Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ്ച്ചോറിനും കോഴിക്കറിയ്ക്കും 120 രൂപ, ബിനാലെയില്‍ ശ്രദ്ധേയമായി  കുടുംബശ്രീ സ്റ്റാള്‍

knb-kudumbasree

കുടുംബശ്രീ സ്റ്റാളുകളെന്നാല്‍ ഏവരുടെയും മനസിലേക്ക് ഓടിയെത്തുന്നത് രുചികരമായ ഭക്ഷണമാണ്. എന്നാല്‍ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ വേദിയായ കബ്രാള്‍ യാര്‍ഡിലെ കുടുംബശ്രീ സ്റ്റാളില്‍ ലഭിക്കുന്നത് ഭക്ഷണ ത്തിലൂടെയുള്ള സമകാലീന കലാമികവിന്‍റെ അനുഭവം കൂടിയാണ്.

കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് വരയുടെ പെണ്മ എന്ന കലാപരിശീലന കളരി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഫോര്‍ട്ട്കൊച്ചി പെപ്പര്‍ഹൗസില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന റെസിഡന്‍സി പരിപാടിയും നടന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ബിനാലെ നാലാം ലക്കത്തില്‍ കുടുംബശ്രീ സ്റ്റാള്‍ ഏവരെയും ആകര്‍ഷിക്കുന്നു.

കുടുംബശ്രീയുമായുള്ള ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിനാലെ പവലിയനില്‍ സ്റ്റാള്‍ ആരംഭിച്ചത്. ഈ സഹകരണം ഏറെ അഭിമാനം പകരുന്നതാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പ്രതിമാനിര്‍മ്മാണം, ചിത്രരചന തുടങ്ങിയവയില്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേകമായി ഫൗണ്ടേഷന്‍ പരിശീലനം നല്‍കി. ധാരണാപത്രം ഒപ്പിട്ടതോടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ കലാപരമായി മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിക്കുമെന്ന് ബോസ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്‍റെ ഉത്തമോദാഹരണമാണ് കുടുംബശ്രീയെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

കൊച്ചി ബിനാലെ നാലാം ലക്കത്തില്‍ ഒരുക്കിയിരിക്കുന്ന രണ്ട് ഭക്ഷണ പ്രതിഷ്ഠാപനങ്ങളിലൊന്നാണ് കുടുംബശ്രീ. ചായ, കാപ്പി, ചെറുകടി എന്നിവയ്ക്ക് ഒരു വിഭാഗവും, ഊണ് ജ്യൂസ് തുടങ്ങിയ പ്രധാന വിഭവങ്ങള്‍ക്ക് മറ്റൊരു വിഭാഗവുമാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ 20 ദിവസങ്ങള്‍ തോറും സ്റ്റാളിലെ സംഘാംഗങ്ങള്‍ മാറും. ഒരേ സമയം 12 മുതല്‍ 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുണ്ടാകുന്നത്. 2019 മാര്‍ച്ച് 29 ന് ബിനാലെ അവസാനിക്കുമ്പോഴേക്കും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരും ബിനാലെ സ്റ്റാളില്‍ പങ്കാളികളാകും.

രാവിലെ 10 മുതലാണ് സ്റ്റാളിന്‍റെ പ്രവര്‍ത്തനം. മിതമായ നിരക്കിലുളള വൈവിദ്ധ്യമാര്‍ന്ന നെല്ലിക്കാ ജ്യൂസാണ് ഇവിടുത്തെ സ്പെഷ്യല്‍. തേന്‍, ബീട്രൂറ്റ്, പുതിനയില തുടങ്ങിയവ ചേര്‍ത്ത ജ്യൂസ്, പ്രമേഹരോഗികള്‍ക്ക് മധുരമിടാത്ത ജ്യൂസ് എന്നിവയും ഇവിടെയുണ്ടെന്ന് കുടുംബശ്രീ പ്രവര്‍ത്തക അനില അലി പറഞ്ഞു. അവല്‍ ഷെയ്ക്ക്, പാല്‍ സര്‍ബത്ത് തുടങ്ങിയവയും ഇവിടെയുണ്ട്. ജ്യൂസ്, ഷെയ്ക്ക് എന്നിവ തയ്യാറാക്കുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചയാളാണ് അനില. അമ്പത് രൂപയ്ക്ക് ഊണും മീന്‍ കറിയും ഇവിടെ ലഭിക്കും. നെയ്ച്ചോറിനും കോഴിക്കറിയ്ക്കും 120 രൂപയാണ് വില. ഇത് കൂടാതെ വിവിധയിനം പുട്ടുകളും ലഭിക്കും.

മുട്ട കിളിക്കൂട്, വാഴക്കൂമ്പ് കട്ലറ്റ്, പഴം നിറച്ചത് തുടങ്ങിയവയാണ് ചെറുകടി വിഭാഗത്തിലെ വൈവിദ്ധ്യങ്ങള്‍. സംരംഭകത്വത്തിലൂടെയും സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെയും സ്ത്രീ ശാക്തീകരണത്തിന് ലക്ഷ്യം വച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് കുടുംബശ്രീ.

Your Rating: