Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും മുടിയഴകിന് 9 ജ്യൂസുകൾ

Hair Representative Image

മുടി വളർച്ചയ്ക്ക് എന്തൊക്കെ ചെയ്യാം? അതൊക്കെ ചെയ്യാൻ എല്ലാവരും തയ്യാറാണ്. കാരണം ക്ലോറിൻ കലർന്ന വെള്ളം , ഭക്ഷണ രീതികൾ ഇതുകൊണ്ടൊക്കെ തന്നെ ദിവസവും തലയില്‍ നിന്ന് കൊഴിഞ്ഞു പോകുന്ന മുടിയുണ്ടായിരുന്നെങ്കിൽ ഒന്നല്ല കുറെ വിഗ്ഗ് ഉണ്ടാക്കാമായിരുന്നു എന്ന് തോന്നുന്നില്ലേ. ഇതാ ജ്യൂസുകൾ കൊണ്ട് മുടി കൊഴിയൽ തടയാം. എന്താ വിശ്വസിയ്ക്കാൻ ബുദ്ധിമുട്ടുണ്ടോ? ഈ ജ്യൂസുകൾ നിത്യേന ഭക്ഷണത്തിന് ഭാഗമാക്കുന്നതിനൊപ്പം തലയിൽ നേരിട്ട് പ്രയോഗിയ്ക്കുകയും ആവാം. അതായത് അകത്തും പുറത്തും ഉപയോഗിയ്ക്കാൻ നല്ലതാണ്. പ്രകൃതിദത്തമായ പഴങ്ങളല്ലേ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ.

1. കറ്റാർവാഴ ജ്യൂസ്

മുടിയുടെ അഴകിനു ഏറ്റവും മികച്ച ഒന്നാണ് കറ്റാർ വാഴ, മുടിയുടെ ബലത്തിനും കൊഴിച്ചിൽ തടയാനും ഏറ്റവും മികച്ചതുമാണിത്. ഇതിലടങ്ങിയിരിക്കുന്ന എൻസൈമാണു ഈ ഗുണങ്ങൾ കറ്റാർ വാഴയ്ക്ക് നല്കുന്നത്. ഇതുമാത്രമല്ല, താരൻ അകറ്റാനും തലയിലെ ചൊറിച്ചിൽ മാറ്റാനും കറ്റാർവാഴ ജ്യൂസ് നല്ലത് തന്നെ. കറ്റാർവാഴ യുടെ അകത്തെ ജെല്ലി പോലെയുള്ള ഭാഗം എടുത്തു നന്നായി അരച്ച് ജ്യൂസ് ആക്കി തയിൽ തേച്ചു  പിടിപ്പിച്ചു കുറച്ചു കഴിയുമ്പോൾ കഴുകി കളയാം. 

2. സവോള ജ്യൂസ്

മുടി നരയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് സവോളയുടെ നീര്. സവോളയിലെ സൾഫറിന്റെ അംശമാണ് മുടിയെ ഇത്തരത്തിൽ ചെറുപ്പമായി സംരക്ഷിച്ചു നിർത്തുന്നത്. മുടിയിൽ ജീവിക്കുന്ന പേൻ പോലെയുള്ള ജീവികളെ തൂത്തെറിഞ്ഞു മുടിയെ കൂടുതൽ ഈടുറ്റതാക്കാനും സവോള ജ്യൂസിനു കഴിയും. 

3. ചീര ജ്യൂസ്

വ്യത്യസ്തമായ വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് എന്നിവയാൽ മികച്ച ഒരു വസ്തുവാണ് ചീര . ഇതിലുള്ള വിറ്റാമിൻ ബിയുടെ സാന്നിധ്യം മുടിയ്ക്ക് നല്ല ശക്തി നല്കും. മുടിയിലെ ചൊറിച്ചിൽ ഉണ്ടാക്കുന്ന അവസ്ഥയെ മാറ്റാനും ചീരയുടെ ജ്യൂസിനു കഴിയും.

4. പേരക്ക ജ്യൂസ്

ആന്റി ഓക്സിഡന്റിന്റെ  ശക്തമായ സാന്നിധ്യം കൊണ്ടും ധാതുക്കളായ കാത്സ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ കൊണ്ടും പൂർണമായ ഒരു ഫലമാണ് നമ്മുടെ വീടുകളിലൊക്കെ കാണുന്ന പേരയ്ക്ക. ഇതിന്റെ പൂർണമായ ഗുണം ലഭിക്കണമെങ്കിൽ പഴുത്തു തുടങ്ങുന്ന പേരയ്ക്ക കഴിക്കാം. ജ്യൂസ് അടിയ്ക്കാൻ പക്ഷേ നന്നായി പഴുത്ത പേരയ്ക്ക എടുക്കുക. മുടി കൊഴിച്ചിലിന് ഏറ്റവും മികച്ച ഒരു ജ്യൂസാണിതു. തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം 20 മിനിറ്റു കഴിഞ്ഞു നന്നായി കഴുകി കളയുക. 

5. വെളുത്തുള്ളി ജ്യൂസ്

വെളുത്തുള്ളി ജ്യൂസോ? കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ടൊക്കെ തോന്നുന്നുണ്ടോ? അങ്ങനെ ഒന്നും തോന്നേണ്ടതില്ല. മുടിയിഴകൾക്കു ആരോഗ്യം നല്കാൻ കഴിവുള്ളതാണ് ഈ ജ്യൂസ്. ഇത് തലയോട്ടിയിൽ നന്നായി തിരുമ്മി പിടിപ്പിക്കുന്നത് രക്തയോട്ടം വർദ്ധിയ്ക്കാൻ നല്ലതാണ്. അതിനാൽ തന്നെ മുടി തിളങ്ങുകയും ആകർഷകത്വം തോന്നുകയും ചെയ്യും. വെളുത്തുള്ളി എടുത്തു മിക്സിയിൽ അടിച്ചു ജ്യൂസ് ആക്കി തേയ്ക്കാം. 

6. കുക്കുംബർ ജ്യൂസ്

ഇതിലെ എന്സിം മുടിയിലെ ആകർഷകത്വം നിലനിർത്തുന്നതിനോപ്പം മുടിയുടെ ബലവും വർദ്ധിപ്പിക്കുന്നു. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നതിനാൽ മുടിയ്ക്ക് ഏറെ ഗുണകരമാണ്. കൊഴിച്ചിലും അവസാനിയ്ക്കും.

7. കാരറ്റ് ജ്യൂസ്

മുടിയ്ക്ക് നല്ല നിറം നല്കുന്ന ബീറ്റ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് കാരറ്റ്. അതുകൊണ്ട് തന്നെ ഇത് ഒരു ഗുണസമ്പുഷ്ടമായ ജ്യൂസാണ്. മുടിയുടെ തനത് ഗുണം നിലനിർത്തുന്നതിനൊപ്പം ബലം വർദ്ധിപ്പിക്കാനും കാരറ്റ് സഹായിക്കുന്നു. ഇതിലടങ്ങിയിരികുന്ന വിറ്റാമിൻ സി താരനെ അകറ്റി മുടി ആരോഗ്യമുള്ളതാക്കി മാറ്റുന്നു. 

8. മല്ലിയില ജ്യൂസ്

മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കാൻ ശക്തിയുള്ള ഒരു ജ്യൂസാണ് മല്ലിയില ജ്യൂസ്. മല്ലിയില നന്നായി അരച്ച് പെയ്സ്റ്റ് ആക്കി മുടിയിൽ തേച്ച് പിടിപ്പിച്ചു 15 മിനിട്ടിനു ശേഷം കഴുകി കളയാം. 

9. കിവി ജ്യൂസ്

വിറ്റാമിൻ ഇ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണു കിവി പഴം. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് വിറ്റാമിൻ ഇ എന്നുള്ളതുകൊണ്ട് കിവി ജ്യൂസിന്റെ നിത്യേനയുള്ള ഉപയോഗം മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മാത്രമല്ല പ്രതിരോധ ശക്തിയും കിവി ജ്യൂസ് വർദ്ധിപ്പിക്കുന്നു. മികച്ച ക്ലെന്സിംഗ് എജന്റ്റ് ആയതുകൊണ്ട് മുടി വൃത്തിയായി ഇരിക്കുകയും ചെയ്യും.