Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈലാഞ്ചികൈയിൽ കല്യാണം കണ്ടോ...??

mehandi

പെൺകുട്ടികളുടെ ഏറ്റവും വലിയ സൗന്ദര്യ സങ്കല്പങ്ങളിൽ മെഹന്ദിയ്ക്കുള്ള സ്ഥാനം ഒട്ടും കുറച്ച് കാണാനാകില്ല. വിവാഹ വേദികളിൽ തിളങ്ങണമെങ്കിലും കോളേജ് ഫങ്ഷനുകളിൽ അടിച്ചു പൊളിക്കണമെങ്കിലും ഒക്കെ കയ്യിലൊരു മൈലാഞ്ചി ചന്തമുണ്ടെങ്കിൽ അതൊരു രസമാണ്. വീട്ടിൽ നല്ല ഒന്നാന്തരം മൈലാഞ്ചി ചെടിയൊക്കെ ഉണ്ടെങ്കിലും അതരച്ച് കയ്യിൽ ഒരു രൂപാ നാണയത്തിന്റെ വട്ടത്തിൽ വയ്ക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു. ഇപ്പോൾ രാസമാറ്റം വരുത്തിയ മെഹന്ദി പാക്കറ്റുകൾ ആവശ്യത്തിന് വിപണിയിൽ ലഭ്യമാണ്, അരയ്‌ക്കേണ്ട, ഉരുട്ടേണ്ട, കവറുകളിൽ നിറയ്‌ക്കേണ്ട, ഓട്ട ഉണ്ടാക്കേണ്ട, ചുമ്മാ ഡിസൈൻ അറിയുന്നവർ, നന്നായി വരയ്ക്കാൻ കഴിയുന്ന ആരേലും ഉണ്ടായാൽ മാത്രം മതി. നല്ല ചുവന്നു കറുത്ത് അടിപൊളി മെഹന്ദി ഡിസൈൻ തയ്യാർ. 

എന്നാൽ ഈ മെഹന്ദി വെറുതെ കയ്യിലങ്ങ് ഇട്ടാൽ മതിയോ? പോരാ എന്നതാണ് സത്യം. ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മൈലാഞ്ചി കയ്യുകൾ അടിപൊളിയാക്കാം. ഇതാ ചില ടിപ്സ്

കയ്യിൽ മെഹന്ദി ഇടുന്നതിനു മുൻപ് സോപ്പ് ഇട്ട് നന്നായി കൈ കഴുകി വൃത്തിയാക്കുക. കുറച്ച് ആൽക്കഹോൾ ഉപയോഗിച്ച് കൈ കഴുകിയാൽ കയ്യിലെ എണ്ണമയം പോയിക്കിട്ടും. എണ്ണ മയം ഉള്ള കയ്യിൽ നിറം പിടിയ്ക്കാൻ ബുദ്ധിമുട്ടാണ്.

മെഹന്ദി കോൺ ഉപയോഗിച്ച് ഇടുമ്പോൾ ശ്രദ്ധിക്കാനുണ്ട്. എപ്പോഴും കോണിന്റെ മുകളിൽ ഭാഗത്ത് പിടിച്ചാണ് മർദ്ദം കൊടുക്കേണ്ടത്. പുറത്തേയ്ക്ക് വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അഗ്രം വളരെ ചെറുതായി മുറിച്ച് കൊടുക്കാം. ദ്വാരം വലുതാകാതെയിരിക്കാൻ ശ്രദ്ധിക്കണം.

കയ്യിലേയും കാലിലെയും ഭാഗങ്ങൾ നല്ല കട്ടിയുള്ളതുകൊണ്ടാണ് അവിടെ മെഹന്ദി ഇടുമ്പോൾ നല്ല നിറം ലഭിക്കുന്നത് എന്നാൽ കയ്യുടെ പുറകു ഭാഗത്തിന് കൈ വെള്ളയുടെ അത്ര കട്ടി ഇല്ലാത്തതു കാരണം അവിടം അത്ര നിറമുണ്ടാവില്ല, ഇത് ഓർക്കുക.

ഒരുതവണ മെഹന്ദി ഇട്ടു കഴിഞ്ഞാൽ അത് ഉണങ്ങാൻ അനുവദിക്കുക. അതിനു ശേഷം പൊളിഞ്ഞു പോരുന്നത് കളയാം. ഉണങ്ങുന്നതിനു മുൻപ് ഡിസൈനിൽ കൈകൊണ്ടു തൊടാതെ ഇരിക്കാൻ ശ്രദ്ധിക്കുക

നല്ല നിറം വയ്ക്കാൻ മൈലാഞ്ചിയുടെ കൂടെ ഒരു നാരങ്ങാ പ്രയോഗമുണ്ട്. പഞ്ചസാര, നാരങ്ങാനീര് വെള്ളം എന്നിവ ചേർത്ത് ആദ്യം നന്നായി അരച്ച് ഒരു പെയ്സ്റ്റുണ്ടാക്കുക
മെഹന്ദി ഇട്ട് ഒന്ന് ഉണങ്ങി തുടങ്ങുമ്പോൾ ഈ പെയ്‌സ്റ് ഇതിനു മുകളിൽ പുരട്ടി കൊടുക്കാം. നല്ല നിറം ലഭിയ്ക്കാൻ ഈ മിശ്രിതം നല്ലതാണ്. ഇത് മുകളിൽ ഇട്ട ശേഷം ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂറുകൾ വേണ്ടി വന്നേക്കാം മെഹന്ദി ഉണങ്ങിപ്പിടിയ്ക്കാൻ. അത്യാവശ്യമെങ്കിൽ പെട്ടെന്ന് ഉണങ്ങാൻ ഡ്രയർ ഉപയോഗിക്കാം.

വൈകുന്നേരം മെഹന്ദി ഇടുന്നതാണ് ഏറ്റവും നല്ലത്. കാരണം രാത്രി മുഴുവൻ അത് കൈകളിൽ ഇരുന്ന് നന്നായി നിറം കിട്ടും. മെഹന്ദി ഇട്ട ശേഷം ഇത് നന്നായി ഒരു തുണി കൊണ്ട് കവർ ചെയ്ത വച്ചിരുന്നാൽ നല്ലതാണ്. രാത്രിയിൽ ഇത്തരത്തിൽ ചെയ്യാം.

മെഹന്ദി നന്നായി ഉണങ്ങിക്കഴിഞ്ഞാൽ വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാതെ ഇരിക്കുക. ശ്രദ്ധാപൂർവ്വം ഉണങ്ങിയ മെഹന്ദി കൈകൊണ്ട് ഇളക്കി മാറ്റുക. തുണി ഉപയോഗിച്ച് നന്നായി തുടച്ചാൽ മതിയാകും. പറ്റുമെങ്കിൽ അന്നത്തെ ദിവസം മെഹന്ദി ഇട്ട കയ്യിൽ വെള്ളം തൊടീക്കാതെ ഇരിക്കുന്നതാണ് നല്ലത്. മെഹന്ദി ഇട്ടു ചുവന്ന കൈകളിൽ കുറച്ച് മിനുക്കുകൾ കൂട്ടി ഇട്ടാൽ കല്യാണത്തിന് തിളക്കം കൂട്ടാൻ മറ്റൊന്നും വേണ്ട.  

Your Rating: