Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.പി. കൃഷ്ണകുമാറിന്‍റെ ജീവസ്സുറ്റ കലാസൃഷ്ടികള്‍വീണ്ടും ബിനാലെയില്‍

KRISHNAKUMAR-KOCHI-BIENNALE2018

പ്രശസ്ത ശില്‍പിയും ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ റാഡിക്കല്‍ പ്രസ്ഥാനത്തിന് രൂപംകൊടുത്തവരില്‍ പ്രധാനിയുമായ കെ.പി. കൃഷ്ണകുമാറിന്‍റെ ജീവസ്സുറ്റ കലാസൃഷ്ടികള്‍ വീണ്ടും ബിനാലെയില്‍.

ബിനാലെയുടെ 2012 ലെ പ്രഥമ പതിപ്പില്‍ കൃഷ്ണകുമാറിന്‍റെ കലാസൃഷ്ടി പ്രധാന ആകര്‍ഷണമായിരുന്നു. 108 ദിവസത്തെ ബിനാലെയുടെ നാലാം പതിപ്പില്‍ ദര്‍ബാര്‍ ഹാളിലെ ഗാലറിയിലാണ് ഇതിഹാസ കലാകാരന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

1958 ല്‍ വള്ളുവനാടന്‍ ഗ്രാമത്തില്‍ ജനിച്ച കൃഷ്ണകുമാര്‍ 80 കളില്‍ ഉടലെടുത്ത റാഡിക്കല്‍ പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു. 1989 ലാണ് അദ്ദേഹം അന്തരിച്ചത്. ബിനാലെ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തിന്‍റെ സഹോദരനായ കെ.പി. രവീന്ദ്രന് കലാകാരനെന്നതിനുപരി കൃഷ്ണകുമാറിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയായിരുന്നു.

Krishnakumar-BIENNALE2018

കൃഷ്ണകുമാര്‍ ചെറുപ്പത്തില്‍ വികൃതിയായിരുന്നുവെങ്കിലും മര്യാദക്കാരനായിരുന്നു. യുവത്വ കാലഘട്ടത്തിലെ അഭിപ്രായങ്ങള്‍ യുക്തിസഹമായിരുന്നു. അഭിപ്രായങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹത്തിന്‍റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് സ്വന്തം ശില്‍പങ്ങളിലൂടേയും ചിത്രങ്ങളിലൂടേയും പ്രതിഫലനം കണ്ടെത്തുന്ന കുട്ടിയെപ്പോലെയായിരുന്നു. ഈ മനോഭാവം അദ്ദേഹത്തിന്‍റെ സൃഷ്ടികളില്‍ തന്നെ പ്രകടമാണെന്നും       മുംബൈയിലും താമസിച്ചിട്ടുള്ള രവീന്ദ്രന്‍ പറഞ്ഞു.

കൃഷ്ണകുമാറിന്‍റെ കലാസൃഷ്ടികള്‍ സമകാലീന കലാകാരിയും ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്ററുമായ അനിതാ ദുബെയെ സ്വാധീനിച്ചിട്ടുണ്ട്. അനിതയുടെ ക്യൂറേറ്റോറിയല്‍ കുറിപ്പില്‍ കൃഷ്ണകുമാറിന്‍റെ ആദ്യകാല ശില്‍പമായ ബോയ് ലിസണിംഗിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇത് നിലവിലില്ലെങ്കിലും ഇന്ത്യയിലെ കാലാകാരന്‍മാരിലും ചിന്തകന്‍മാരിലും സ്വാധീനം ചെലുത്തിയ റാഡിക്കല്‍ പ്രസ്ഥാനത്തില്‍ ഭാഗഭാക്കായവരുടെ ഹൃദയങ്ങളിലും മനസ്സുകളിലും ആ കലാസൃഷ്ടി ജീവിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

