Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി കൊഴിച്ചിലിനു കാരണം ഹെൽമറ്റോ? പരിഹാരമുണ്ട്

Hair loss Representative Image

സുരക്ഷിത യാത്രയ്ക്ക് ഹെൽമറ്റ് കൂടിയേ തീരൂ. പക്ഷേ ഹെൽമറ്റ് ധാരികളെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. മുടി കൊഴിച്ചിലിന്റെ പ്രധാന വില്ലൻ ഈ ഹെൽമറ്റ് ആണെന്നതു തന്നെ. സംഗതി കുറച്ചൊക്കെ സത്യവുമാണെന്നാണ് പഠനം പറയുന്നത്. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയു‌ടെ മുകൾവശം മുഴുവനായി കവർ ചെയ്യുകയാണ്. ഇതു തലയോട്ടിയിലെ വിയർപ്പു വർധിപ്പിക്കുകയും ഈ നനനവു ശിരോചർമത്തിൽ പൂപ്പലിനും തുടർന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരൻ വന്നുപെട്ടാൽ പിന്നെ മുടികൊഴിച്ചിൽ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

സ്ഥിരം ഹെൽമറ്റ് ധരിക്കുന്നവർക്കു വേണ്ടി വീട്ടിൽ ചില പൊടിക്കൈകൾ

തൈരും അലോവേരയും

രണ്ടു ടീസ്പൂൺ അലോവേരാ നീരും ഒരു ടീസ്പൂൺ തൈരും ചേർക്കുക. ഇതു മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അമ്പതു മിനുട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം, ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് നല്ല ഫലം നൽകും.

ഇഞ്ചി

രണ്ടോ മൂന്നോ ഇഞ്ചി എടുത്ത് നന്നായി ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു വയ്ക്കുക. ഇതു തലയോട്ടിയിലും തലയിലും പതുക്കെ തേച്ചുപിടിപ്പിക്കാം. 45 മിനുട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം, മുടി കൊഴിച്ചിൽ പമ്പ കടക്കും.

ഉള്ളി

മുടി കൊഴിച്ചിൽ തടയാൻ മാത്രമല്ല പുതിയ മുടി കിളിർക്കുന്നതിനും ഉത്തമമാണ് ഉള്ളി. ഉള്ളി നീരെടുത്ത് തലയിൽ തേച്ച് അരമണിക്കൂർ ഇരിക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. താരൻ ശല്യവും ഇല്ലാതാകും.

തലയോട്ടിയിൽ‍ അണുബാധ ഉണ്ടാകാതിരിക്കാൻ

ഹെൽമറ്റ് വയ്ക്കുന്നതിലൂടെ വിയർപ്പ് അടിഞ്ഞു കൂടി തലയോട്ടിയിൽ അണുബാധ ഉണ്ടാകാനിടയുണ്ട്. ഇതു മുടി കൊഴിച്ചിൽ വർധിപ്പിക്കും. മുടിയുടെ സംരക്ഷണത്തിനായി ദിനവും ശീലിക്കാം ഈ കാര്യങ്ങള്‍.

1) ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും.

2) മുടി തീരെ വരണ്ടാതാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇതു ഹെൽമറ്റും മുടിയും തമ്മിൽ ഉരസി മുടി കൊഴിച്ചിലുണ്ടാക്കും.

3) തലയോട്ടിയും മുടിയും ആൽമണ്ട് ഓയിൽ കൊണ്ടു മസാജ് ചെയ്യുക. ഇതു ഏറെ നേരം ഈർപ്പം നിലനിർത്തും.

4) ഹെൽമറ്റിനകം വശം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാൻ, ഇതു അണുബാധ തടയും.

5) ദൂരയാത്രകൾ പോകുന്നതിനിടയ്ക്ക് വണ്ടി നിർത്തി ഹെൽമറ്റ് ഊരിവയ്ക്കാം. ഇടവേളകൾ നൽകുന്നത് വിയർപ്പിനെ തടയും.

6) ഹെൽമറ്റ് ധരിക്കുന്നതിനു മുമ്പായി തല ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കവർ ചെയ്യാം. ഇതു ഹെൽമറ്റും മുടിയും കൂട്ടിയുരസി മുടി കൊഴിച്ചിലുണ്ടാക്കുന്നതു തടയും