Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പം നിലനിർത്താൻ അഞ്ചു മന്ത്രങ്ങൾ

style tips

യുവത്വം. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. ചർമസൗന്ദര്യം, ശരീരത്തിന്റെ ഫിറ്റ്നെസ്, മാനസികമായ ഉണർവും ഊർജവും പ്രസന്നതയും.... ഇതെല്ലാം ഒന്നു ചേർന്നതാണ് യുവത്വം.

പക്ഷേ, യൗവനത്തിന്റെ പ്രസരിപ്പിൽ നിൽക്കുമ്പോൾ നമ്മളാരും തന്നെ അതിന്റെ മൂല്യം തിരിച്ചറിയുന്നില്ല. തെറ്റായ ജീവിതശൈലികൾ പെട്ടെന്ന് തന്നെ ചെറുപ്പത്തെ നഷ്ടപ്പെടുത്തുന്നു. അതേ സമയം, ഒന്നു മനസുവച്ചാൽ യൗവനം അതിന്റെ ഊർജസ്വലതയോടെ ദീർഘകാലം കാത്തു സൂക്ഷിക്കാൻ കഴിയും. 30—കളുടെ ചെറുപ്പം നാൽപതുകളിലും നിലനിർത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതിൽ നിരവധി കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്.

ശരീരത്തെ സംരക്ഷിക്കുന്ന സൂപ്പർ ഫൂഡ്സിന്റെ പാചകം തൊട്ട്, വ്യായാമം ശീലമാക്കൽ, മെഡിറ്റേഷൻ, ശരിയായ വിശ്രമം, മനസിനെ ഉണർത്തുന്ന യാത്രകൾ, നല്ല സൗഹൃദങ്ങൾ, സമ്മർദങ്ങളെ അകറ്റൽ.... ഇങ്ങനെ പലതും. വിദേശയാത്ര പോകുന്നതുതൊട്ട് വെറുതെ മുറ്റത്തെ പൂന്തോട്ടത്തിലൂടെ നടക്കുന്നതു വരെ... മോണിങ് വാക്ക് തൊട്ട്, ഇഷ്ടപ്പെട്ട ഹോബിക്കായി നേരം നീക്കിവയ്ക്കുന്നതു വരെ. പ്രായത്തെ ചെറുക്കാനും യൗവനത്തെ സംരക്ഷിക്കാനും ഇനി പറയുന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ പാലിച്ചു നോക്കൂ. വെറും ആറുമാസം കൊണ്ട് പോലും മറ്റുള്ളവർ പറയും— നിങ്ങളിപ്പോൾ എത്രമാത്രം ചെറുപ്പമായിരിക്കുന്നു! എന്ന്.

മന്ത്രം 1: ഈ സൂപ്പർ ഫൂഡ്സ് ശീലമാക്കുക

ആഹാരത്തിന് മാജിക്കുകൾ തന്നെ സൃഷ്ടിക്കാൻ കഴിയും. പ്രായത്തിന്റെ മാറ്റങ്ങൾക്കെതിരെ ശരീരത്തിന് സംരക്ഷണമേകുന്ന നിരവധി ആഹാരവസ്തുക്കളുണ്ട്. ശരീരത്തിൽ കൊഴുപ്പടിയാതിരിക്കാൻ കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുക. എപ്പോഴും നമുക്ക് വയർ നിറഞ്ഞുവെന്നു തോന്നുംവരെ കഴിക്കാതിരിക്കുക.

∙ ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ആഹാരമാണ് ശരീരത്തിനു യുവത്വം നൽകുന്നത്. കടുംനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കുക. ഉദാ: ആപ്പിൾ, പപ്പായ, ഓറഞ്ച്, ബീറ്റ്റൂട്ട്, മുന്തിരി, മാമ്പഴം, കാപ്സിക്കം... ഇങ്ങനെ. റെയിൻബോ ഫൂഡ് എന്നാണ് ഈ ആഹാരരീതി അറിയപ്പെടുന്നത്.

∙ വൈറ്റമിൻ സി അടങ്ങിയ ആഹാരം ചർമത്തിലെ പിഗ്മെന്റേഷനെ (കറുത്ത പാടുകൾ) തടയുന്നു. സിട്രസ്, ഫ്രൂട്ടിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ലൈം ജ്യൂസ് നിത്യവും കുടിക്കുക. ഒരു നെല്ലിക്ക നിത്യേന കഴിക്കുക.

∙ ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം ഒരിക്കലും കുറഞ്ഞുപോവരുത്.

∙ ഗ്രീൻ ടീ നിത്യവും രാവിലെ കുടിക്കുക. ജപ്പാൻകാരുടെയും ചൈനക്കാരുടെയും ആരോഗ്യരഹസ്യം അവർ നിത്യവും ഗ്രീൻ ടീ കുടിക്കുമ്പോൾ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയരുന്നു. ഗ്രീൻ ടീയിൽ നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിച്ചാൽ കൂടുതൽ നന്ന്.

∙ വെളുത്തുള്ളി ആഹാരത്തിലുൾപ്പെടുത്തുകയോ രണ്ടു മൂന്ന് അല്ലികൾ ചവച്ചു തിന്നുകയോ ചെയ്യുന്നതോ നല്ലതാണ്. വെളുത്തുള്ളി രോഗപ്രതിരോധശക്തി പ്രദാനം ചെയ്യുന്നു.

∙ റെഡ് വൈൻ പ്രായത്തെ ചെറുക്കാൻ നല്ലതാണെന്ന് നിരവധി പഠനങ്ങൾ. ആഹാരം ആഗിരണം ചെയ്യാനും സഹായിക്കുന്നു. വീട്ടിൽ തയാറാക്കുന്ന മുന്തിരിവൈൻ ദിവസം 15 മില്ലി ഒരു മരുന്നു പോലെ കഴിച്ചാൽ ഗുണം ചെയ്യും.

∙ കഴിയുന്നതും ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയിലെ കീടനാശിനിയുടെ അംശങ്ങൾ കളയാനും ശ്രദ്ധിക്കണം. അരമണിക്കൂറെങ്കിലും ഉപ്പിട്ട വെള്ളത്തിലിട്ടു വയ്ക്കണം. ടാപ്പിനടിയിൽ പിടിച്ച് നന്നായി കഴുകണം.

∙ നട്സ് (ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ) നിത്യഭക്ഷണത്തിലുൾപ്പെടുത്തുക. നട്സിലെ കൊഴുപ്പ് ചർമത്തിലെ കൊളാജൻ അയഞ്ഞു പോകാതെ സംരക്ഷിക്കുന്നു. ദിവസവും ഒരു വലിയ സ്പൂൺ (30 ഗ്രാം) നട്സ് കഴിക്കുക.

∙ ഒഴിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്. വൈറ്റ് പോയ്സൺ എന്നറിയപ്പെടുന്ന പഞ്ചസാര, ട്രാൻസ് ഫാറ്റുകൾ (വനസ്പതി പോലുള്ള എണ്ണകൾ) ഇവ കൊണ്ടു തയാറാക്കുന്ന ബേക്കറി പലഹാരങ്ങൾ, സോസുകൾ തുടങ്ങിയവ.

∙ പ്രായത്തെ ചെറുക്കാൻ സഹായിക്കുന്ന മാന്ത്രിക ആഹാരമാണ് ബ്രൊക്കോളി. ഇത് മനസിന് നല്ല മൂഡ് നൽകും.

∙ ആഴ്ചയിൽ ഏതെങ്കിലും മൂന്ന് നിറത്തിലുള്ള പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. (ഉദാ: മുന്തിരി, പപ്പായ, മാതളം....ഇങ്ങനെ പല നിറങ്ങൾ നോക്കി പഴങ്ങൾ കഴിക്കുക.)

∙ ഹോൾ വീറ്റ് ആഹാരങ്ങളിലടങ്ങിയിരിക്കുന്ന വീറ്റ് ജെം ചർമത്തെ സംരക്ഷിക്കുന്നു. ഗോതമ്പുപൊടി, ബ്രെഡ് തുടങ്ങിയവ വാങ്ങുമ്പോൾ ഹോൾ വീറ്റ് നോക്കി വാങ്ങുക.

∙ സാലഡ്സ്, സൂപ്പ്സ് ഇതു മാത്രമായാൽ പ്രോട്ടീനിന്റെ അളവു കുറയും. പ്രോട്ടീൻ ലഭിക്കാൻ പാട നീക്കിയ പാൽ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, സോയാബീൻ ഇവ കഴിക്കുക.

∙ ഹൃദയത്തെ സംരക്ഷിക്കാൻ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം (അയല, മത്തി, ട്യൂണ) ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സമൃദ്ധമായി ഭക്ഷണത്തിലുൾപ്പെടുത്തുക. ഒലിവ് ഓയിലിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉണ്ട്.

മന്ത്രം 2: ചർമത്തിനു വേണം സംരക്ഷണം

പ്രായത്തെ ചെറുക്കാനുള്ള ചർമസംരക്ഷണം ഇരുപതുകളുട അവസാനം തന്നെ ചെയ്തു തുടങ്ങുന്നതാണ് നല്ലത്. കാരണം ഈ പ്രായത്തിൽ തന്നെ ചർമത്തിനു പ്രായമേറുന്നതിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നു. നമ്മൾ ശ്രദ്ധിക്കുന്നില്ലെങ്കിലും. ചുളിവുകൾ, ചർമത്തിൽ വരൾച്ച, കറുത്തപാടുകൾ മുതലായവ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.

∙ ചർമസംരക്ഷണത്തിന് അടിസ്ഥാനമായത് നാലു കാര്യങ്ങളാണ്. ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ്, സൺപ്രൊട്ടക്ഷൻ. ഇതു നിത്യവും ചെയ്യണം. നിങ്ങളുടെ ചർമത്തിന്റെ സ്വഭാവമനുസരിച്ചു വേണം ഇതിനുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കേണ്ടത്. ചർമം എണ്ണമയമുള്ളതാണോ അല്ലാത്തതാണോ എന്നു നോക്കി ഏറ്റവും വിശ്വാസ്യതയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുക.

∙ ക്ലെൻസിങ് ചർമത്തിലെ അഴുക്ക് നീക്കുന്നു. ഫെയ്സ് വാഷോ ക്ലെൻസിങ് മിൽക്കോ ഉപയോഗിച്ച് ചർമം വൃത്തിയാക്കുക. ഒരിക്കലും മുഖചർമം അമർത്തി തുടയ്ക്കരുത്.

∙ ടോണിങ്ങിനുള്ള ഉൽപന്നങ്ങളിൽ ആൽക്കഹോൾ അടങ്ങിയിരിക്കും. അതിനാൽ വരണ്ട ചർമമാണെങ്കിൽ സ്കിൻ ടോണർ ഉപയോഗിക്കേണ്ടതില്ല.

∙ കുളികഴിഞ്ഞ് മോയിസ്ചറൈസിങ് ക്രീം ദേഹം മുഴുവനും പുരട്ടുക. കറ്റാർവാഴ (ആലോവേര) അടങ്ങിയ ക്രീമുകളാണ് ഏറ്റവും നല്ലത്.

∙ സൺ പ്രൊട്ടക്ഷൻ ക്രീം പതിവായി ഉപയോഗിക്കുന്നതാണ് പ്രായമാകുന്നതിനെ തടയാനുള്ള ഏറ്റവും പ്രധാനകാര്യം. രാവിലെ പുറത്തുപോകുമ്പോൾ മോയിസ്ചറൈസർ പുരട്ടിയ ശേഷം സൺ സ്ക്രീൻ തേയ്ക്കുക. മുഖം, കഴുത്ത്, കൈകൾ... ഇങ്ങനെ വെയിലേൽക്കുന്ന ഭാഗങ്ങളിലെല്ലാം സൺ സ്ക്രീൻ പുരട്ടണം. എസ് പി എഫ് 30 എങ്കിലും അടങ്ങിയ ക്രീമാവണം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്. ജെൽ ബേസ്ഡ് (വാട്ടർ ബേസ്ഡ്) സൺ സ്ക്രീൻ വേണം ഉപയോഗിക്കാൻ. 2—3 മണിക്കൂർ കൂടുമ്പോൾ ക്രീം പുരട്ടണം. സൺസ്ക്രീൻ തേച്ച ശേഷമേ മേക്കപ്പ് ചെയ്യാവൂ.

∙ കൈകൾ ഇടയ്ക്കിടെ കഴുകുന്നത് കൈകളുടെ മോയിസ്ചറൈസേഷൻ നഷ്ടപ്പെടുത്തുന്നു. എപ്പോൾ കൈ കഴുകിയാലും കൈകളിൽ മോയിസ്ചറൈസർ പുരട്ടുക.

∙ കൺതടങ്ങളിലെ കറുപ്പാണ് പ്രായത്തിന്റെ അടയാളം. കറുപ്പ് വരാൻ കാരണമെന്താണെന്ന് കണ്ടുപിടിച്ച് അതു പരിഹരിക്കണം. ജനിതകകാരണം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്.... പല കാരണങ്ങളാൽ കറുപ്പ് വരാം. കൺതടങ്ങളിലെ കറുപ്പകറ്റാൻ ചില സംരക്ഷണമാർഗങ്ങളുണ്്. കണ്ണുകൾ അടച്ച് മുകളിൽ നനച്ച ടീ ബാഗ് വച്ച് 10 മിനിറ്റ് വിശ്രമിക്കുക. വെള്ളരിക്കാനീര് പുരട്ടുക. വൈറ്റമിൻ ഇ അടങ്ങിയ അണ്ടർ എക്രെീമോ ബദാം ഓയിലോ വൈറ്റമിൻ ഇ ഗുളിക പൊടിച്ചത് ബദാംഓയിലിൽ ചാലിച്ചതോ പുരട്ടുക.

∙ ആഴ്ചയിൽ 2 ദിവസം എണ്ണതേച്ചു കുളിക്കുക.

∙ രാത്രി കിടക്കും മുമ്പ് കൈകളും പാദങ്ങളും വൃത്തിയാക്കി കഴുകി തുടച്ച് ആന്റി റിങ്കിൾ ക്രീം പുരട്ടുക.

∙ ആഴ്ചയിലൊരിക്കൽ പലതരം പഴങ്ങൾ അരിഞ്ഞ് മിക്സിയിലരച്ച് മുഖത്ത് 20 മിനിറ്റ് നേരം ഫേസ്പാക്ക് ഇടുക. മാസത്തിലൊരിക്കൽ ഫ്രൂട്ട് ഫേഷ്യൽ ചെയ്യുന്നതു നല്ലതാണ്.

∙ പ്രായം കൂടുന്തോറും മുഖത്തെ ചർമത്തിന്റെ ടോൺ നഷ്ടപ്പെടുന്നു. കൊഴുപ്പ് കൂടും. കഴുത്തിന് കറുപ്പേറും. ഇതിനെല്ലാമെതിരേ ഇരുപതുകളുടെ അവസാനം തൊട്ടേ സംരക്ഷണം നൽകിത്തുടങ്ങിയാൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വളരെ വൈകിക്കാൻ കഴിയും.

മന്ത്രം 3: വ്യായാമം ചെയ്യൂ, സ്മാർട്ട് ആവൂ

യുവത്വം നിലനിർത്താൻ ഏറ്റവും പ്രധാനമായ 3 കാര്യങ്ങൾ ശ്രദ്ധിക്കുക. 1. ബോഡി ഷേപ്പ് നിലനിർത്തുക. 2. കുടവയർ ചാടാതെ നോക്കുക. 3. മുഖത്തിന് പ്രായമേറുന്നതിന്റെ ലക്ഷണങ്ങൾ ബാധിക്കാതിരിക്കാൻ മുഖ്യവ്യായാമങ്ങൾ ചെയ്യുക.

വ്യായാമം ശരീരത്തിലെ മുഴുവൻ മസിലുകൾക്കും ആവശ്യമാണ്. വ്യായാമമില്ലാതായാൽ മസിലുകൾ അയഞ്ഞ് വേഗം വാർധക്യത്തിനു കീഴ്പെടും. വ്യായാമം മനസിനു ഗുണം ചെയ്യും. ഈ സമയത്ത് ഉൽപാദിപ്പിക്കുന്ന എൻഡോർഫിൻ ഹോർമോണുകൾ ഉന്മേഷം പ്രദാനം ചെയ്യുന്നു. 25—30 വയസു തൊട്ടേ ചിട്ടയായ വ്യായാമം ശീലമാക്കുക.

∙ വ്യായാമം രണ്ടു തരത്തിലാണ്. 1. കാർഡിയോ വാസ്കുലർ വ്യായാമം (എയറോബിക് വ്യായാമം). 2. മസിൽ സ്ട്രെങ്തനിങ് വ്യായാമം (അനെയറോബിക് വ്യായാമം). ഈ രണ്ടുതരം വ്യായാമങ്ങളും ശരീരത്തിന് വേണം.

∙ ആഴ്ചയിൽ 3—5 ദിവസം വരെ നടപ്പ്, ജോഗിങ് തുടങ്ങിയവ അരമണിക്കൂർ നേരം ചെയ്യുക. പ്രായമേറുന്തോറും ഹൃദയത്തിന്റെ പേശികൾക്ക് ക്ഷീണം സംഭവിക്കുന്നു. നടപ്പ്, നീന്തൽ തുടങ്ങിയവയിലൂടെ ഹൃദയത്തിന്റെ ശക്തി കൂട്ടാം.

∙ മസിൽ സ്ട്രെങ്തനിങ് വ്യായാമങ്ങളും അരമണിക്കൂർ നേരം ചെയ്യണം. ഇത് ആദ്യം ഒരു ഫിറ്റ്നസ് സെന്ററിൽ പോയി വിദഗ്ധരുടെ മേൽനോട്ടത്തിൽ ചെയ്തു തുടങ്ങുക.

∙ കുടവയർ മാറാൻ വയറിന്റെ മസിലുകൾക്കു വേണ്ടിയുള്ള പ്രത്യേക വ്യായാമങ്ങളും ഫിറ്റ്നസ് വിദഗ്ധന്റെ ഉപദേശമനുസരിച്ച് ദിവസവും ചെയ്യണം. ഭക്ഷണം കഴിച്ച് ഉടനെ കിടക്കരുത്. രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞേ കിടക്കാവൂ.

∙ പ്രായമേറുന്നത് പെട്ടെന്ന് പ്രതിഫലിക്കുന്നത് മുഖത്താണ്. പേശികൾ അയഞ്ഞു തൂങ്ങുക. കണ്ണുകൾക്കു താഴെ കറുപ്പ്, ഇരട്ടത്താടി....ഇതെല്ലാം വരുന്നു. പതിവായ വ്യായാമങ്ങളിലൂടെ മുഖപേശികൾക്ക് ബലം നൽകിയാൽ ഇത് ഒരു പരിധി വരെ തടയാം. മുഖത്തെ രക്തയോട്ടം കൂട്ടാനും സഹായിക്കും.

∙ നന്നായി ചിരിക്കാനുള്ള ഒരു സന്ദർഭവും പാഴാക്കരുത്. പൊട്ടിച്ചിരി മുഖത്തെ പേശികൾക്ക് നല്ല വ്യായാമമാണ്.

∙ മുഖത്തിന്റെ എക്സർസൈസ് കഴിയുന്നതും തനിച്ചിരുന്ന് ചെയ്യുന്നതാണ് നല്ലത്. കാരണം, ഇവ മറ്റുള്ളവരിൽ ചിരിയുണർത്താം. ഒന്നിടവിട്ട ദിവസം ചെയ്താൽ മതി.

∙ വെറുതെ ഇരുന്നിട്ട്, പുരികം നല്ലവണ്ണം ഉയർത്തുക. കണ്ണുകൾ മിഴിച്ചു പിടിക്കണം. പിന്നെ കണ്ണുകളടച്ച് പുരികം താഴ്ത്തി റിലാക്സ് ചെയ്യുക. 10—15 പ്രാവശ്യം ആവർത്തിക്കുക. (നെറ്റിക്കും കണ്ണുകൾക്കുമാണ് ഈ വ്യായാമം)

∙ വെറുതെ ഇരിക്കുക. വായ ‘ഓ എന്ന് ഉച്ചരിക്കുന്ന വിധം തുറന്ന പിടിക്കുക. ഇനി ഈ എന്ന് ഉച്ചരിക്കുന്ന വിധം നല്ലവണ്ണം ചിരിക്കുക. ഓ— ഈ വ്യായാമം എന്നാണിതിന്റെ പേര്. കവിളുകളിലെ മസിലുകൾക്കാണ് പ്രയോജനം.

∙ ഡബിൾ ചിൻ അകറ്റാൻ— വെറുതെ ഇരിക്കുക. കൈപ്പത്തി നിവർത്തി പിടിച്ച് താടിയുടെ അടിവശത്ത് പതുക്കെ വേദനിക്കാത്ത വിധം തട്ടുക. പല തവണ ആവർത്തിക്കുക.

∙ മുഖത്തിന്റെ താഴത്തെ മോണ തള്ളിപ്പിടിച്ച് വായ് അടച്ചുപിടിച്ച് നേരെ മുകളിലേക്കു നോക്കുക. മുഖം ഉയർത്തി പിടിക്കണം. കഴുത്ത് നന്നായി വലിഞ്ഞു നിൽക്കണം. ഇനി റിലാക്സ് ചെയ്യുക. ഇതുതന്നെ മുഖം ഇരു വശങ്ങളിലേക്കും തിരിച്ചു പിടിച്ചും ചെയ്യുക. 10 തവണ ആവർത്തിക്കുക.

∙ വായ് സാധാരണ പോലെ വച്ച് താടി ഉയർത്തി മുകളിലോട്ട് നോക്കുക. നാക്കിന്റെ അറ്റം ഉയർത്തി വായുടെ ഉള്ളിലെ മേൽഭാഗത്ത് സ്പർശിക്കുക. ഇനി ചെറിയ ഒരു ചിരി വരുത്തി, എന്തെങ്കിലും വിഴുങ്ങുന്നതുപോലെ തൊണ്ട ചലിപ്പിക്കുക. ആദ്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നും. പക്ഷേ, ഈ വ്യായാമം മുഖത്തെ പേശികൾക്ക് ഗുണം ചെയ്യുന്നു. ഇരട്ടത്താടി അകറ്റാൻ സഹായിക്കും. 5 തവണ ആവർത്തിക്കുക.

മന്ത്രം 4: മുടിയെ അൽപം കെയർ ചെയ്യൂ

തിളങ്ങുന്ന മൃദുവായ മുടി യൗവനത്തിന്റെ ലക്ഷണമാണ്. മുടിക്ക് ശരിയായ പരിചരണം നൽകാൻ നാടൻ മാർഗങ്ങളാണ് ഉചിതം. രാസവസ്തുക്കളെ കഴിയുന്നതും മുടിയിൽ നിന്ന് അകറ്റി നിർത്തുക.

∙ 20—25 വയസു വരെ മുടിക്ക് പ്രശ്നങ്ങളുണ്ടാകാറില്ല. ഈ സമയത്ത് ഗ്രന്ഥികളുടെ പ്രവർത്തനം സുഗമമായതിനാൽ മുടിക്ക് ആരോഗ്യം കാണും. ഈ പ്രായം തൊട്ടേ മുടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ദീർഘകാലം ഈ സൗന്ദര്യം കാത്തു സൂക്ഷിക്കാം.

∙ മുടിക്ക് കെമിക്കൽ ട്രീറ്റ്മെന്റ് (സ്ട്രെയ്റ്റനിങ്, സ്മൂത്തനിങ്, കളറിങ് തുടങ്ങിയവ) ഒരിക്കലും ചെയ്യരുത്. പ്രത്യേകിച്ചും 25 വയസിനു മുമ്പ്. ഈ ട്രീറ്റ്മെന്റുകൾ മുടിയുടെ സ്വാഭാവികത നശിപ്പിക്കും. ഇവ താൽക്കാലിക ഭംഗി മാത്രമാണ് നൽകുക. മുടി കൊഴിച്ചിൽ, വരൾച്ച, മുടിപൊട്ടൽ തുടങ്ങിയവയായിരിക്കും അനന്തരഫലം. മുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്തമാർഗങ്ങൾ സ്വീകരിക്കുക.

∙ ഹോട്ട് ഓയിൽ മസാജ് ആഴ്ചയിൽ രണ്ടുതവണ ചെയ്യുക. എണ്ണ അൽപം ചൂടാക്കി തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഇത് തലയിലെ രക്തയോട്ടം കൂട്ടുന്നു.

∙ ഷാംപൂവിനു പകരം ചെമ്പരത്തി താളിയോ ചീവയ്ക്കാ പൊടിയോ ഉപയോഗിച്ചു മുടി കഴുകുക.

∙ കണ്ടീഷണറിനു പകരം മുട്ടയുടെ വെള്ളയും കറ്റാർവാഴയുടെ ഇലയിലെ പൾപ്പും (ആലോവേര ജെൽ) ഉപയോഗിക്കാം. അല്ലെങ്കിൽ തൈര് ഉപയോഗിക്കാം.

∙ കഞ്ഞിവെള്ളം മുടിക്ക് നല്ല പ്രോട്ടീൻ ആണ്. തലേന്നത്തെ കഞ്ഞിവെള്ളത്തിൽ ചീവയ്ക്കാപ്പൊടിയോ ഉലുവ കുതിർത്തരച്ചതോ കലർത്തി മുടിയിൽ തേച്ച് അരമണിക്കൂറിനുശേഷം വൃത്തിയായി മുടി കഴുകുക. ഇത് മുടിയെ സ്മൂത്ത് ആക്കും. തലവേദനയ്ക്കു പോലും ശമനം ലഭിക്കും.

∙ ഓയിൽ മസാജ് ചെയ്ത ശേഷം മാത്രം ഹെന്ന ഇടുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഇടാതെ കഴുകി കളയുക. വീട്ടിലെ മൈലാഞ്ചിച്ചെടിയുടെ ഇല അരച്ചതാണ് നല്ലത്.

∙ മുട്ടവെള്ളയും ത്രിഫലപ്പൊടിയും ചേർത്ത് തലയിൽ തേക്കുന്നത് മുടിക്ക് പോഷണമേകി അകാലനര തടയുന്നു.

∙ ഒരു നര കണ്ടാൽ അപ്പോഴേ ഹെയർഡൈ ചെയ്യരുത്. ത്രിഫല കുതിർത്ത് അരച്ചെടുത്ത് തലയിൽ തേയ്ക്കുക. അരമണിക്കൂർ വച്ചിട്ട് ചീവയ്ക്കാപ്പൊടി കൊണ്ട് കഴുകി കളയുക. പതിവായി ചെയ്താൽ അകാല നര തടയാം.

∙ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ പതിവായി തേയ്ക്കുന്നതും അകാലനരയെ അകറ്റും.

∙ ത്രിഫല പൊടിച്ചത്, ഉലുവ കുതിർത്ത് അരച്ചത്, മുട്ടവെള്ള (പകരം തൈര്) എന്നിവ ചേർത്ത് തലയോട്ടിയിലും മുടിയിലും ആഴ്ചയിലൊരിക്കൽ പുരട്ടുന്നത് മുടിക്ക് പോഷണം നൽകും. ചെറിയ പ്രായത്തിലേ ഇതു ശീലമാക്കിയാൽ മുടി തഴച്ചു വളരും. കുട്ടികൾക്കും നല്ലതാണിത്.

∙ താരൻ അകറ്റാൻ ചെറിയ ഉള്ളി അരച്ച് മുട്ടയുടെ കൂടെ ചേർത്ത് തലയോട്ടിയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം.

∙ കുളിച്ചശേഷം നല്ലവണ്ണം ഉണങ്ങിക്കഴിഞ്ഞേ മുടി കെട്ടി വയ്ക്കാവൂ.

∙ കെമിക്കൽ ട്രീറ്റ്മെന്റുകൾ നല്ലതല്ലെങ്കിലും ചില മുടികൾക്ക് അത് അത്യാവശ്യമാകു.ം ഡാമേജ്ഡ് ആയ മുടി, ചുരുണ്ട് കൈകാര്യം ചെയ്യാനാവാത്ത മുടി തുടങ്ങിയവയ്ക്ക് കെരാറ്റിൻ ട്രീറ്റ്മെന്റ്, സ്പാ, പ്രോട്ടീൻ ട്രീറ്റ്മെന്റ് തുടങ്ങിയവ വേണ്ടിവരും. വിദഗ്ധ ബ്യൂട്ടീഷന്റെ സഹായത്തോടെ മാത്രം ഇത് ചെയ്യുക. ട്രീറ്റ്മെന്റിനു ശേഷം ബ്യൂട്ടീഷൻ നിർദേശിക്കുന്ന പ്രത്യേക ഷാംപൂവും കണ്ടീഷണറും തുടർന്നുപയോഗിക്കണം.

∙ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ ഷാംപൂവും കണ്ടീഷണറും പൂർണമായും ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഷാംപൂ നേരിട്ട് തലയിൽ തേക്കരുത്. തല കുനിച്ച് പിടിച്ച് ആദ്യം മുടി നന്നായി നനച്ച ശേഷം ഷാംപൂ അൽപം വെള്ളത്തിൽ കലർത്തി മുടിയിലും തലയോട്ടിയിലും തേക്കുക. ഒന്നു രണ്ടു മിനിറ്റ് മസാജ് ചെയ്തശേഷം കഴുകിക്കളയുക. ഒരംശം പോലും മുടിയിൽ അവശേഷിക്കരുത്. കണ്ടീഷണറും തല കുനിച്ച് പിടിച്ച്, തലയോട്ടിയിൽ പറ്റാതെ മുടിയിൽ മാത്രം പുരട്ടുക. നന്നായി കഴുകിക്കളയണം. മുടിയിൽ തൊട്ടാൽ വഴുവഴുപ്പ് തോന്നാത്ത വിധത്തിൽ നല്ല വൃത്തിയായി കഴുകണം.

∙ ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ മുടിയെ ബാധിക്കും. അവ പരിഹരിക്കാൻ ആദ്യമേ ശ്രദ്ധിക്കുക. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ആഹാരം നിത്യവും കഴിക്കണം.

മന്ത്രം 5: സ്ട്രെസ് അകറ്റൂ, പോസിറ്റീവാകൂ

ചെറുപ്പം നിലനിർത്താൻ നമ്മുടെ മനസിന്റെ സമീപനവും പ്രധാനം. ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ സൗഖ്യവും തമ്മിൽ ബന്ധപ്പെട്ടാണിരിക്കുന്നത്.

∙ മാനസിക സമ്മർദം അകറ്റുക. സമ്മർദം കൂടുമ്പോൾ കോശങ്ങൾ വേഗം നശിക്കുന്നു. എത്ര പ്രശ്നങ്ങൾക്കു നടുവിലും ശുഭാപ്തിവിശ്വാസം കൈവെടിയാതിരിക്കുക. മൂഡോഫിന്റെ ദിനങ്ങൾ എല്ലാവർക്കും കാണും. പക്ഷേ, അതിലാഴ്ന്നു പോകാതെ കരകയറാൻ കഴിയണം . ∙ ഇഷ്ടസ്ഥലത്തേക്കുള്ള യാത്ര, പ്രിയപ്പെട്ട ആഹാരം, പ്രിയ സുഹൃത്തുക്കൾ ഇതു മൂന്നും മനസിന് ഉല്ലാസം തരുന്നു.

∙ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലവും വീടും വൃത്തിയാക്കി വയ്ക്കുക. പോസിറ്റീവ് എനർജി ചുറ്റും നിറയണം.

∙ ഇന്നലെകളെക്കുറിച്ചോർത്ത് പശ്ചാത്തപിച്ചിട്ട് ഒരു കാര്യവും ഇല്ല. നാളെ എന്താവും എന്ന കണക്കു കൂട്ടൽ വേണം. പക്ഷേ, നാളെയെക്കുറിച്ച് അമിതമായി ആധിയും വേണ്ട.

∙ ടൈം മാനേജ്മെന്റ് ഇല്ലാത്തത് സ്ട്രെസ് ഉണ്ടാക്കുന്നു. നാളെ ചെയ്യാനുള്ള കാര്യങ്ങളെപ്പറ്റി ഇന്ന് രാത്രി കിടക്കും മുമ്പേ ഒരു ടു ഡൂ ലിസ്റ്റ് ഉണ്ടാക്കി നോക്കൂ. നല്ല ഉറക്കം കിട്ടും. രാവിലെ എണീറ്റിട്ട്, വെപ്രാളം പിടിച്ച് ഓടേണ്ടിയും വരില്ല. തെളിഞ്ഞ മനസോടെയാവുമ്പോൾ നല്ല തീരുമാനങ്ങളെടുക്കാനും നന്നായി വർക്ക് ചെയ്യാനും സാധിക്കും. അപ്പോൾ നല്ല ഫലവും കിട്ടും.

ചെയ്ത കാര്യങ്ങളുടെ നേരെ ടിക് ഇടുക. അത്രയും ചെയ്തല്ലോ എന്ന പോസിറ്റീവ് എനർജി തോന്നും. നമ്മൾ ഒരു ജോലി പൂർത്തിയാക്കുമ്പോൾ, മനസിന് തൃപ്തി വരുമ്പോൾ തലച്ചോറിലെ പോസിറ്റീവ് ഹോർമോണായ ഡോപമിന്റെ നില ഉയരുന്നു. ഇത് ചെറുപ്പത്തിന്റെ ചുറുചുറുക്ക് പ്രദാനം ചെയ്യുന്നു. എപ്പോഴും ഡോപമിൻ നില ഉയർന്നു നിർത്താനാണ് ശ്രമിക്കേണ്ടത്. അമിതമായ ഡിപ്രഷൻ വരുമ്പോൾ ഡോപമിന്റെ അളവ് വല്ലാതെ താണുപോകും.

∙ രാവിലെ കുറഞ്ഞത് അരമണിക്കൂർ നടക്കുക. വീട്ടിലിരുന്ന് ചെയ്യുന്ന വ്യായാമത്തെക്കാൾ എത്രയോ ഇരട്ടി ഫലപ്രദമാണ് പുറത്തെ ഫ്രെഷ് അന്തരീക്ഷത്തിൽ ചെയ്യുന്ന വ്യായാമങ്ങൾ. വീട്ടുജോലികൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത് ഒരിക്കലും വ്യായാമത്തിന്റെ ഫലം ചെയ്യുന്നില്ല.

∙ ദിവസം 15 മിനിറ്റ് നേരം മെഡിറ്റേറ്റ് ചെയ്യണം. അതു കഴിഞ്ഞ് 15 മിനിറ്റ് നേരം വെറുതെ സിംപിൾ ബ്രീത്ത് എക്സർസൈസ് ചെയ്യുക. നല്ല റിലാക്സേഷൻ ലഭിക്കും.

∙ പ്രശ്നങ്ങളുണ്ടെങ്കിൽ എപ്പോഴും അവയെപ്പറ്റി ചിന്തിക്കാതെ പരിഹരിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. നിങ്ങൾ പരീക്ഷിക്കാത്ത വഴികൾ ഇനിയും കാണും.

∙ മറ്റുള്ളവരോട് സഹായം അഭ്യർഥിക്കാനും പ്രശ്നങ്ങൾ പങ്കിടാനും ഒരിക്കലും മടിക്കരുത്.

∙ ഏതു പ്രശ്നത്തിനും ഒരു ബെസ്റ്റ് കൺസൾട്ടന്റിനെ കണ്ടാൽ പരിഹാരമുണ്ടാവും. വണ്ടി കേടാവുമ്പോൾ നിങ്ങൾ മികച്ച മെക്കാനിക്കിനെ ഏൽപ്പിക്കുകയില്ലേ? ജീവിതത്തിലെ പ്രശ്നങ്ങളിലും വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുക.

∙ ദിവസം നല്ലൊരു പോസിറ്റീവ് ബുക്കിന്റെ 20 പേജെങ്കിലും വായിക്കുന്നത് മനസിന് ഒരു ടോണിക് പോലെയാണ്.

∙ നെഗറ്റീവ് വാക്കുകൾ പറയില്ലെന്ന് പ്രതിജ്ഞയെടുക്കുക.

∙ കുട്ടികളോട് കൂട്ടു കൂടുന്നതും അവരുമായി സമയം ചെലവിടുന്നതും കളിക്കുന്നതും ചെറുപ്പം നിലനിർത്തുന്നു.

∙ ജന്മദിനങ്ങൾ ആഘോഷിക്കുക. ഒരു വയസ് കൂടിയെന്നോർത്ത് വിഷമിക്കേണ്ട. കുട്ടികൾ എത്ര ആഹ്ലാദത്തോടെയാണ് ജന്മദിനങ്ങളെ കാത്തിരിക്കുന്നത്. പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും സന്തോഷം പങ്കിടാനുമുള്ള വേളയാണത്.