റാഡിക്കല്‍ ഇന്ത്യന്‍ പെയിന്‍റേഴ്സ് ആന്‍ഡ് സ്കള്‍പ്ച്ചേഴ്സ് അസോസിയേഷന്‍റെ സ്ഥാപകരില്‍ പ്രധാനിയായ കൃഷ്ണകുമാര്‍ ആ കാലഘട്ടത്തിലെ രാഷ്ട്രീയത്തോടുള്ള പ്രതീകരണമായാണ് പ്രസ്ഥാനത്തെ നയിച്ചിരുന്നത്. കല ജനകീയമാക്കുന്നതിനായിരുന്നു പ്രസ്ഥാനം നിലകൊണ്ടതെന്ന് രവീന്ദ്രന്‍ പറഞ്ഞു. കലാസൃഷ്ടികള്‍ ആദ്യ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് കൃഷ്ണകുമാറിന്‍റെ മരണത്തിനും രണ്ട് ദശാബ്ദക്കാലത്തിനിപ്പുറം അവ ജനങ്ങള്‍ക്കാസ്വദിക്കുന്നതിനായി വേദിയൊരുങ്ങിയത്. 

KRISHNAKUMAR-BIENNALE2018-DEC31

യന്ത്രങ്ങള്‍, ചെടികള്‍, മൃഗങ്ങള്‍, സ്ത്രീകള്‍, പരുഷന്‍മാര്‍, പ്രവിശ്യകളും  നഗരങ്ങളും അടങ്ങുന്ന പ്രദേശങ്ങള്‍, സ്റ്റുഡിയോ- പ്രാദേശിക അകത്തളങ്ങള്‍ എന്നിവ ചേര്‍ന്ന ഒരു ലോകം പോലെയാണ് അദ്ദേഹത്തിന്‍റെ കലാസൃഷ്ടികള്‍ അണിനിരത്തിയിരിക്കുന്നത്. കല എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനായി അദ്ദേഹം പ്രയത്നിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം സമൂലപരിഷ്കരണ വാദ പ്രസ്ഥാനമായ റാഡിക്കല്‍ പ്രസ്ഥാനം ശിഥിലമായി. ഇപ്പോള്‍ ഇദ്ദേഹത്തേയും സഹപ്രവര്‍ത്തകരേയും ആര്‍ക്കും അറിയില്ലെന്നും രവീന്ദ്രന്‍ വ്യക്തമാക്കി.

ഇരുപതാംനൂറ്റാണ്ടിലെ പ്രശസ്ത മലയാള കവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ സഹോദരിയായ അമ്മാളുക്കുട്ടിയമ്മയുടെ  ഒന്‍പതു മക്കളില്‍ ആറാമനാണ് കൃഷ്ണകുമാര്‍.

ആദ്യകാലം മുതല്‍ക്കേ കലാതല്‍പരനായിരുന്ന അദ്ദേഹത്തിന്‍റെ ആദ്യ കാല പ്രമേയങ്ങള്‍ പ്രകൃതിയും സമൂഹവുമായിരുന്നു. കലയെ വില്‍പ്പനച്ചരക്കാക്കുന്നതിലുള്ള വിയോജിപ്പ് അദ്ദേഹത്തിന്‍റെ പ്രസ്ഥാനം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്‍റെ കലാകാഴ്ചകള്‍ സൃഷ്ടികളില്‍ പ്രതിഫലിക്കുന്നുണ്ട്. തിരുവനന്തപുരം, ശാന്തിനികേതന്‍, ബറോഡ, ഡല്‍ഹി എന്നിവിടങ്ങളില്‍ പഠനം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

കൃഷ്ണകുമാറിന്‍റെ കേരള-ബറോഡ സംഘം  രാഷ്ടീയ,സൗന്ദര്യാത്മക പ്രശ്നങ്ങളില്‍ ഇന്ത്യന്‍ കല യുക്തിസഹജമായ ഇടപെടല്‍ നടത്തേണ്ടിയിരുന്നതായി വാദിച്ചിട്ടുണ്ട്. കൃഷ്ണകുമാര്‍ ഉപയോഗിച്ചിരുന്ന  ആംഗ്യവിക്ഷേപങ്ങള്‍  ആസ്വാകരെ കളിയാക്കുന്നതും ശില്‍പസാന്നിധ്യത്തിലുള്ള വിശ്വസത്തിലേക്ക് വിരല്‍ചൂണ്ടുന്നതുമായിരുന്നു. തന്‍റെ മാതൃ സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയത്തില്‍ മാനവികത മടക്കിക്കൊണ്ടുവരാന്‍ അദ്ദേഹം ആഗ്രഹച്ചിരുന്നതായി കലാ പണ്ഡിതയായ ഗീതാ കപൂര്‍ പറഞ്ഞു.