Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധമീ ജീവിതം

Mother Teresa

പന്ത്രണ്ടാം വയസ്സിലാണു മദർ തെരേസയ്ക്കു ദൈവവിളിയുണ്ടാവുന്നത്. 18–ാം വയസ്സിൽ കന്യാസ്ത്രീയവാൻ വീടുവിട്ട തെരേസയുടെ ആദ്യത്തെ പേര് ആഗ്നസ് എന്നായിരുന്നു. 1928 സെപ്റ്റംബർ 25ന് അയർലൻഡിലെ ഡബ്ലിനിലുള്ള റാത്ഫർമാം ലൊറേറ്റ കന്യാസ്ത്രീമഠത്തിൽ ചേർന്നു. തെരേസ എന്ന പേരു സ്വീകരിച്ചത് ഇവിടെ വച്ചാണ്. 19–ാം വയസിൽ ഇന്ത്യയിലെത്തി. കൊൽക്കത്തയിൽ സെന്റ് മേരീസ് സ്കൂളിൽ അധ്യാപികയായിട്ടായിരുന്നു തുടക്കം. 1931 മേയ് 25ന് കന്യാസ്ത്രീയായി പ്രഥമവ്രതവാഗ്ദാനം. ആറു വർഷത്തിനു ശേഷം പൂർണ വ്രതവാഗ്ദാനം. അതോടെ സിസ്റ്റർ തെരേസയായി.

1946 സെപ്റ്റംബർ 10ന് ഡാർജലിങ്ങിലേക്കുള്ള ട്രെയിൻ യാത്രയിലാണു പാവങ്ങളോടു കരുണ തോന്നിയുള്ള ആദ്യ ഉൾവിളിയുണ്ടാവുന്നത്. കൊൽക്കത്തയിലെ സാഹചര്യങ്ങൾ അന്ന് അത്രമേൽ ദയനീമായിരുന്നു. ദാരിദ്ര്യവും രോഗങ്ങളും വല്ലാതെ മഹാനഗരത്തെ അലട്ടിയിരുന്ന കാലം. കുഷ്ഠരോഗികളും നിത്യരോഗികളുമായി അനേകർ അനാഥരായി തെരുവുകളിലും ചേരികളിലും കഴിഞ്ഞിരുന്ന കാലം. അവർക്കിടയിലേക്കായിരുന്നു മദർ ആദ്യമിറങ്ങിയത്. 1948ൽ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ സ്കൂൾ ആരംഭിച്ചു. ചേരിയിലെ ആദ്യസ്കൂൾ കൊൽക്കത്ത ക്രീക്ക് ലൈനിൽ തുടങ്ങി. ഇതായിരുന്നു മദർ തെരേസയുടെ സന്യാസ സമൂഹത്തിന്റെ ആദ്യ പ്രവർത്തനമണ്ഡലവും ഓഫിസുമെല്ലാം. 1950 ഒക്ടോബർ ഏഴിനു ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസ സമൂഹം രൂപീകരിച്ചു. 12 കന്യാസ്ത്രീമാരുമായിട്ടായിരുന്നു തുടക്കം. സന്യാസസമുഹത്തിന് വൈകാതെ കത്തോലിക്കാ സഭയുടെ അംഗീകാരവും ലഭിച്ചു. സന്യാസസമൂഹത്തിന്റെ മദർ ആയതോടെയാണു മദർ തെരേസ എന്ന് അറിയപ്പെട്ടു തുടങ്ങിയത്.

മദർ തെരേസയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് 1951ലാണ്. തൊട്ടടുത്തവർഷം ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ടിൽ അഗതികൾക്കായി ആദ്യത്തെ കേന്ദ്രം – നിർമൽ ഹൃദയ്– പ്രവർത്തനം തുടങ്ങി. പിറ്റേവർഷം ക്രീക്ക് ലൈനിൽനിന്ന് ലോവർ സർക്കുലർ റോഡിലെ രണ്ടുനില കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റി. ഇന്ന് മദർ ഹൗസ് എന്ന പേരിൽ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രകാര്യാലയമായി ഇത് അറിയപ്പെടുന്നു. പിന്നീട് മരണം വരെ മദർ പ്രവർത്തിച്ചതും ജീവിച്ചതും മദർ ഹൗസിലെ ഒരു കൊച്ചുമുറിയിലായിരുന്നു. മരണവും ഈ മുറിയിൽ വച്ചായിരുന്നു.

1957 മുതലാണു മദർ തെരേസയും സഹകന്യാസ്ത്രീമാരും കുഷ്ഠരോഗികൾക്ക് ഇടയിൽ പ്രവർത്തനം തുടങ്ങിയത്. ഇതു സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവച്ചു. തൊടാൻ അറച്ചുനിന്ന കുഷ്ഠരോഗികളെ നേരിട്ടു ചെന്ന് ഏറ്റെടുത്ത് അവർക്കു ഭക്ഷണവും മരുന്നും നൽകിയുള്ള മദറിന്റെ പ്രവർത്തനം ലോകശ്രദ്ധ നേടി. 1962ൽ മദറിന്റെ സേവനങ്ങൾക്ക് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

അതുവരെ സ്ത്രീകളുടെ മാത്രം പ്രവർത്തന മേഖലയായിരുന്നെങ്കിലും പുരുഷന്മാർക്കും ചെയ്യാനുണ്ടെന്ന പ്രഖ്യാപനത്തോടെ മദർ 1963 മാർച്ച് 25ന് മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ് എന്ന പുരോഹിത സന്യാസ സമൂഹം സ്ഥാപിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോഴേയ്ക്കും മദറിന്റെ പ്രവർത്തന മേഖല വീണ്ടും വിസ്തൃതമായി. ഇന്ത്യയ്ക്കു പുറത്ത് മിഷനറി പ്രവർത്തനം നടത്താൻ കത്തോലിക്കാ സഭ അംഗീകാരം നൽകി. അതേ വർഷം തന്നെ വെനസ്വേലയിൽ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി.

1971ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ പേരിലുള്ള സമാധാനപുരസ്കാരം ലഭിച്ച മദർ ആ അവാർഡ് തുക ഉപയോഗിച്ച് കുഷ്ഠരോഗികൾക്കായി കോളനി സ്ഥാപിക്കുകയാണു ചെയ്തത്. 1972ൽ ജവാഹർലാൽ നെഹ്റു രാജ്യാന്തര സമാധാന സമ്മാനം മദറിനു സമ്മാനിക്കപ്പെട്ടു.

1979 ഡിസംബറിലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മദർ തെരേസയ്ക്കു സമ്മാനിക്കപ്പെട്ടത്. നൊബേൽ പുരസ്കാരം ബഹുമാനിതമായി എന്നായിരുന്നു ഇതേക്കുറിച്ചു ലോകം പ്രതികരിച്ചത്. അത്രമേൽ ആദരവു മദർ തെരേസ ഇതിനകം നേടിക്കഴിഞ്ഞിരുന്നു.

1980 മാർച്ചിൽ ഇന്ത്യയിലെ പരമോന്നത സിവിലയൻ പുരസ്കാരമായ ഭാരത രത്നയും മദറിനു ലഭിച്ചു. 1985ൽ യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘മെഡൽ ഓഫ് ഫ്രീഡം’ പുരസ്കാരവും മദറിനു ലഭിച്ചു. 1990ൽ മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ സ്ഥാനം സ്വയമൊഴി‍ഞ്ഞെങ്കിലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു സ്ഥാനമൊഴിയുന്നത് 1997 അനാരോഗ്യത്തെത്തുടർന്നായിരുന്നു. മാർച്ച് 13ന് സ്ഥാനമൊഴിഞ്ഞ മദർ, സെപ്റ്റംബർ അഞ്ചിന് 87–ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.

ദൈർഘ്യമേറിയതാണു കത്തോലിക്കാ സഭയിലെ നാമകരണ നടപടിയെങ്കിലും 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മദറിനെ വാഴ്ത്തപ്പെട്ടവൾ എന്നു പേരുവിളിച്ചു. ജോൺ പോൾ മാർപാപ്പയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നു നാമകരണത്തിനുള്ള കർശന നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കുകയായിരുന്നു. ‌2016 സെപ്റ്റംബർ നാലിന്, മരിച്ച് കേവലം 19 വർഷം തികയാൻ ഒരുദിവസം ശേഷിക്കെ മദർ തെരേസ വിശുദ്ധ പദവിയിലുമെത്തി.
 

Your Rating: