Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരികമൊന്നു വളർന്നാൽ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണോ? നിർബന്ധമായും വായിക്കണം

threading11

മുഖസൗന്ദര്യത്തിൽ പുരികക്കൊടികളുടെ പ്രാധാന്യമെന്തെന്ന ചോദ്യത്തിന് ഒരു മാസത്തിനിടെ നമ്മൾ പുരികം ത്രെഡ് ചെയ്യാനായി എത്രവട്ടം ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങുന്നുവെന്ന കണക്കെടുത്താൽ മതിയാകും. പഴുതാര പോലെ വളച്ചൊടിച്ചു വയ്ക്കുന്ന പുരികമൊക്കെ ഇന്ന് ഔട്ട് ഓഫ് ഫാഷനാണ്. ത്രെഡ് തൊടാത്ത ആലിയ ഭട്ടിന്റെ പുരികവും ദീപികാ പദുക്കോണിന്റെയും സോനം കപൂറിന്റെയും പോലെ വീതിയും നീളവുമുള്ള സ്വാഭാവിക പുരികക്കൊടികളാണ് ഇന്നു സൗന്ദര്യത്തിന്റെ പുതിയ അളവുകോൽ. സ്വാഭാവിക രൂപത്തിലുള്ള പുരികം ബോൾഡ് ലുക്ക് തരുന്നുവെന്നാണ് ഫാഷനിസ്റ്റുകളുടെ കണ്ടുപിടിത്തം. കാടുപോലെ വളരുന്ന പുരികം അഭംഗിയായി തോന്നുന്നുവെങ്കിൽ മാത്രം ചെറുതായൊന്നു ഷെയ്പ്പ് ചെയ്ത് എടുക്കുക അല്ലെങ്കിൽ പുരികത്തിനെ അതിന്റെ പാട്ടിനു വളരാൻ വിടുക– ഇതാണു പുരികത്തിന്റെ പുതിയ ഹൈലൈറ്റ്.

വെറുതെ വിടൂ..
വീതികൂടിയ പുരികമാണ് ലക്ഷ്യമെങ്കിൽ ഇടയ്ക്കിടയ്ക്കുള്ള ത്രെഡ്ഡിങ് ഒഴിവാക്കേണ്ടി വരും. പുരികം അതിന്റെ രീതിക്ക് വളരാൻ അനുവദിക്കണം. മാസത്തിൽ ഒരിക്കൽ ത്രെഡ് ചെയ്യുകയാണെങ്കിൽ വീതിയോടുകൂടി ആവശ്യമുള്ള ഷെയ്പ്പിൽ തന്നെ രൂപപ്പെടുത്തിയെടുക്കാം.

വീതി കുറഞ്ഞ പുരികമുള്ളവർക്കാണെങ്കിൽ ഐബ്രോ പെൻസിൽ, ബ്രോ മസ്കാര എന്നിവ ഉപയോഗിച്ച് പുരികം അൽപം വീതികൂട്ടിയെടുക്കാം. ഐബ്രോ പെൻസിൽ ഉപയോഗിക്കുമ്പോൾ പുരികത്തിന്റെ ആകൃതിയിൽ നീട്ടിവരയ്ക്കാതെ പുരികത്തിലെ മുടികളുടെ പോലെ ചെറിയ സ്ട്രോക്കുകൾ വരയ്ക്കുക. മസ്കാര ഉപയോഗിച്ചും ഇതു പോലെ ചെയ്യാം. ഐബ്രോ പെൻസിൽ ഉപയോഗിക്കുമ്പോൾ കടുത്ത നിറങ്ങൾ തിരഞ്ഞെടുക്കാതെ മുടിയുമായി യോജിക്കുന്ന നിറം തിരഞ്ഞെടുക്കുക.

താരനെ സൂക്ഷിക്കാം
തലയിൽ താരൻ ഉണ്ടെങ്കിൽ പുരികം കൊഴിഞ്ഞുപോകാനുള്ള സാധ്യതയേറെയാണ്. അതു പോലെ തന്നെയാണ് ചർമത്തിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളും. അതിനാൽ താരൻ വരാതെ ശ്രദ്ധിക്കുക. ഒപ്പം മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനു സഹായകരമായ ഡയറ്റ് തിരഞ്ഞെടുക്കുക. ആവണക്കെണ്ണ പുരട്ടുന്നത് പുരികത്തിന്റെ വളർച്ചയെ സഹായിക്കും. കുളികഴിഞ്ഞു വന്നതിനു ശേഷം ഈർപ്പം മാറും മുൻപ് ചെറിയ ചീപ്പുകൊണ്ട് പുരികം ചീകുക.

മുഖത്തിനനുസരിച്ചു പുരികം
മുഖത്തിന്റെയും പുരികത്തിന്റെ ആകൃതിയും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഒന്ന് മറ്റൊന്നിനു വളമാക്കുന്ന ഒരു പരിപാടി. മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികം ഷെയ്പ്പ് ചെയ്തെടുത്താൽ മുഖത്തെ ചില ‘പാളിച്ചകളൊക്കെ’ ഇല്ലാതാക്കാമെന്നാണു മെയ്ക്ക്അപ്പ് വിദഗ്ധർ പറയുന്നത്. 

നീളമുള്ള മുഖമുള്ളവർ പുരികം വളച്ചെടുക്കാതെ ഫ്ലാറ്റായി  എടുക്കുന്നതാണ് നല്ലത്. താഴേക്ക് ചെറിയ രീതിയിൽ വളച്ചെടുക്കുന്നതും മുഖത്തിന്റെ നീളക്കൂടുതൽ കുറയ്ക്കാൻ സഹായിക്കും.

വട്ടമുഖമുള്ളവർ റൗണ്ട് ഷെയ്പ്പിൽ പുരികം എടുക്കരുത്. ചെറിയ ആർച്ച് ഷെയ്പ്പ് കൊടുത്ത്  ത്രെഡ് ചെയ്യാം. 

ഓവൽ ആകൃതിയുള്ള മുഖമുള്ളവർക്ക് ഏതു ഷെയ്പ്പിലുള്ള പുരികവും ചേരും. അൽപം മുകളിലേക്ക് വളച്ച് പുരികം എടുക്കുന്നതു ഭംഗി കൂട്ടും. 

സ്ക്വയർ ആകൃതിയിലുള്ള മുഖമുള്ളവർ അൽപം വീതിയിൽ ലോ ആർച്ച് ആകൃതിയിൽ ത്രെഡ് ചെയ്യുക. പുരികത്തിന്റെ വീതി തീരെ കുറയാനും കൂടാതിരിക്കാനും ശ്രദ്ധിക്കുക. 

ഹാർട്ട് ഷെയ്പ് മുഖമുള്ളവരുടെ സവിശേഷത പോയന്റഡ് ചിൻ(കീഴ്ത്താടി) ആയിരിക്കും. ഇതു മറയ്ക്കാനായി അൽപം വളച്ചു തന്നെ പുരികം ഷെയ്പ്പ് ചെയ്യുക. ഡയമണ്ട് ആകൃതിയിലുള്ള മുഖമുള്ളവർക്കും ഇതു പരീക്ഷിക്കാം