ചർമ സ്വഭാവമനുസരിച്ച് മാത്രം പരിപാലനം: സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സാറ തെണ്ടുൽക്കർ

Mail This Article
ചർമസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി സാറ തെണ്ടുൽക്കര്‍. ഫാഷൻ മാസികയായ വോഗിനു നൽകിയ അഭിമുഖത്തിലാണ് സമൂഹമാധ്യമ ഇൻഫ്ലുവൻസറും സംരംഭകയുമായ സാറ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്. ഓരോരുത്തർക്കും അവരുടെ ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സംരക്ഷണമാണ് നൽകേണ്ടതെന്നും സാറ പറഞ്ഞു.
‘നിങ്ങളുടെ കുറവുകൾ എന്തെല്ലാമാണെന്നു പരിശോധിക്കുമ്പോൾ നിങ്ങൾക്കു കൂടുതൽ പ്രശ്നങ്ങളുള്ളതായി തോന്നും. ചിലരെ കാണുമ്പോൾ എന്തൊരു ഭംഗിയാണ് അവരുടെ ചര്‍മത്തിനെന്ന് എനിക്കും തോന്നാറുണ്ട്. പക്ഷേ, ഇൻസ്റ്റഗ്രാമിലുള്ളതൊന്നും യാഥാർഥ്യമല്ലെന്ന് എനിക്ക് മനസസ്സിലായി. നിരവധി ഇൻഫ്ലുവൻസർമാർ സൗന്ദര്യസംരക്ഷണത്തിന് അവരുടെ രാത്രികാല 15 ടിപ്പുകളൊക്കെ പരിചയപ്പെടുത്താറുണ്ട്. എന്നാല്‍ അതെല്ലാം തുടർന്നു പോകാൻ വളരെ പ്രയാസമാണ്. നിങ്ങൾക്കെന്താണോ നിങ്ങളുടെ ചർമത്തിനു നല്ലതെന്നു തോന്നുന്നത് അത് ചെയ്യുന്നതാണ് ഉചിതം.’– സാറ പറഞ്ഞു.
സ്വന്തം ചർമസംരക്ഷണത്തെ കുറിച്ച് സാറ പറഞ്ഞത് ഇങ്ങനെ: ‘എന്റെ ചർമം വളരെ സെൻസിറ്റിവാണ്. രാത്രിയിൽ എന്തെങ്കിലും ആസിഡോ റെറ്റിനോളോ മുഖത്ത് ഉപയോഗിച്ചാൽ പിറ്റേന്ന് ചർമത്തിൽ ചൊറിച്ചിലുണ്ടാകും. പ്രകൃതിദത്തമാർഗങ്ങളാണ് പിന്തുടരുന്നത്. 13 വയസ്സുള്ളപ്പോൾ കൂടുതൽ ആത്മവിശ്വാസമുള്ളവളായിരിക്കണമെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു. കുട്ടിക്കാലത്ത് വളരെ വണ്ണമുള്ള ശരീര പ്രകൃതമായിരുന്നു. വളരുംതോറും നീ കൂടുതൽ ഉൾവലിയുന്ന പ്രകൃതമുള്ളവളാകുമെന്ന് ഞാൻ എന്നോടു തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് ആത്മവിശ്വാസം കൈവിടരുതെന്നും സ്വയം പറഞ്ഞിരുന്നു. ’