Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയുടെ വർഷത്തിൽ കരുണാമയയായ വിശുദ്ധ

Mother Teresa

ലോകത്തിലെ അഗതികളുടെ അമ്മയായി ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം നിറഞ്ഞുനിന്ന കരുണാരൂപമായിരുന്നു മദർ തെരേസ. കരുണയുടെ വർഷമായി കത്തോലിക്കാ സഭ ആചരിക്കുന്ന ഇക്കൊല്ലം തന്നെ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വീരോചിത പുണ്യജീവിതം നയിക്കുന്നവർക്കുള്ളതാണ് ഈ പദവി. തികച്ചും അസാധാരണവും ത്യാഗനിർഭരവുമായ ജീവിതമായിരുന്നു മദറിന്റേത്. തെരുവിൽ തളർന്നുവീഴുന്ന അനാഥ വാർധക്യങ്ങൾക്കും കുപ്പത്തൊട്ടിയിൽ വലിച്ചെറിയപ്പെടുന്ന ശൈശവങ്ങൾക്കും സ്‌നേഹവും വാൽസല്യവും ചൊരിയുന്ന അമ്മയായിരുന്നു അവർ. കണ്ടാൽ അറയ്‌ക്കുന്ന കുഷ്‌ഠരോഗികൾക്കും നിത്യരോഗികൾക്കും സാന്ത്വനത്തിന്റെ നിത്യസാന്നിധ്യമായി മദർ തെരേസ ഓടിനടന്നു. ദരിദ്രരിൽ ദരിദ്രരായവർക്കു കനിവും ആർദ്രതയും വാരിവിതറി. വ്യക്‌തിസുഖങ്ങൾ വലിച്ചെറിഞ്ഞ് അനാഥരുടെയും അശരണരുടെയും ക്ഷേമത്തിനുവേണ്ടി ജീവിതം മുഴുവൻ ഹോമിച്ച മദർ തെരേസ അനുപമമായ മനുഷ്യസേവനത്തിലൂടെ മഹത്വീകരണത്തിലേക്കുള്ള പടവുകൾ കയറി.

പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയിട്ടും അവാർഡുകളും ബഹുമതികളും വാരിക്കൂട്ടിയിട്ടും വിശുദ്ധിയുടെ മുഖമുദ്രയായ വിനയവും ലാളിത്യവും ആ അമ്മയിൽ തിളങ്ങിനിന്നു. മാഗ്‌സസെ അവാർഡും ടെംപിൾടൺ അവാർഡും കെന്നഡി ഫൗണ്ടേഷൻ അവാർഡും നെഹ്‌റു അവാർഡും നൊബേൽ സമ്മാനവും ഭാരതരത്നവും ആ മഹനീയ വ്യക്‌തിത്വത്തോടു ചേർന്നപ്പോൾ ആ അവാർഡുകൾക്കാണു തിളക്കമേറിയത്. നൊബേൽ സമ്മാനം പ്രഖ്യാപിച്ചപ്പോൾ മദർ പറഞ്ഞതിങ്ങനെയാണ്: ‘‘ഈ സമ്മാന പ്രഖ്യാപനത്തോടെ സ്‌നേഹമാണു സമാധാനമെന്നു ലോകം അംഗീകരിച്ചിരിക്കുന്നു. ഭൂമിയിൽ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും സാന്നിധ്യം ലോകം തുറന്നു സമ്മതിച്ചിരിക്കുന്നു.’’

കൊൽക്കത്തയിലെ തെരുവുകളിൽ കലാപാഗ്നി പടർന്നപ്പോൾ ഭ്രാന്തുപിടിച്ച മനസ്സുകൾക്കു കുളിർമഴയായി മദർ എത്തി. മദറിന്റെ വാനിനുനേരേ ഒരു കല്ലുപോലും പാഞ്ഞുചെന്നില്ല. ഒരു തീപ്പന്തവും ഉയർന്നില്ല. തീരാത്ത വൈരുധ്യങ്ങളുടെ മഹാനഗരമായിട്ടും മദറിന്റെ മുൻപിൽ രോഷാഗ്നി കെട്ടടങ്ങി. മദറിന്റെ കാരുണ്യസ്‌പർശം ലോപമെന്യേ ഏറ്റുവാങ്ങിയ കൊൽക്കത്ത, മദറിന്റെ മരണവാർത്ത കേട്ട് അക്ഷരാർഥത്തിൽ സ്‌തംഭിച്ചതു വെറുതെയല്ല.

കത്തോലിക്കാ സഭയിൽ വാഴ്‌ത്തപ്പെട്ട പദവിയും തുടർന്നു വിശുദ്ധപദവിയും മരിച്ചവർക്കുള്ളതാണ്. മരണശേഷം സ്വർഗരാജ്യത്തിലെത്തിയെന്നും ദൈവത്തോടൊപ്പം നിത്യാനന്ദത്തിന് ഉടമയായെന്നും ഉറപ്പായവരെയാണു വാഴ്‌ത്തപ്പെട്ടവരായും വിശുദ്ധരായും പ്രഖ്യാപിക്കുക. അതു നിർണയിക്കാൻ കടുത്ത, ദീർഘമായ അന്വേഷണ പ്രക്രിയയുണ്ട്. പക്ഷേ, ജീവിച്ചിരിക്കേ തന്നെ വിശുദ്ധയെന്നു മദർ തെരേസയെ ജനങ്ങൾ വിളിച്ചു. ചരിത്രത്തിൽ ഈ അപൂർവത അവകാശപ്പെടാൻ മറ്റൊരു വിശുദ്ധനേയുള്ളൂ: ഫ്രാൻസിസ് അസീസി.

1997ൽ മദർ തെരേസ എന്ന പ്രകാശഗോപുരം പൊലിഞ്ഞപ്പോൾ അവർ വിത്തിട്ട സഭ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളർന്നു വ്യാപിച്ചുകഴിഞ്ഞിരുന്നു. എങ്കിലും മദർ കൊൽക്കത്ത വിട്ടുപോയില്ല. നൊബേൽ സമ്മാനം ഏറ്റുവാങ്ങിയ ചടങ്ങിൽ മദർ പറഞ്ഞു: ‘‘ഇന്ത്യയാണ് എന്റെ രാജ്യം.’’ 

Your Rating: