Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖക്കുരുവിലുണ്ട് ചില രോഗലക്ഷണം! അറിയണം ഈ 8 കാര്യങ്ങൾ

pimples-on-face Representative Image

കൗമാരപ്രായത്തിൽ മുഖക്കുരു വരാത്തവർ കുറവായിരിക്കും. മിനുസമേറിയ മുഖചർമത്തിൽ ചുവപ്പു കുരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴേ കണ്ണാടി നോക്കാൻ ഭയന്നിരുന്നവരുണ്ട്. കാലം മാറി പ്രേമം സിനിമയിലെ മലർ വന്നതോടെ മുഖക്കുരുവിനോടും പലർക്കും പ്രേമമായി. പക്ഷേ മുഖക്കുരു അത്ര ചില്ലറക്കാരനല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. മുഖത്തു വരുന്ന കുരുക്കൾ പലതും ശരീരത്തിലെ മറ്റെന്തെങ്കിലും അസുഖങ്ങളുടെയും ലക്ഷണമായിരിക്കുമത്രേ. അസുഖങ്ങളെ കണ്ടെത്തുന്നതിന് നിരവധി പരമ്പരാഗതവും ആധുനികവുമായ മാർഗങ്ങളുണ്ട്. അതിൽ ഒന്നാണ് ഫേസ് മാപ്പിംഗ്. അഥവാ മുഖത്തെ കുരുക്കളിൽ നിന്നും പാടുകളിൽ നിന്നും രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന രീതിയാണിത്.

പുരികം, കണ്ണ്

പുരികത്തിന്റെയും കണ്ണിന്റെയും താഴെ വരുന്ന പാടുകൾ പലതും കരളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതിനർഥം ഒന്നോ രണ്ടോ പാടുകൾ കണ്ടാൽ അപ്പോൾതന്നെ കരൾ പ്രവർത്തനം താറുമാറിലായെന്നു കരുതി ആശുപത്രിയിൽ പോകണമെന്നല്ല. മറിച്ച് നിങ്ങളുടെ കരൾ പൂർണമായൂം ആരോഗ്യത്തോടെ പ്രവർത്തിക്കുന്നില്ലെന്നതിന്റെ ലക്ഷണമാകാം. എപ്പോഴും ക്ഷീണവും അലസതയും തലവേദനയുമുണ്ടെങ്കിൽ േഡാക്ടറെ കാണാൻ മടിക്കുകയേ അരുത്.

നെറ്റിയ്ക്കു മുകളിൽ

നെറ്റിയ്ക്കു മുകളിൽ കുരു വരുന്നത് ദഹനപ്രക്രിയ സുഗമമല്ലാത്തതിനെയും മൂത്രാശയം തകരാറിലാകുന്നതിനെയും സൂചിപ്പിക്കുന്നു. ദഹനം സംബന്ധിച്ചു പ്രശ്നങ്ങൾ വരുന്നതിന്റെ പ്രധാനകാരണം ശരിയല്ലാത്ത ഭക്ഷണരീതിയാണ്. ഡയറ്റിൽ നാരടങ്ങിയ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

െനറ്റിയ്ക്കു താഴെ

നെറ്റിയ്ക്കു താഴെ കുരു വരുന്നത് ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങളെ സൂചിപ്പിക്കുന്നു. ഇതിനൊപ്പം ശ്വസനത്തിനു ബുദ്ധിമുട്ടും വേഗത്തിലുള്ള ഹൃദയമിടിപ്പും തളർച്ചയുമുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

കവിളിലെ മുഖക്കുരു

അസാധാരണമാം വിധം കവിളിൽ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് രണ്ടുവിധം രോഗങ്ങളുടെ സൂചനയാകാം. കവിളിന്റെ മുകള്‍ ഭാഗത്തെ കുരുക്കൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും കവിളിന്റെ താഴെയാണെങ്കില്‍ പല്ലിന്റെ പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു.

ചെവി

ചെവിയിൽ വരുന്ന കുരുക്കൾ മിക്കവാറും വേദനയുള്ളതായിരിക്കും. കിഡ്നി സംബന്ധമായ രോഗങ്ങളെയാണ് ഇത്തരം കുരുക്കള്‍ സൂചിപ്പിക്കുന്നത്. കിഡ്നിയെ ആരോഗ്യമുള്ളതാക്കുന്നതിൽ ധാരാളം വെള്ളം കുടിക്കണമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

താ‌ടി

താടിയുടെ മധ്യഭാഗത്തും ഇരുവശങ്ങളിലുമായാണ് സാധാരണ കുരുക്കൾ പ്രത്യക്ഷപ്പെടാറുള്ളത്. മധ്യഭാഗത്തെ കുരുക്കൾ വയറിന്റെയും ആമാശയത്തിന്റെയും പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. താടിയുടെ വശങ്ങളിലാണെങ്കിൽ അതു ഹോർമോണൽ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. മാസംതോറും സ്ത്രീകൾക്കും പുരുഷന്മാർക്കും ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്, ഇങ്ങനെ വരുന്ന മുഖക്കുരുക്കൾ സാധാരണവുമാണ്. ഇതു നീണ്ടകാലം നിലനിൽക്കുകയാണെങ്കിൽ പരിശോധിക്കേണ്ടതാണ്.

മൂക്കിലെ കുരുക്കൾ

മൂക്കിലെ കുരുക്കൾ പാൻക്രിയാസിനെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാകാം . ദഹനപ്രക്രിയയ്ക്ക് അത്യാവശ്യമായ എൻസൈമുകളെയും ചില ഹോര്‍മോണുകളെയും ഉൽപ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്കാണ് പാൻക്രിയാസിനുള്ളത്.

നെഞ്ചിലും കഴുത്തിലും വരുന്ന കുരുക്കൾ

മുഖത്തിനു താഴെയായി തൊണ്ടയിലും കഴുത്തിലും നെഞ്ചിലും വരുന്ന കുരുക്കൾ മാനസിക സമ്മർദ്ദത്തെയും ഇൻഫെക്ഷനെയും സൂചിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.