Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്കപ്പ് ഇടാൻ വെറും 10 മിനിറ്റ്

Makeup Representative Image

ഫെയ്സ് വാഷ് കൊണ്ടു മുഖം കഴുകി വെള്ളം തുടച്ചെടുക്കു. ഡ്രസ് ചെയ്തു തലമുടി ഒതുക്കി റെഡിയായി കഴിഞ്ഞാൽ വെറും പത്ത് മിനിറ്റ് മതി. സുന്ദരിയായി ഓഫിസിലേക്കോ പാർട്ടിക്കോ ഒക്കെ പോകാം.

ആദ്യ മിനിറ്റ്

ഫൗണ്ടേഷൻ കയ്യിൽ എടുത്ത് മോയിസ്ചറൈസറുമായി മിക്സ് ചെയ്യുക. തിളക്കം കൂടുതൽ വേണമെങ്കിൽ ഒരു തുള്ളി ഹൈലൈറ്റർ ഇതിൽ മിക്സ് ചെയ്യുക. സ്പോഞ്ച് ഉപയോഗിച്ച് മുഖത്തിന്റെ നടുക്കു മുതൽ പുറത്തേക്ക് പുരട്ടുക. കൺപോളകളിലും കണ്ണിനു താഴെ കറുപ്പിലും ലൈറ്റായി ഇടണം. അവസാനം കഴുത്തിലും പിടയിലുമായി പുരട്ടണം.

∙ കണ്ണിനു താഴെ ഫൗണ്ടേഷൻ ഇട്ടതുകൊണ്ട് കൺസീലറിന്റെ ആവശ്യമില്ല. കണ്ണിനു താഴെ എടുത്തുകാട്ടും വിധം കറുപ്പുനിറമുണ്ടെങ്കിൽ മാത്രം കൺസീലർ ബ്രഷ് ചെയ്യുക. കൺസീലർ അധികമായാൽ മേക്കപ്പിന്റെ ലുക്ക് തന്നെ മാറും.

2,3 മിനിറ്റ്

ബ്ലഷ് ബ്രഷ് ഉപയോഗിച്ച് കോംപാക്ട് പൗഡർ ഇടുക. മുഖത്ത് ഓരോ പോയിന്റിലും എത്തിക്കാം എന്നതാണു ബ്ലഷ് ബ്രഷിന്റെ പ്രത്യേകത. കവിളെല്ലിനു മേൽഭാഗത്ത് കോംപാക്ട് ഒഴിവാക്കുക. ഇവിടെ ഹൈലൈറ്റർ ആണ് ഉപയോഗിക്കേണ്ടത്.

∙മുഖത്തിന് പ്രത്യേകം തിളക്കം നൽകാൻ ഹൈലൈറ്റർ പോലെ മറ്റൊന്നില്ല. പൗ‍‍ഡർ, ക്രീം, ലിക്വിഡ്, ക്രയോൺസ് രൂപത്തിലെല്ലാം ഹൈലൈറ്റർ വിപണിയിൽ കിട്ടും. മുഖത്ത് നാല് സ്ഥലങ്ങളിലാണ് ഹൈലൈറ്റർ ഉപയോഗിക്കേണ്ടത്. കവിളെല്ല്, മൂക്കിനോടു ചേർന്നുള്ള കൺകോണ്, പുരികം, പുരികത്തിനു തൊട്ടുതാഴെ. ഹൈലൈറ്റർ കൊണ്ടു മേക്കപ്പിട്ടാൽ ഫ്രഷ് ആയി തോന്നും.

4,5 മിനിറ്റ്

ചിരിക്കുമ്പോൾ ഉയർന്നു വരുന്ന കവിൾ ഭാഗത്താണു ബ്ലഷ് പുരട്ടേണ്ടത്. റോസ് അല്ലെങ്കിൽ കോറൽ നിറത്തിലുള്ള ബ്ലഷ് ആണ് ഏറ്റവും ഭംഗി. ചിരിക്കുമ്പോൾ കവിൾ ചുവക്കുന്നതു പോലെ വേണം ബ്ലഷ് പുരട്ടാൻ. അല്ലാതെ കവിളിൽ അടി കിട്ടിയതു പോലെ ആകരുത്.

6,7 മിനിറ്റ്

ഐലൈനർ ഇടുമ്പോൾ കൺപീലികളോടു ചേർന്നു നിൽക്കണം. ബ്ലാക്ക് ഐലൈനർ ആണു കണ്ണുകളെ ഏറ്റവും കൂടുതൽ എടുത്തു കാണിക്കുന്നത്. പാർട്ടി മൂഡിൽ ആണെങ്കിൽ കളർ ഐലൈനറുകളും പരീക്ഷിക്കാം. നല്ല ഭംഗിയായി കണ്ണെഴുതിയാൽ കൺപീലികൾക്കു കട്ടി കൂടിയതുപോലെ തോന്നും. ഐലൈനർ എഴുതിയ ശേഷം ക്യു–ടിപ് പെൻസിൽ കൊണ്ട് സ്മഡ്ജ് ചെയ്യുക.

എട്ടാം മിനിറ്റ്

തല പിന്നിലേക്ക് അൽപം ചെരിച്ച് കൺപീലികൾ താഴ്ത്തുക. മസ്കാര എഴുതാനുള്ള കൃത്യം ഇരിപ്പാണിത്. ചുവട്ടിൽനിന്നു പീലിയുടെ അറ്റം വരെ ഒരു തവണ എഴുതുക. അറ്റത്ത് വീണ്ടും രണ്ടോ മൂന്നോ തവണ കൂടി എഴുതാം.

ഒൻപതാം മിനിറ്റ്

ഓഫിസിലേക്കോ കോളജിലേക്കോ ആണെങ്കിൽ ലിപ് ഗ്ലോസ് അല്ലെങ്കിൽ ലിപ് ബാം മതിയാവും. മോയിസ്ചറും കളറും തിളക്കവും കിട്ടാൻ ഇവ മതിയാകും. ആഘോഷ പരിപാടികൾക്കാകുമ്പോൾ ലിപ് ലൈനർ കൊണ്ടു കൃത്യമായി വരച്ച് ഉള്ളിൽ ലിപ്സ്റ്റിക് ഇടുക. ഫിനിഷിങ് കിട്ടാൻ നിറത്തിനു മേലേ വിരൽ ഓടിക്കുക. ഇതിനു മുകളിൽ ലിപ് ഗ്ലോസ് ഇടുക.

പത്താം മിനിറ്റ്

മേക്കപ്പ് മൊത്തത്തിൽ നോക്കി തൃപ്തിയാകാനുള്ള സമയമാണിത്. നല്ല വെളുപ്പ് നിറമാണെങ്കിൽ കണ്ണിലും പുരികത്തിലും കറുപ്പു നിറവും ചുണ്ടിനു ചുവപ്പു നിറവും വരുന്നതാണു ഭംഗി. ഇരു നിറക്കാർ മേക്കപ്പ് അധികമാകാതെ നോക്കുക. ഏതു നിറക്കാർക്കും സ്കിൻ കളറിനോടു ചേർന്നു നിൽക്കുന്ന തരത്തിൽ മാത്രം മേക്കപ്പ് ഇടുക. എങ്കിലേ നാച്വറലായി തോന്നൂ.