും എന്നെയൊന്നു നോക്കൂവെന്നു പറഞ്ഞ് തെളിഞ്ഞു നിൽക്കുകയാണ് കണ്ണിനടിയിലെ കറുപ്പ് നിറം. കംപ്യൂട്ടറിന്‍റെയും മൊബൈൽ ഫോണിന്‍റെയും ഉപയോഗം അധികരിച്ചതു കൊണ്ടും ഉറക്കമില്ലായ്മ നിരന്തരം അലട്ടുന്നതുകൊണ്ടും സ്ത്രീകളെ അലട്ടുന്ന ഏറ്റവും പ്രധാന സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പു നിറം. പണം മുടക്കി സൗന്ദര്യ സംരക്ഷണം നടത്താൻ സാധിക്കാത്തവർക്ക് അടുക്കളയിൽ തന്നെ അതിനു പ്രതിവിധിയുണ്ട്.
കണ്ണിനു കുളിർമയേകും കറുപ്പും മാറും
ചർമം തിളങ്ങാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വെള്ളരിനീര് വെറും വയറ്റിൽ കുടിക്കുന്നവരുണ്ട്. അതിനായി കരുതിയിരിക്കുന്ന വെള്ളരിയിൽ നിന്ന് രണ്ടു കഷ്ണം വട്ടത്തിൽ മുറിച്ചെടുത്ത് ഫ്രിജിനുള്ളിൽ വച്ച് തണുപ്പിച്ച ശേഷം കണ്ണിനു മുകളിൽ വയ്ക്കാം. വെള്ളരി കണ്ണിന് കുളിർമയേകുന്നതിനോടൊപ്പം കണ്ണിനടിയിലെ കറുപ്പകറ്റാനും സഹായിക്കും. ഒരു ബൗളിൽ വെള്ളരി നീരെടുത്ത് അതിൽ ഒരു കഷ്ണം പഞ്ഞി മുക്കിയ ശേഷം ആ പഞ്ഞി കണ്ണിനു മുകളിൽ വച്ച് കുറച്ചു നേരം കണ്ണടച്ചു കിടക്കണം. പഞ്ഞി ഉണങ്ങിയ ശേഷം എടുത്തുമാറ്റാം. ഈ രീതിയും മികച്ച ഫലം തരും.
ഉരുളക്കിഴങ്ങ് സൂപ്പറല്ലേ
ഫ്രഞ്ച് ഫ്രൈസ് കറുമുറാ കടിച്ചു തിന്നാൽ എല്ലാവർക്കുമിഷ്ടമാണ്. അതേ കിഴങ്ങുപയോഗിച്ച് കണ്ണിനടിയിലെ കറുപ്പിനെയും പറ പറപ്പിക്കാമെന്ന് എത്ര പേർക്കറിയാം. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ച് കണ്ണുകൾക്കു മുകളിൽ വച്ചോ, കണ്ണിനു താഴെ ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടിയോ കണ്ണിനടിയിലെ കറുത്തപാട് വേഗത്തിൽ മായ്ക്കാനാകും. തുടർച്ചയായി ഒരാഴ്ചയെങ്കിലും ഉപയോഗിച്ചാലേ മികച്ച ഫലം കിട്ടൂ.
രാത്രിയിൽ പുരട്ടാം പനിനീര്
പനിനീരിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ഒരുവിധത്തിൽപ്പെട്ട ചർമപ്രശ്നങ്ങൾക്കൊക്കെ ഉത്തര പരിഹാരമാണ്. രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപ് ഒരു പഞ്ഞിയിൽ പനിനീര് മുക്കി കണ്ണിനടിയിൽ കറുപ്പുള്ള ഭാഗത്ത് പുരട്ടിയ ശേഷം ഉറങ്ങാൻ കിടക്കാം. ദിവസങ്ങൾക്കുള്ളിൽ അദ്ഭുതപ്പെടുത്തുന്ന ഫലം ലഭിക്കും.
ബ്ലീച്ചിങ് ഇഫക്ട് നൽകും തക്കാളി
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ഠമായ തക്കാളിയും നാരങ്ങാനീരും യോജിപ്പിച്ച മിശ്രിതവും കണ്ണിനടിയിലെ കറുപ്പകറ്റാൻ നല്ലതാണ്. രണ്ടും തുല്യമായ അളവിലെടുത്ത് കണ്ണിനു താഴെ പുരട്ടിയ ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയണം. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇത് ആവർത്തിക്കാം.
നല്ല ഭക്ഷണവും നല്ല ഉറക്കവും
എത്രയൊക്കെ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ചാലും ഉറക്കവും ഭക്ഷണവും നന്നായാലേ ചർമവും മുഖവുമൊക്കെ ആരോഗ്യത്തോടെയിരിക്കൂ. അതുകൊണ്ട് പച്ചക്കറികളും പഴങ്ങളും നാരുകളടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുകയും ചെയ്യണം.