Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാദങ്ങൾക്ക് വേണം പെഡിക്യൂർ

legs

പെഡിക്യൂർ ബ്യൂട്ടി പാർലറിൽ പോയി ചെയ്യേണ്ട ഒന്നാണെന്നാണ് മിക്കവരുടേയും ധാരണ. എന്നാൽ, കാലുകൾക്ക് നൽകേണ്ട സൗന്ദര്യ സംരക്ഷണം മാത്രമല്ല ആരോഗ്യ പരിചരണം കൂടിയാണ് പെഡിക്യൂർ. പാദങ്ങൾക്ക് വീട്ടിൽ തന്നെ പെഡിക്യൂർ ചെയ്യുന്നത് ശീലമാക്കാം.

സ്ഥിരമായി പെഡിക്യൂർ ചെയ്യുന്നത് കാലുകളിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് കാലുകളെ മൃദുവാക്കും. മഞ്ഞുകാലത്ത് ഇതൊരു അത്യാവശ്യ സൗന്ദര്യ സംരക്ഷണമാണ്.

ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പെഡിക്യൂർ ചെയ്യണം. തുടക്കം നഖങ്ങൾ മുറിച്ചു കൊണ്ടാകാം. നെയിൽ കട്ടർ കൊണ്ട് ഇരുവശവും ആദ്യവും പിന്നീട് നടുഭാഗവും എന്ന ക്രമത്തിൽ നഖങ്ങളുടെ അറ്റം അൽപം വളഞ്ഞിരിക്കുന്ന രീതിയിൽ നഖം മുറിക്കാം. നെയിൽ പോളീഷ് ഉണ്ടെങ്കിൽ റിമൂവർ ഉപയോഗിച്ച് അവ നീക്കം ചെയ്യണം.

കാലുകൾ കഴുകി തുടച്ച ശേഷം എണ്ണയോ ഏതെങ്കിലും മോയ്സ്ചറൈസിങ് ക്രീമോ ഉപയോഗിച്ച് കാലുകൾ മസാജ് ചെയ്യുക. ഉപ്പൂറ്റി, വിരലുകൾ, വിരലിടകൾ എന്നിവ നന്നായി മസാജ് ചെയ്യണം.

കട്ടിലിൽ ഇരുന്ന ശേഷം ഉരുണ്ട റൂൾതടിയോ, പൈപ്പോ നിലത്ത് വച്ച് കാൽ ചവുട്ടി സാവധാനം ഉരുട്ടുന്നത് കാൽപാദങ്ങൾക്ക് മസാജ് നൽകും. കാലുകൾ മുന്നോട്ടും പിന്നോട്ടും വട്ടത്തിലും സ്ട്രെച്ച് ചെയ്യുക.

ഒരു ചെറിയ ബേസിനിൽ ഇളം ചൂട് വെള്ളമെടുത്ത് പാദങ്ങൾ 5-10 മിനിറ്റ് മുക്കി വയ്ക്കുക. ഈ വെള്ളത്തിൽ ഡെഡ് സീ സാൾട്ട് ചേർക്കുന്നത് നല്ലതാണ്. സാധാരണ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും ഗുണം ചെയ്യും. ഉപ്പ്, കാലിലെ ചെറിയ മുറിവുകളും അണുബാധകളും കുറയ്ക്കുകയും നാരങ്ങാനീര് മൃദുത്വം നൽകുകയും ചെയ്യും.

ഇതിന് ശേഷം ഫുട് സ്ക്രബ് ഉപയോഗിച്ച് കാലുകൾ മൃദുവായി ഉരസുക. മൃതകോശങ്ങൾ ഇതിലൂടെ നീക്കം ചെയ്യാം. വൃത്താകൃതിയിൽ വേണം സ്ക്രബ് കൊണ്ട് ഉരസാൻ. സ്ക്രബ് ചെയ്യാൻ മൃദുവായ ലിക്വിഡ് സോപ്പും പ്യൂമിസ് സ്റ്റോണും ഉപയോഗിക്കാം.

കാൽ കഴുകി തുടച്ച ശേഷം മോയിസ്ചറൈസിങ് ക്രീമോ ഫുട് ക്രീമോ ഉപയോഗിക്കാം. കാലുകൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ക്രീമുകൾ പുരട്ടുന്നത് നന്നായിരിക്കും.