Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി കൊഴിച്ചിൽ തടയാൻ ഉരുളക്കിഴങ്ങ്

Hair Representative Image

മുടി കൊഴിച്ചില്‍ അധികമാകുമ്പോഴാണു പലരും പരിഹാരമാർഗങ്ങൾ തേടിപ്പോകാൻ ആരംഭിക്കുന്നത്. പലവിധ മരുന്നുകള്‍ പരീക്ഷിച്ചിട്ടും ലൈഫ്സ്റ്റൈൽ മാറ്റിയിട്ടുമൊന്നും മുടികൊഴിച്ചിൽ തെല്ലുംകുറയാത്തവർ ഇഷ്ടംപോലെയുണ്ട്. അവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, മുടിയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പണംമുടക്കി പാർലറുകൾ കയറിയിറങ്ങേണ്ടതില്ല മറിച്ച് വീട്ടിനുള്ളിൽ തന്നെ ലഭ്യമാകുന്ന നാടൻ വസ്തുക്കൾ തന്നെ ഉഗ്രന്‍ മരുന്നിന്റെ ഫലം ചെയ്യുന്നവയാണ്. അതിലൊന്നാണ് നമ്മുടെ ഉരുളക്കിഴങ്ങ്, കറികളിൽ ചേർക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉരുളക്കിഴങ്ങിനു വളരെ വലിയ സ്ഥാനമാണുള്ളത്. മുടികൊഴിച്ചിൽ മൂലം ദുരിതം അനുഭവിക്കുന്നവരാണു നിങ്ങൾ എങ്കിൽ ഇതാ ഉരുളക്കിഴങ്ങു കൊണ്ടുള്ള ചില നാടൻ പ്രയോഗങ്ങൾ പരീക്ഷിക്കാം, തീർച്ചയാണ് നിങ്ങളുടെ മുടി സംബന്ധിച്ചുള്ള പ്രശ്നങ്ങളൊക്കെ പമ്പ ക‌ടത്തും ഈ കുഞ്ഞൻകിഴങ്ങ്.

ഇനി മുടി തഴച്ചു വളരും

ആരോഗ്യവും തിളങ്ങുന്നതുമായ മുടി സ്വന്തമാക്കാനായി ഉരുളക്കിഴങ്ങു കൊണ്ടൊരു മാർഗമുണ്ട്. അതിനായി ഒരു ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് ഒരു മുട്ടയും തൈരും ചേർത്ത് നന്നായി ഇളക്കുക. ഇനി ഈ മിശ്രിതം മുടിയുടെ വേരുകളിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇരുപതു മിനിറ്റിനു ശേഷം മൈൽഡ് ഷാംപൂ ഉപയോഗിച്ച് ഇളംചൂടു വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. ഇരുപതു ദിവസത്തിലൊരിക്കൽ ഇതു ചെയ്യുന്നത് നല്ല ഫലം നല്‍കും

നര മാറ്റാനും ബെസ്റ്റ്

നര പ്രശ്നമായിട്ടുള്ളവർക്കും ഉരുളക്കിഴങ്ങ് കി‌ടിലൻ മരുന്നാണ്. അതിനായി ആദ്യം രണ്ടുമൂന്നു ഉരുളക്കിഴങ്ങിന്റെ തൊലിയെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ചൂടാക്കുക. പത്തു പതിനഞ്ചു മിനിറ്റു ചൂടായതിനു ശേഷം വാങ്ങിവെക്കുക. മൈൽഡ് ഷാപൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം ഈ പൊട്ടാറ്റോ പീലിങ് വാട്ടർ അഞ്ചുമിനിറ്റ് മുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ച്ചകൾക്കുള്ളിൽ നരച്ച മുടികൾ പാടേ അപ്രത്യക്ഷമാകുന്നതു കാണാം.

മുടി കൊഴിച്ചിലിനു ഗുഡ്ബൈ

മുടി കൊഴിച്ചിൽ മൂലം വലയുന്നവര്‍ക്കും ഉരുളക്കിഴങ്ങ് ഉത്തമ പരിഹാരമാണ്. മൂന്നു ‌ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് നീരിലേക്ക് മൂന്നു ടീസ്പൂൺ അലോ വേര നീരും തേനും ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കുക. രണ്ടുമണിക്കൂറിനു ശേഷം കഴുകിക്കളയാം. ആഴ്ച്ചയിൽ രണ്ടുതവണ ചെയ്യുന്നത് മികച്ച ഫലം നൽകും.