മാമ്പഴക്കാലമാണ്, ഇതാ, മുഖസൗന്ദര്യത്തിനു രണ്ട് സൂപ്പർ ഫെയ്സ്പാക്കുകൾ!

Mail This Article
പഴങ്ങളുടെ രാജാവ് എന്ന് മാമ്പഴത്തെ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അത് ഈ പഴത്തിന്റെ പല ഗുണങ്ങൾ കൊണ്ടാണ്. മാമ്പഴത്തിൽ ചർമത്തിനു ഗുണം ചെയ്യുന്ന വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എയ്ക്ക് ചർമത്തെ മിനുസമാർന്നതാക്കാൻ കഴിയും. അതേസമയം വൈറ്റമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
മുഖത്തെ കരുവാളിപ്പിനെ ഒഴിവാക്കുന്നതിൽ തുടങ്ങി ചർമത്തിലെ ചുളിവുകളും പാടുകളും അകറ്റാൻ വരെ മാമ്പഴം ഉപയോഗിച്ചുകൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. ഈ മാമ്പഴ സീസണിൽ നിങ്ങളുടെ ചർമത്തിന് തിളക്കവും മൃദുത്വവും നൽകാൻ 2 കിടിലൻ ഫേസ്പാക്കുകൾ പരിചയപ്പെടാം.
മാമ്പഴവും തേനും
വൈറ്റമിൻ എയുടെ സാന്നിധ്യം കാരണം മാമ്പഴ പൾപ്പ് ഒരു സ്വാഭാവിക ചർമ മോയ്സ്ചറൈസറായി പ്രവർത്തിക്കും. ചർമത്തിൽ ഉപയോഗിക്കുന്ന മാമ്പഴ പൾപ്പ് വരൾച്ച തടയാനും മൃദുവും മിനുസമാർന്നതുമായ ചർമം നിലനിർത്താൻ സഹായിക്കും. ഈ ഫെയ്സ്പാക്ക് തയാറാക്കാനായി ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂൺ ഗോതമ്പ് മാവ്, ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യണം. നല്ല കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കഴിഞ്ഞാൽ ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
മാമ്പഴവും ഓട്സും
ആന്റി ബാക്റ്റീരിയൽ സ്വഭാവ സവിശേഷതകളുള്ള ആന്റിഓക്‌സിഡന്റുകൾ മാമ്പഴത്തിലുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന രോഗാണുക്കളെ ചെറുക്കാൻ സഹായിക്കും. മാമ്പഴത്തിന്റെ പൾപ്പ് ചർമത്തിൽ പുരട്ടുന്നത് മുഖക്കുരു പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനായി ഓട്സ്, മാമ്പഴം, ബദാം എന്നിവ ഉപയോഗിച്ച് ഒരു ഫെയ്സ് പായ്ക്ക് തയാറാക്കാം. ഇത് ചർമത്തിൽ ഒരു ഓർഗാനിക് സ്‌ക്രബറായി പ്രവർത്തിക്കും. ആദ്യം രണ്ട് ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടേബിൾ സ്പൂൺ ഓട്സ്, രണ്ട് ടീസ്പൂൺ പാൽ, 3- 4 ബദാം പൊടിച്ചെടുത്തത് എന്നിവ നന്നായി മിക്സ് ചെയ്യുക. ഇത് ഒരു 15 മുതൽ 20 മിനിറ്റ് വരെ മുഖത്ത് തേച്ചു പിടിപ്പിക്കുക. ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക. മാറ്റം നിങ്ങൾക്ക് കണ്ടറിയാം.