Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴമ്പാട്ടിലെ സുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങൾ!

homeo-beauty

സൗന്ദര്യമാണ് ഏതു കാലഘട്ടത്തിലും ചരിത്രം തിരുത്തിക്കുറിക്കുന്നത് എന്നൊരു സങ്കൽപമുണ്ട്. ഒരു പരിധി വരെ ശരിയുമാണ്. വൻ സാമ്രാജ്യങ്ങളെ കടപുഴക്കിയെറിഞ്ഞ പല യുദ്ധങ്ങൾക്കും കാരണം രാജാക്കൻമാരുടെ സൗന്ദര്യഭ്രമമാണ്. ക്ലിയോപാട്ര, പാഞ്ചാലി, ഹെലൻ... എണ്ണിയാൽ തീരാത്തത്ര ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്.  ബ്ലീച്ചിങ്ങും ഫെയ്സ് വാഷും എന്തിന്, കുളിക്കാൻ സോപ്പുപോലും ഇല്ലാതിരുന്ന ആ കാലത്ത് സൗന്ദര്യം സംരക്ഷിക്കാൻ പണ്ടുള്ളവർ ചെയ്തിരുന്നതെന്താണ്? മുത്തശ്ശിമാർ പിൻതലമുറയ്ക്കായി കരുതിവെച്ച പലതും നാം ഇന്നു സൗന്ദര്യ വർദ്ധനത്തിനും സംരക്ഷണത്തിനുമായി തിരികെ കൊണ്ടുവരികയാണ്. നാടുതോറും പാണൻമാർ പാടിനടന്ന പഴമ്പാട്ടിലെ സുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങൾ ഇതാ..

കൊന്നമരം പൂത്തുലഞ്ഞതാണോ?

കസ്തൂരിമണമുള്ള ചർമവും പൂത്തിങ്കൾ ഉദിച്ചപോലത്തെ മുഖവും വടക്കൻപാട്ടിലെ വർണനകളിൽ ഒരുപാടുണ്ട്. രക്തചന്ദനവും കസ്തൂരിമഞ്ഞളും നാടൻമഞ്ഞളും മുഖകാന്തി വർധിപ്പിക്കാൻ ഫലപ്രദമാണെന്നു കണ്ടെത്തിയതാരാണ്? ബ്ലീച്ചു ചെയ്ത് മുഖത്തെ പാടുകളും കുരുക്കളും മാറ്റി നിറം വർധിപ്പിക്കാൻ മുത്തശ്ശിമാരുടെ കുറുക്കുവഴികളിതാ..

ദിവസവും കസ്തൂരിമഞ്ഞൾ മുഖത്തുപുരട്ടി അരമണിക്കൂറിനുശേഷം കുളിച്ചാൽ നിറം വർധിക്കും. രക്തചന്ദനം, മഞ്ചട്ടി എന്നിവ അരച്ച് മുഖത്തുപുരട്ടിയാൽ മുഖചർമത്തിലെ പാടുമാറും. ഒരുസ്പൂൺ കടലമാവ് തേനിൽ ചാലിച്ച് അയവുള്ള മിശ്രിതം തയാറാക്കുക. ഇതു മുഖത്തും കഴുത്തിലും കൈകാലിലും പൂശി അരമണിക്കൂറിനുശേഷം കഴുകിക്കളയണം. ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം ഇങ്ങനെ ചെയ്താൽ ചർമകാന്തി വർധിക്കും. കടലമാവ് പശുവിൻപാലിൽ കുഴച്ചുതേച്ചാലും ഇതേഫലം ലഭിക്കും. 

അഞ്ജനക്കണ്ണെഴുതി...

വാലിട്ടെഴുതിയ നീലക്കടക്കണ്ണിനെ ആരാധിക്കാത്തവരായി ആരുമുണ്ടാവില്ല. പണ്ട് നമ്മുടെ പൂർവികർക്ക് കണ്ണെഴുതാൻ എലൈനറും കാജലുമൊന്നും ലഭ്യമല്ലാതിരുന്ന കാലത്തും അവർ കണ്ണെഴുതി സുന്ദരിമാരായി നടന്നിരുന്നു. എന്തിന്, രാജാക്കൻമാർ വരെ കണ്ണിനു അസുഖങ്ങൾ വരുന്നതൊഴിവാക്കാൻ മാസത്തിലൊരിക്കൽ കണ്ണെഴുതുമായിരുന്നു.

അഞ്ജനക്കണ്ണെഴുതി എന്നും അഞ്ജനമെന്നാൽ ഞാനറിയും എന്നുമൊക്കെ പാടുന്നതല്ലാതെ ഇന്നാരും അഞ്ജനത്തിന്റെ ഏഴയലത്തുപോലും പോവാറില്ല. അഞ്ജനക്കല്ല് ആയുർവേദകടകളിൽ വാങ്ങിക്കാൻ കിട്ടും പക്ഷേ ഇന്ന് വിശ്വസിച്ച് കണ്ണിലെഴുതാൻ പറ്റില്ല. അഞ്ജനമില്ലെങ്കിൽ പോട്ടെ. പകരം നമ്മുടെ മുത്തശ്ശിമാർ കൺമഷിയുണ്ടാക്കിയിരുന്ന ഒരു വിദ്യയുണ്ട്.

വൃത്തിയായി കഴുകി ഉണക്കിയ വെള്ള കോട്ടൺ തുണി കയ്യോന്നി (കയ്യുണ്യം, കഞ്ഞുണ്ണി എന്നും പേരുണ്ട്) നീരിൽമുക്കി നിഴലിൽ നന്നായി ഉണക്കുക. ഇതു ചീന്തി തിരി തെറുക്കുക. പുതിയ മൺപാത്രം കഴുകിത്തുടച്ചെടുക്കുക. തേച്ചുകഴുകി വൃത്തിയാക്കിയ നിലവിളക്കിൽ ശുദ്ധിചെയ്ത നല്ലെണ്ണ ഒഴിച്ച് കയ്യോന്നിത്തിരി മുക്കി കത്തിക്കണം. തീനാളം തട്ടത്തക്കവിധം മൺപാത്രം വയ്ക്കണം. തിരി മുഴുവനും എണ്ണയൊഴിച്ച് ഇങ്ങനെ കത്തിക്കുമ്പോൾ മൺപാത്രത്തിൽ നന്നായി കരിപിടിക്കും. കരി ചുരണ്ടിയെടുത്ത് ശുദ്ധിചെയ്ത ആവണക്കെണ്ണ ചേർത്തു ചാലിച്ച് കുഴമ്പുരൂപത്തിലാക്കി വൃത്തിയുള്ള ഡപ്പിയിലേക്കു മാറ്റുക. കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ വെള്ളരിക്കാനീര് കണ്ണിനുചുറ്റും തേയ്ക്കുകയായിരുന്നു പതിവ്.. 

നിൻതുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ...

