Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസ നൽകുന്ന സന്ദേശം

mother-teresa6

ലോകമെങ്ങും ആദരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്ന ധന്യവതിയാണ് മദർ തെരേസ. സൂര്യൻ അസ്‌തമിച്ചു കഴിഞ്ഞാലും കുറെസമയം കൂടി വെളിച്ചം തുടരുന്നതുപോലെ മദർ മൺമറഞ്ഞുവെങ്കിലും ആ ചൈതന്യധാര ഇന്നും നിലനിൽക്കുന്നു. അൽബീനിയായിൽ ജനിച്ച ആ സാധ്വി ഭാരതത്തെ തന്റെ കർമഭൂമിയാക്കുകയായിരുന്നു. കൊൽക്കത്തയിൽ ഒരു സ്‌കൂൾ അധ്യാപികയായി പ്രവർത്തനം ആരംഭിച്ചുവെങ്കിലും ദുരിതവും വേദനയും അവഗണനയും അനുഭവിക്കുന്ന അശരണരിലേക്കു തന്റെ ശ്രദ്ധ തിരിച്ചു. പുഴുത്തളിഞ്ഞ കുഷ്‌ഠരോഗികൾ, എല്ലും തോലുമായ ക്ഷയരോഗികൾ, മാതാപിതാക്കൾ തെരുവിൽ വലിച്ചെറിഞ്ഞ ചോരക്കുഞ്ഞുങ്ങൾ, ഒരുനേരത്തെ ആഹാരത്തിനു ശരീരം വിൽക്കുന്ന ഹതഭാഗ്യരായ സ്‌ത്രീകൾ എന്നിവരുടെ ദീനരോദനം ആ ക്രിസ്‌തു ശിഷ്യയുടെ ഹൃദയത്തെ അലിയിച്ചു. അവരുടെ സഹായത്തിനും ഉന്നമനത്തിനും സ്വയം സമർപ്പിച്ചുകൊണ്ട് കർമരംഗത്ത് എത്തുകയായിരുന്നു. കൊൽക്കത്തയുടെ ചരിത്രം മാറ്റിയെഴുതുക മാത്രമല്ല ലോകം മുഴുവൻ ദീനാനുകമ്പയുടെയും സ്‌നേഹ സേവനത്തിന്റെയും മഹദ് സന്ദേശം പരത്തുവാൻ മദറിനു കഴിഞ്ഞു. അതിന്റെ അംഗീകാരമായി നൊബേൽ സമ്മാനം, ഭാരതരത്നം, തുടങ്ങിയ പുരസ്‌കാരങ്ങൾ മദറിനെ തേടിയെത്തി.

ജീവഗന്ധിയായ അനവധി മൊഴിമുത്തുകൾ ആ ദൈവദാസിയിൽനിന്നു ലഭ്യമായിട്ടുണ്ട്. അവ കോർത്തിണക്കി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതു വിസ്‌മരിക്കുന്നില്ല. കാലികപ്രാധാന്യമുള്ള നാലു സന്ദേശങ്ങൾ നമ്മുടെ ഗാഢമായ പരിചിന്തനത്തിനു വിഷയമാക്കേണ്ടതാണ്.

(1) സ്‌നേഹം ഭവനത്തിൽ ആരംഭിക്കുന്നു-ആത്മാർഥതയും നിഷ്‌കളങ്കവുമായ സ്‌നേഹം വ്യാപരിക്കുന്നതു ഭവനത്തിലാണ്. ഭാര്യയും ഭർത്താവും തമ്മലുള്ള സ്‌നേഹം നിർവ്യാജവും നിസ്‌തുലവുമാണ്. ആ സ്‌നേഹം അവരിൽ ഒതുങ്ങാതെ വരുമ്പോൾ പകർന്നുവയ്‌ക്കാനാണു ദൈവം മക്കളെ നൽകുന്നത്. സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരു പൈതൽ കാണുന്നതും മനസ്സിലാക്കുന്നതും മാതാവും പിതാവും തമ്മിലുള്ള ബന്ധത്തിൽനിന്നാണ്. ശിശുക്കളുടെ വ്യക്‌തിത്വം വികസിക്കുന്നതും നേരാംവണ്ണം വളരുന്നതും ഭവനത്തിലെ സ്‌നേഹാന്തരീക്ഷത്തിലാണ്.

ഇന്നു നമ്മുടെ ഭവനങ്ങൾ സാമ്പത്തികഭദ്രതയും സാമൂഹിക മുന്നേറ്റവും കൈവരിച്ചിട്ടുണ്ട്. പക്ഷേ, സ്‌നേഹത്തിന്റെ കാര്യത്തിൽ ദരിദ്രമാണ്, മാത്രമല്ല പലയിടത്തും ഒരു പോർക്കളമായി മാറുകയും ചെയ്യുന്നു. മദർ അനുശാസിക്കുന്നത് കരയും കടലും കടന്നു മറ്റു രാജ്യത്തുള്ളവരെ സ്‌നേഹിക്കാനും സേവിക്കാനും സന്നദ്ധരാകുന്നതിനു മുൻപേ സ്വന്തം ഭവനത്തിലുള്ളവരെയും അടുത്ത ബന്ധുക്കളെയും അയാൽക്കാരെയും സ്‌നേഹിക്കാൻ കഴിയേണ്ടതാണ്. ഫ്ലാറ്റ് സംസ്‌കാരം വ്യാപകമാകുന്തോറും ഓരോ ഭവനവും അവരവരുടെ ‘സെല്ലിൽ’ ഒതുങ്ങി കഴിയുന്ന അവസ്‌ഥയിലാണെത്തിയിരിക്കുന്നത്.

(2) ചെറിയ കാര്യങ്ങൾ ആയാലും വലിയ സ്‌നേഹത്തോടും കരുതലോടും ചെയ്യുക. വളരെ ചെറിയ ഒരു കാര്യമായിരുന്നാൽ പോലും സ്‌നേഹത്തോടും ആർദ്രതയോടും അനുകമ്പയോടും ചെയ്യുമ്പോൾ അത് അമൂല്യവും ശ്രേഷ്‌ഠവുമായ ഒന്നായി രൂപാന്തരപ്പെടുന്നു. ഏറ്റം ചെറിയ കാര്യമാണ് ഒരു പുഞ്ചിരി. അതു സ്‌നേഹത്തിന്റെ ഹൃദയത്തിൽ രൂപംകൊണ്ട് മുഖത്തുവിരിയുമ്പോൾ അതിനു വശ്യതയേറുന്നു. ലോകത്തിന്റെ മുഴുവൻ ഭാരം തങ്ങളുടെ ഹൃദയതലത്തിൽ വഹിച്ചിരിക്കുന്നു എന്ന ഭാവത്തിൽ അതീവ ഗൗരവഭാവത്തോടെ കനപ്പിച്ച മുഖവുമായി ചരിക്കുന്ന അനേകരുണ്ട്. പുഞ്ചിരിക്കാൻ മറന്നുപോയ നിർഭാഗ്യമായ അവസ്‌ഥയാണ് അവരുടേത്. ഗൗരവക്കാരനായ ഒരു കോളജ് അധ്യാപകൻ ഒരു ദിവസം വളരെ പുഞ്ചിരിയാർന്ന പ്രസന്നമുഖത്തോടെ ക്ലാസിൽ പ്രത്യക്ഷപ്പെട്ടു. ക്ലാസ് കഴിഞ്ഞപ്പോൾ ഒരു വിദ്യാർഥി അധ്യാപകന്റെ പ്രസന്നമുഖ രഹസ്യം ആരാഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: രാവിലെ നടന്നു വരുമ്പോൾ ഒരു നഴ്‌സറി സ്‌കൂൾ വിദ്യാർഥി തന്റെ ഷൂലേസ് അഴിഞ്ഞുപോയത് വീണ്ടും കെട്ടുവാൻ ഏറെ പണിപ്പെട്ടിട്ട് കഴിയാതെ വിഷമിച്ചുനിൽക്കുമ്പോൾ താൻ കുനിഞ്ഞ് അതു ശരിയായി കെട്ടിക്കൊടുത്തപ്പോൾ ആ കുട്ടിയുടെ സന്തോഷവും മതിമറന്ന കൃതജ്‌ഞതയും അറിയിച്ചത് തന്നെ വളരെ സന്തോഷിപ്പിച്ചു എന്നാണ്. വളരെ ചെറിയ കാര്യം; എങ്കിലും അതു നൽകിയ സന്തോഷവും കൃതാർഥതയും വലുതായിരുന്നു.

(3) ഓരോ വ്യക്‌തിക്കും വ്യത്യസ്‌തമായ ദൗത്യവും പങ്കും വഹിക്കാനുണ്ട്-എല്ലാവരെയും ഒരേ ദൗത്യത്തിലേക്കല്ല ദൈവം വിളിച്ചിരിക്കുന്നത്. അവരവർക്കു ലഭിച്ചിട്ടുള്ള ദൗത്യം കൃത്യമായും സ്‌തുത്യർഹമായും നിർവഹിക്കുകയാണു വേണ്ടത്. പാവങ്ങളെ സഹായിക്കാനും സേവിക്കാനും മറ്റുള്ളവർ സദാ സന്നദ്ധരാകണമെന്നു മദർ ആഗ്രഹിച്ചു. പക്ഷേ, തന്നെപ്പോലെ വേഷത്തിലും ഭാവത്തിലും ജീവിതശൈലിയിലും ആകണമെന്നില്ല. ഒരിക്കൽ ഒരു ക്രിക്കറ്റ് കളിക്കാരൻ തന്നെ സമീപിച്ചപ്പോൾ പറഞ്ഞു. അയാൾക്ക് മദറിന്റെ കൃത്യങ്ങൾ നിർവഹിക്കാൻ അസാധ്യം. അതുപോലെ മദറിന് അയാളുടെ കൃത്യവും. ഏതിൽ ദൈവം നമുക്ക് അഭിരുചിയും അവസരവും നൽകുന്നുവോ ആ രംഗത്ത് നാം ഭംഗിയായും വിജയകരമായും പ്രവർത്തിക്കുവാൻ ഉൽസാഹിക്കുക,അതു ദൈവത്തിന് ഉപഹാരമായി സമർപിക്കുക.

Your Rating: