Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും ഒരാഴ്ച കൊണ്ട് മനോഹരിയാകാം

skin

ഒരാഴ്ച ചിട്ടയായി ഭക്ഷണം ക്രമീകരിച്ച് ശരീരം ടോൺചെയ്ത് എടുക്കാറില്ലേ? അതുപോലെ തന്നെ ചിട്ടയോടെ പരിചരിച്ച് ചർമവും മുഖവും മുടിയും നിങ്ങൾക്കുതന്നെ ടോൺ ചെയ്ത് എടുക്കാം. കൂടുതൽ മൃദുവായ ചർമവും വെട്ടിത്തിളങ്ങുന്ന മുടിയും സ്വന്തമാക്കാം. കൂട്ടുകാരിയുടെ വിവാഹ വിരുന്നിലും ചേച്ചിയുടെ മകളുടെ പിറന്നാളിനും സ്റ്റാറായി തിളങ്ങാൻ ഇതാ ഒരു പെർഫെക്റ്റ് പ്ലാൻ.

Day 1

ആദ്യ ദിവസം ചർമം നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്. രോമകൂപങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും വൈറ്റ് ഹെഡ്സുമെല്ലാം നീക്കാൻ സോപ്പോ ഫെയ്സ്വാഷോ വേണ്ട. രണ്ടു ബദാം പൊടിച്ച് അൽപം തേനിൽ കുതിർത്ത് മുഖത്തു പുരട്ടി വട്ടത്തിൽ തിരുമിപ്പിടിപ്പിച്ചാൽ മാത്രം മതി.

വൈറ്റ് ഹെഡ്സിന്റെ ശല്യമുണ്ടെങ്കിൽ പഴുത്ത പപ്പായകൊണ്ട് നന്നായി മസാജ് ചെയ്യുക. അതിനുശേഷം പപ്പായ അൽപം കട്ടിയായി ഫെയ്സ്മാസ്ക് പോലെ നൽകാം. പത്തു മിനിറ്റിനു ശേഷം കഴുകിക്കളയാം. വരണ്ട ചർമത്തിനും എണ്ണമയമുള്ള ചർമത്തിനും ഒരുപോലെ ഇണങ്ങുന്നതാണ് പപ്പായ മാസ്ക്.

മുടി മിനുങ്ങാൻ നല്ലെണ്ണയും കറ്റാർവാഴനീരും സമമെടുത്ത് മുടിയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. മുടിയിലെ എണ്ണമയം പോകാൻ ഹോംമെയ്ഡ് ഷാംപൂ ഉപയോഗിക്കാം.

അഞ്ഞൂറു ഗ്രാം ചീവയ്ക്കാ പൊടിയിൽ നൂറുഗ്രാം ഉലുവ ഉണക്കിപ്പൊടിച്ചതും ഒരു ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ചേർത്തു ഫ്രിഡ്ജിൽ വയ്ക്കുക. ഇതിൽ നിന്ന് രണ്ടു ടേബിൾ സ്പൂൺ പൊടി എടുത്ത് അൽപം വെള്ളം ചേർത്ത് നന്നായി പതച്ച് ഷാംപൂവിനു പകരം മുടിയിൽ തേച്ച് കുളിക്കാം.

കൈകാലുകളുടെ സൗന്ദര്യത്തിനു പ്രത്യേകം ശ്രദ്ധ നൽകണം. ആദ്യം നഖങ്ങൾ ഭംഗിയായി വെട്ടി നെയിൽപോളിഷ് കളഞ്ഞ് ഫയൽ ചെയ്ത് ഭംഗിയാക്കുക. ഇനി ഒരു പരന്ന പാത്രത്തിൽ ചെറു ചൂടുവെള്ളമെടുത്ത് കൈകാലുകൾ അതിൽ മുക്കിവയ്ക്കുക. പ്യൂമിക് സ്റ്റോൺ കൊണ്ട് കാലുകൾ വൃത്തിയാക്കാം. നെയിൽ ബ്രഷ്കൊണ്ട് നഖങ്ങളിലെ അഴുക്ക് കളയാം. ഇനി കോൾഡ് ക്രീം കൊണ്ട് മസാജ് ചെയ്യാം. ഇഷ്ടമെങ്കിൽ നെയിൽ പോളിഷ് നൽകാം.

Day 2

രണ്ടാംദിവസം മുഖത്തിന്റെ നിറം മെച്ചപ്പെടുത്താനുള്ള പൊടിക്കൈ നോക്കാം. മഞ്ഞളും ചന്ദനവും രാമച്ചവും സമം എടുത്ത് പാലിൽ ചാലിച്ച് മുഖത്ത് പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് കഴുകാം. എണ്ണമയമുള്ള ചർമമാണെങ്കിൽ പാലിനു പകരം വെള്ളരിക്കയുടെ നീര് മതിയാവും.

ഒന്നാം ദിവസം നന്നായി വൃത്തിയാക്കിയ മുടിക്ക് ഓജസ്സും ബലവും നൽകാനുള്ള കാര്യങ്ങളാണ് രണ്ടാം ദിവസം ചെയ്യേണ്ടത്. അരക്കപ്പ് പാൽപ്പൊടിയിൽ ഒരു മുട്ട അടിച്ചുചേർത്ത് മുടിയിൽ പുരട്ടാം. അരമണിക്കൂർ കഴിഞ്ഞ് കഴുകാം. മുടിയുടെ വരൾച്ച മാറിക്കിട്ടും. തിളക്കവും ലഭിക്കും.

കൈകാലുകൾക്ക് മിനുസവും മൊയ്സ്ചറൈസിങ് ഇഫക്ടും നൽകുകയാണ് രണ്ടാം ദിവസത്തെ പരിചരണത്തിന്റെ ലക്ഷ്യം. പാലിൽ സമം ഒലിവ് ഓയിൽ ചേർത്ത് കൈകാലുകളിൽ പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകാം. കൈകാലുകൾ തിളങ്ങട്ടെ.

Day 3

മുഖത്തെ ചെറിയ പാടുകൾ അകറ്റുന്നതിന് കൊത്തമല്ലിയും പച്ചമഞ്ഞളും സമം എടുത്ത് അരച്ച് മുഖത്തിടാം.

മുടിക്ക് കറുപ്പു നിറവും തിളക്കവും കിട്ടാൻ ചെമ്പരത്തിപ്പൂവും വെണ്ടപ്പൂവും സമം എടുത്ത് അരച്ചു പുരട്ടാം.

ഉപ്പൂറ്റിയിലെ വിണ്ടുകീറൽ അകന്ന് മൃദുവാകുന്നതിന് കാലുകളിൽ ഗ്ലിസറിനും മുട്ട വെള്ളയും ഒരു ടീസ്പൂൺ വീതം എടുത്ത് കലർത്തി പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. ഒരു ടീസ്പൂൺ ഒലിവ് ഓയിലും രണ്ടു ടീസ്പൂൺ പച്ചക്കർപ്പൂരവും ചൂടാക്കി കൈകാലുകളിലെ നഖങ്ങളിൽ പുരട്ടാം. നഖങ്ങൾക്ക് നല്ല തിളക്കം കിട്ടും.

Day 4

ചർമത്തിന് മൃദുത്വം കൈവരാൻ കാബേജ് നീരിൽ ഒരു നുള്ള് യീസ്റ്റ് ചേർത്ത് അരമണിക്കൂർ വച്ചതിനുശേഷം മുഖത്തു പുരട്ടാം. ഈ മിശ്രിതം മുഖത്ത് പായ്ക്ക് പോലെ നൽകിയ ശേഷം കഴുകി കളയാം.

മുടി കൊഴിയാതിരിക്കാൻ ഒരു മരുന്ന് നാലാം ദിവസം നൽകാം. അരക്കപ്പ് തേങ്ങാപ്പാലിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് തലയിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകാം.

തേൻ, ഓറഞ്ചു നീര് ഇവ സമം ചേർത്ത് കൈകാലുകളിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ചർമത്തിന് നല്ല നിറം കിട്ടും.

Day 5

വെയിൽകൊണ്ട് ചർമത്തിൽ ഉണ്ടാകുന്ന കരുവാളിപ്പു മാറ്റാം. ഒരു ടീസ്പൂൺ മുന്തിരി നീരിൽ നാലു തുള്ളി നാരങ്ങാനീര് കലർത്തി മുഖത്ത് പുരട്ടുക.

തലേ ദിവസം നാലു നെല്ലിക്ക ചതച്ചിട്ട് മൂടിവച്ച പശുവിൻ പാൽ നെല്ലിക്ക മാറ്റിയ ശേഷം തലയിൽ പുരട്ടി ഷാംപൂ കൊണ്ട് കഴുകുക.

രക്തചന്ദനം, രാമച്ചം ഇവ ചേർത്തരച്ച് പനിനീരിൽ ചാലിച്ച് കൈകാലുകളിൽ പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകാം. കൈകാലുകൾ മൃദുവാകും.

Day 6

തക്കാളിനീരും തൈരും സമം എടുത്ത് മുഖത്ത് പുരട്ടിയാൽ മുഖം തിളങ്ങും.

ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും ഒരു ടേബിൾ സ്പൂൺ ലാവണ്ടർ ഓയിലും ചേർത്ത് മുടിയിൽ പുരട്ടി മസാജ് ചെയ്ത് അൽപസമയം കഴിഞ്ഞ് കുളിക്കാം.

വിനാഗിരിയും തക്കാളി നീരും സമം എടുത്ത് കൈകാലുകളിൽ പുരട്ടാം.

Day 7

ഏഴാം ദിനം ചർമത്തിന്റെ തിളക്കവും നിറവും നിലനിൽക്കാൻ സഹായിക്കുന്ന ഓരോ പായ്ക്കുകൾ നൽകാം. അൽപം ഓട്ട്സ് പാലിൽ കുതിർക്കുക. ഇതിൽ അര സ്പൂൺ കാരറ്റ് നീര് ചേർക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി പാതി ഉണങ്ങുമ്പോൾ കഴുകാം.

പാൽപ്പൊടിയും തൈരും മുൾട്ടാണി മിട്ടിയും ഓറഞ്ചുനീരും ചേർന്ന മിശ്രിതം കൈകാലുകളിൽ പായ്ക്ക് ആയി നൽകാവുന്നതാണ്.

പരസ്യങ്ങളിലേതുപോലെ മുടി തിളങ്ങാൻ കുളി കഴിഞ്ഞ് പാതി ഉണങ്ങിയ മുടിയിൽ മൂന്നു തുള്ളി ബിയർ കൈവെള്ളയിലെടുത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക.

ചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ പോകുന്നതിന് ഒരാഴ്ച മുമ്പ് ഈ പ്ലാൻ ഒന്നു കൃത്യമായി പാലിച്ചു നോക്കൂ. മറ്റുള്ളവരുടെ നോട്ടങ്ങളിൽ നിന്ന് അറിയാം നിങ്ങൾക്കുണ്ടായ വ്യത്യാസം.

ജീവൻ തുടിക്കും ചുണ്ടുകൾ

വരണ്ടും ഉണങ്ങിയും ഉള്ള ചുണ്ടുകൾ മുഖത്തിന്റെ സൗന്ദര്യം കെടുത്തും. ജീവൻ തുടിക്കുന്ന ചുണ്ടുകൾക്ക് പരിചരണത്തിനൊപ്പം മേക്കപ്പിലും ശ്രദ്ധ വേണം. ∙ ചുണ്ടുകളിൽ ചുവന്നുള്ളി നീരും ഗ്ലിസറിനും തേനും കലർത്തി പുരട്ടിയ ശേഷം കഴുകാം. ∙ മേക്കപ് ഇടും മുമ്പ് ചുണ്ടുകൾ ക്ലെൻസർ ടിഷ്യുകൊണ്ട് തുടച്ച് വൃത്തിയാക്കാം. ∙ ഇനി ചർമത്തിന്റെ നിറമുള്ള ലിക്വിഡ് ഫൗണ്ടേഷൻ പുരട്ടാം. മൃദുവായ ലിപ് ബ്രഷ് കൊണ്ടുവേണം പുരട്ടാൻ. ∙ ലിപ്ലൈനർ കൊണ്ട് ഔട്ട്ലൈൻ വരയ്ക്കുമ്പോൾ ലിപ് കളറിന്റെ അതേ നിറത്തിലുള്ള ലിപ് ലൈനർ തന്നെ ഉപയോഗിക്കണം.

വിവരങ്ങൾക്ക് കടപ്പാട്: മേരി മാത്യു ടച്ച് ആൻഡ് ഗ്ലോ ബ്യൂട്ടി ക്ലിനിക്, പാലസ് വ്യൂ റോഡ്, പട്ടം ജംക്ഷൻ, തിരുവനന്തപുരം.