Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍വ്വാഭീഷ്ടദായിനിയായ ദക്ഷിണമൂകാംബിക

Panachikkadu

കോട്ടയം ജില്ലയില്‍ പനച്ചിക്കാട് ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രം ദക്ഷിണമൂകാംബി എന്നറിയപ്പെടുന്നു. മറ്റു പല ക്ഷേത്രങ്ങളിലും കാലിക പ്രാധാന്യം കണക്കിലെടുത്ത് നവരാത്രിക്കാലത്ത് മാത്രം സരസ്വതീ പൂജ നടത്താറുണ്ടെങ്കിലും സദാസമയവും സരസ്വതീ സാന്നിദ്ധ്യംകൊണ്ട് ധന്യമായിട്ടുള്ളത് പനച്ചിക്കാട് മാത്രമാണ്.

ദക്ഷിണ കേരളത്തില്‍ കോട്ടയത്തുനിന്നും 11 കിലോമീറ്റര്‍ തെക്കുമാറിയാണ് കുടജാദ്രിയെ അനുസ്മരിപ്പിക്കുന്ന പനച്ചിക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്. എം സി റോഡില്‍ ചങ്ങനാശേരിക്കും കോട്ടയത്തിനും ഇടയ്ക്ക് ഉള്ള ചിങ്ങവനത്തു നിന്നും 4 കിലോമീറ്റര്‍ കിഴക്കോട്ടു സഞ്ചരിച്ചാല്‍ പ്രശാന്തസുന്ദരമായ ഈ വിദ്യാനികേതനിലെത്താം.

ക്ഷേത്രഗോപുരത്തില്‍ എത്തിച്ചേരുമ്പോള്‍ ആദ്യം കാണുന്നത് പുരാതനമായ വിഷ്ണു ക്ഷേത്രമാണ്. അതിനു തൊട്ടുതെക്കു താഴെ ഒരു സരസ്സിന്റെ മധ്യത്തിലാണ് സരസ്വതി കുടിയിരിക്കുന്നത്. ക്ഷേത്ര സങ്കല്പത്തിലുള്ള ശ്രീകോവിലോ, നാലമ്പലമോ, മാളികക്കെട്ടോ ഒന്നും ഇവിടെ ഇല്ല. കരിമ്പാറയില്‍ വെട്ടിത്താഴ്ത്തിയ മാതിരി തോന്നിക്കുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള ഒരു കൊച്ചുകുളവും, അതിനകത്ത് നിത്യഹരിതമായ വള്ളിപ്പടര്‍പ്പും കാണാം. വള്ളിപ്പടര്‍പ്പുകള്‍ക്ക് ഉള്ളില്‍ സര്‍വ്വാഭീഷ്ടദായിനിയായ വിദ്യാദേവതയുടെ മൂലവിഗ്രഹം കുടികൊള്ളുന്നു. എന്നാല്‍ ഈ മൂലവിഗ്രഹത്തിന് അഭിമുഖമായുള്ള പ്രതിവിഗ്രഹത്തിലാണ് എല്ലാ കര്‍മ്മാനുഷ്ഠാനങ്ങളും നടത്തുന്നത്.

ഇവിടുത്തെ എടുത്തു പറയത്തക്ക സവിശേഷത ആ വള്ളിപ്പടര്‍പ്പും അതിനിടയില്‍ കാണുന്ന നിര്‍മ്മലമായ നീരുറവയുമാണ്. കാടിനുള്ളിലുള്ള മൂലവിഗ്രഹത്തെ വലയം ചെയ്തു നില്ക്കുന്ന വള്ളികളില്‍ ഒന്ന് അനന്യദൃശ്യവും, അസാധാരണവുമായ സരസ്വതീലതയായിട്ടാണ് കരുതിപ്പോരുന്നത്. നൂറ്റാണ്ടുകളായി ഈ ദിവ്യലത പൊട്ടിമുളച്ച് തഴച്ച് വളര്‍ന്ന് ദേവീ വിഗ്രഹത്തെ ആവരണം ചെയ്തു നില്‍ക്കുന്നു. വള്ളിക്കുടിലിനുള്ളില്‍ കുടികൊള്ളുന്ന മൂലവിഗ്രഹത്തിന്റെ പാദങ്ങളില്‍ തഴുകിയൊഴുകി വരുന്ന തീര്‍ത്ഥജലം ഒരിക്കലും വറ്റാറില്ല. അങ്ങനെ സരസില്‍ വസിച്ചു കൊണ്ട് സരസ്വതീ എന്ന പേര് ഇവിടെ അന്വര്‍ഥമാകുന്നു. പൂജയ്ക്കും മറ്റ് ആവശ്യത്തിനുമുള്ള ജലം ഇതില്‍ നിന്നാണ് എടുക്കുന്നത്. മറ്റു കിണറുകളോ ജല സ്രോതസുകളോ ഇല്ല എന്നത് ഇവിടുത്തെ പ്രത്യേകതയാണ്.

സരസ്വതീക്ഷേത്രത്തിന് മുകളില്‍ പടിഞ്ഞാറു ഭാഗത്തായി ഇലഞ്ഞിയും ഏഴിലമ്പാലയും തീര്‍ത്ത പ്രകൃതിയുടെ പര്‍ണ്ണശാലയ്ക്കുള്ളില്‍ ക്ഷിപ്രകോപിനിയും, ക്ഷിപ്രപ്രസാദിനിയുമായ യക്ഷി അധിവസിക്കുന്നു. യക്ഷീസമീപം ബ്രഹ്മരക്ഷസും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. മറ്റു ദേവാലയങ്ങളിലും യക്ഷിക്കാവുകള്‍ കാണാറുണ്ടെങ്കിലും പനച്ചിക്കാട് യക്ഷിയുടെ ശക്തി വിശേഷം ഒന്നു വേറെ തന്നെയാണെന്ന് വിശ്വസിച്ചു പോരുന്നു. ശിവന്‍, ശാസ്താവ്, ഗണപതി, നാഗയക്ഷി, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് സവിസ്തരമായ പ്രതിപാദനം കാണുന്നുണ്ട്. ആയിരത്തിലേറെ വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള ക്ഷേത്രത്തിന് കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ മൂന്ന് ബ്രാഹ്മണ ഭവനങ്ങളാണ് ഊരാണ്മക്കാരായിട്ടുള്ളത്. ഇതില്‍ കൊല്ലവര്‍ഷം 6-ാം ശതാബ്ദത്തില്‍ കിഴുപ്പുറത്തില്ലത്തെ വന്ദ്യവയോധികനായ ഗൃഹനാഥന്‍ പുരുഷ സന്താനമുണ്ടാകാത്തതില്‍ വിഷാദിച്ച് മോക്ഷപ്രാപ്തിക്കായി ഗംഗാസ്നാനത്തിന് പുറപ്പെട്ടു. യാത്രാമധ്യേ മൂകാംബിയില്‍ എത്തിയ അദ്ദേഹം ദൃഢഭക്തിയോടെ ദേവിയെ ഭജിച്ച് ഏതാനും ദിവസങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു ദിവസം സ്വപ്നദര്‍ശനത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് നാളെത്തന്നെ സ്വദേശത്തേക്ക് മടങ്ങുവാനും, കരുനാട്ടില്ലത്ത് ഇപ്പോള്‍ ഗര്‍ഭിണിയായിട്ടുള്ള അന്തര്‍ജനം പ്രസവിച്ച് രണ്ട് ഉണ്ണികള്‍ ഉണ്ടാകുമെന്നും അതിലൊരുണ്ണിയെ ദത്തെടുത്ത് അങ്ങയുടെ ഔരസപുത്രനായി വളര്‍ത്തുവാനും അരുളിച്ചെയ്തു. അപ്രകാരം നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് ദേവിയെ വന്ദിച്ചിട്ട് സ്വദേശത്തേക്ക് മടങ്ങി.

മടങ്ങിയെത്തിയ കിഴപ്പുറത്തു നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട് ഏറെ സന്തോഷിച്ച കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികള്‍ ഉണ്ടാകുന്നപക്ഷം അതിലൊരു ഉണ്ണിയെ കൊടുക്കാമെന്ന് സമ്മതിച്ചു. അനന്തരം സന്തോഷവാനായ കിഴുപ്പുറത്തു നമ്പൂതിരി കുളിക്കുവാനായി പണ്ടേതന്നെയുള്ള വിഷ്ണു ക്ഷേത്രത്തിന്റെ തെക്കുവശത്ത്, കിഴക്കോട്ടു മാറിയുള്ള കുളത്തിലെത്തുകയും തന്റെ കൈവശമുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയില്‍ വച്ചിട്ട് കുളിക്കുകയും ചെയ്തു. കുളി കഴിഞ്ഞ് കുടയെടുക്കുവാന്‍ നോക്കിയപ്പോള്‍ കുട ഇളകാതെ കാണപ്പെട്ടു. അപ്പോള്‍ ഒരു ദിവ്യ പുരുഷന്‍ അവിടെ വന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു. മൂകാംബികാദേവി ഈ കുടയില്‍ കുടികൊണ്ടിരിക്കുകയാണ്. അതിനാല്‍ ദേവിയെ ഈ കുടയില്‍ നിന്നും തൊട്ടടുത്തുള്ള കാട്ടില്‍ കിടക്കുന്ന ശിലാവിഗ്രഹത്തിലാവാഹിച്ച് കുടിയിരുത്തണം. എന്നാല്‍ ആ വിഗ്രഹം പണ്ട് ഈ വനത്തില്‍ തപസനുഷ്ഠിച്ച ദിവ്യന്മാര്‍ വച്ച് പൂജിച്ചിരുന്നതാകയാല്‍ ആ ബിംബത്തിന് പൂജ കഴിക്കുവാന്‍ തക്കവണ്ണം തപഃശക്തിയുള്ളവര്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആ ബിംബത്തിന് നേരെ പടിഞ്ഞാറോട്ട് അഭിമുഖമായി ഒരു പ്രതിബിംബം കൂടി സ്ഥാപിച്ച് പൂജാനിവേദ്യാദികള്‍ ചെയ്ത് മൂലബിംബത്തില്‍ വന്ദിക്കണം. ഈ മൂല ബിംബത്തിന് കാവലായി നില്‍ത്തുന്ന യക്ഷിയെ പ്രീതിപ്പെടുത്താതെ ബിംബം എടുക്കുവാനാകില്ലെന്നും അതിലേയ്ക്കായി കുറച്ചു തരിപ്പൊടി(വരപ്പൊടി)യും ശര്‍ക്കരയും കരിക്കുംകൂടി കൊണ്ടുപോയി നിവേദിക്കാനും നിര്‍ദേശിച്ച് ആ ദിവ്യന്‍ മറയുകയും ചെയ്തു. ഈ ദിവ്യവചസുകളുടെ സാക്ഷാത്കാരമായിട്ടാണ് പനച്ചിക്കാട് സരസ്വതീസാന്നിധ്യം ഉണ്ടായിട്ടുള്ളതും ക്ഷേത്രാചാരവിധിക്രമങ്ങള്‍ ആരംഭിച്ചതും എന്നാണ് ഐതീഹ്യത്തിലും ക്ഷേത്രപ്പഴമയിലും നിന്ന് മനസിലാക്കുന്നത്.