പനങ്കുല പോലത്തെ മുടിയായിരുന്നു അന്നു ജനപ്രിയമെങ്കിൽ ഇന്ന് കോലുപോലുള്ള മുടിയാണ് പ്രിയം. മുടി ചുരുണ്ടിരിക്കുന്നതും കോലുപോലിരിക്കുന്നതും ജനിതകഘടകങ്ങൾ കൊണ്ടാണ്. ഇന്നത്തെപോലെ സ്ട്രെയിറ്റൻ ചെയ്തെടുക്കുന്ന രീതി അന്നില്ലാത്തതിനാൽ ഉള്ള മുടി അലങ്കരിച്ച് പൊടിപൊടിക്കുകയായിരുന്നു ഏക വഴി. മുടിയ്ക്ക് ഉള്ളുണ്ടാവാൻ പല തരം ഇലകൾ ഇട്ടുവാറ്റിയ വെളിച്ചണ്ണയാണ് തലയിൽ തേച്ചിരിന്നുത്. പിച്ചകത്തിന്റെ ഇലകളു ചെമ്പരത്തിയിലകളും കയ്യേയ്യോന്നിയും കഞ്ഞുണ്യവുമൊക്കെയിട്ടു കുറുക്കിയെടുത്ത പല എണ്ണകളും ഇന്ന് വൻ പരസ്യങ്ങളുടെ അകമ്പടിയോടെ അരങ്ങുവാഴുന്നുണ്ട്. കറ്റാർവാഴയും കയ്യോന്നിയും സ്ഥിരമായി തലയിൽതേച്ചു കുളിച്ചാൽ മുടി സമൃദ്ധമായി വളരും. ഇവ ഉപയോഗിച്ച് എണ്ണ കാച്ചിത്തേക്കുന്നതും ഗുണം ചെയ്യുമെമെന്നു പഴമക്കാർ പറയുന്നു. ഷാമ്പൂവിനു പകരം താളിയാണ് മുമ്പുപയോഗിച്ചിരുന്നത്. ചെമ്പരത്തിയുടെ ഇലയും പൂവും ഇഞ്ചയും ചേർത്തരച്ച് മുടി വൃത്തിയാക്കാനുള്ള താളി തയാറാക്കാം. തൊടിയിൽ കാണുന്ന വെള്ളിലയുടെ ഇലയും പൂവും അരച്ചുപിഴിഞ്ഞും താളി ഉണ്ടാക്കാം. നാരങ്ങാനീരും നെല്ലിക്കാനീരും സമം ചേർത്തു തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞു കഴുകിക്കളഞ്ഞാൽ അകാലനരയും താരനും ശമിക്കും. 

ചെന്തൊണ്ടിപ്പഴം തോൽക്കും ചുണ്ട്

ചോരത്തുടിപ്പാർന്ന ചുണ്ടുകളിൽനിന്ന് ചുവപ്പ് ഒപ്പിയെടുക്കാൻ തോന്നുമെന്നൊക്കെ കവിയ്ക്കുപാടാം. പക്ഷേ കൊടുംചൂടും കൊടുംതണുപ്പും ഇടകലർന്ന ഇന്നത്തെ കാലാവസ്ഥയിൽ ചുണ്ടിലെ കരുവാളിപ്പും വരൾച്ചയുമാണു പലരുടെയും സൗന്ദര്യപ്രശ്നം. സൗന്ദര്യമൊത്ത ചുണ്ടിന് ചെറിയ കഷ്ണങ്ങളായി മുറിച്ച വഴുതിന നെയിൽ വറുത്തെടുത്ത് കഴിക്കുന്നതു നല്ലതാണെന്നൊരു നാടോടി വിശ്വാസമുണ്ട്. ലിപ്ഗ്ലോസും മോയ്സ്ചറൈസറും ഇല്ലാതിതിരുന്ന കാലത്ത് സ്ത്രീകൾ നാരങ്ങാനീരും വെള്ളവും സമമായി കലർത്തി പുരട്ടിയാണ് ചുണ്ടിന്റെ വരൾച്ച മാറ്റിയിരുന്നത്. ഇടയ്ക്കിടെ വെണ്ണയോ നെയ്യോ പുരട്ടുന്നു. ചുവന്നുള്ളി നീരും തേനും സമംചേർത്തു പുരട്ടുന്നതും ഫലംചെയ്യുമെന്ന് ആയുർവേദവിധി. 

സുന്ദരിയാകാൻ ആഗ്രഹിക്കാത്ത പെണ്ണുണ്ടോ? സൗന്ദര്യത്തിനായി എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇന്നുള്ളത്. പക്ഷേ സൗന്ദര്യക്കൂട്ടണിഞ്ഞ് അലർജി പിടിച്ച് ചൊറിഞ്ഞിരിക്കുകയെന്നത് കഷ്ടമാണ്. ശരീരത്തിനു കേടില്ലാത്ത ഒരു നൂറായിരം കുറുക്കുവഴികൾ നൂറ്റാണ്ടുകൾക്കുമമ്പേ തന്നെ പൂർവികർ പറഞ്ഞുവെച്ചിരുന്നു. തേടി കണ്ടെത്തുക. തനതു സൗന്ദര്യം തിരികെപ്പിടിക്കുക.