Panachikkadu

ഇന്നും ഊരാണ്മക്കാരുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തില്‍ പരമ്പരാഗതങ്ങളായ അനുഷ്ഠാനക്രമങ്ങള്‍ ലോപം കൂടാതെ അതേപടി തുടര്‍ന്ന് പോരുന്നു. പ്രത്യേക ക്രമമനുസരിച്ച് ദേശാധിപത്യ സ്വഭാവത്തോടു കൂടിയ മഹാവിഷ്ണു, സര്‍വ്വാഭീഷ്ടദായിനിയായ സരസ്വതി, ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്നീ ക്രമത്തിലാണ് ഇവിടെ ദര്‍ശനം നടത്തേണ്ടത്. മഹാവിഷ്ണുവിനും സരസ്വതിക്കും തുല്യപ്രധാന്യം കല്പിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുപദിയായ ഗംഗയെപ്പോലെ ഇവിടെയും വിഷ്ണുപാദത്തില്‍ നിന്നുതന്നെയാണ് സരസ്വതീ സവിധത്തിലേക്ക് തീര്‍ത്ഥമൊഴുകിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യേന നിരവധി ഭക്തജനങ്ങള്‍ ഇവിടെ ദര്‍ശനം നടത്തിപ്പോകുന്നു, വിദ്യാരംഭത്തിനായി ജാതിമതഭേദമന്യേ എല്ലാവരും ഇവിടെ എത്താറുണ്ട്. ദിവസഭേദമോ സമയഭേദമോ നോക്കാതെ ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. സാരസ്വതസൂക്തം വിധിപ്രകാരം ജപിച്ച് സംശുദ്ധവും സമ്പുഷ്ടവുമാക്കിയ സാരസ്വതം നെയ്യ് ഇവിടെ നിന്ന് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തുവരുന്നു. ബുദ്ധിക്കും വിദ്യക്കും അത്യുത്തമമമായ ഈ ദിവ്യ ഔഷധം ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. സരസ്വതി, വിഷ്ണു എന്നീ ദേവീദേവന്മാര്‍ക്ക് തൃമധുരവും അരവണയും പോലെ യക്ഷിക്ക് വറയും പ്രധാനമാണ് . രക്ഷസിന് പാല്‍പായസം, ശാസ്താവിന് നരത്തല (തേങ്ങാ തിരുമ്മിയ നിവേദ്യം), ശിവന് ധാര, കൂവളമാല, ഗണപതിക്ക് ഒറ്റയപ്പം, കറുകമാല എന്നിവയുമാണ് മറ്റ് വഴിപാടുകള്‍. എല്ലാ ദിവസവും രാവിലെ സരസ്വതിക്കും വിഷ്ണുവിനും പൂജ നടത്തുന്നു. സരസ്വതിക്ക് സാരസ്വതസൂക്താര്‍ച്ചനയും ഇവിടെ മുറതെറ്റാതെ നടത്തിപ്പോരുന്നു. ദുര്‍ഗാഷ്ടമി ദിവസം സരസ്വതീസന്നിധാനത്തില്‍ പ്രത്യേകം തയാറാക്കുന്ന രഥമണ്ഡപത്തില്‍ വിശിഷ്ട താളിയോലഗ്രന്ഥങ്ങളോടൊപ്പം പാഠപുസ്തകങ്ങളും സാഹിത്യകൃതികളും മറ്റു വിലപ്പെട്ട ഗ്രന്ഥങ്ങളും പൂജയ്ക്കു സമര്‍പ്പിക്കുക പതിവാണ്. വിജയദശമി നാളില്‍ പൂജയെടുപ്പിനു ശേഷം ഈ ഗ്രന്ഥങ്ങള്‍ തിരിച്ച് കൊടുക്കുന്നു.

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് (ധര്‍മ്മ രാജാവ്), കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, എ. ആര്‍ രാജരാജവര്‍മ്മ, ഉള്ളൂര്‍ തുടങ്ങിയ പല മഹാരഥന്മാരും ഇവിടെ എത്തി പലകാലം ഭജനം നടത്തിയിട്ടുണ്ട്. എ ആര്‍ ചെറുപ്പത്തില്‍ മൂകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാവിധ ശ്രേയസുകളും ഇവിടുത്തെ അനുഗ്രഹത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളതാണെന്നും പറയപ്പെടുന്നു.

ലക്ഷക്കണക്കിന് വിദ്യോപാസകന്മാരുടേയും അഭിലാഷങ്ങളുടെ കേന്ദ്രമായ പനച്ചിക്കാട് സരസ്വതീക്ഷേത്രം മേല്‍ക്കുമേല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണ്. കിഴക്കുപ്പുറം, കരുനാട്, കൈമുക്ക് എന്നീ മൂന്ന് ഇല്ലക്കാരാണ് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം നിര്‍വഹിക്കുന്നത്. നിത്യനിദാന കാര്യങ്ങള്‍ ഓരോ കുടുംബത്തിലേയും കാരണവന്മാരും മാനേജരും ചേര്‍ന്ന യോഗമാണ് നടത്തുന്നത്.

ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുന്നു.

പ്രധാന വഴിപാടുകള്‍ അര്‍ച്ചന, പുരുഷസൂക്താര്‍ച്ചന, സാരസ്വത സൂക്താര്‍ച്ചന, ഭാഗ്യസൂക്താര്‍ച്ചന, സാരസ്വതഘൃതം, അരവണ, തൃമധുരം, വറ എന്നീ വഴിപാടുകള്‍ മുന്‍കൂട്ടി ഏര്‍പ്പാടാക്കാവുന്നതാണ്.

വിശേഷ ദിവസങ്ങള്‍ കൊല്ലവര്‍ഷത്തില്‍ കന്നിയിലെ നവരാത്രി, രഥഘോഷയാത്ര, സംഗീതോത്സവം, വിദ്യാരംഭം, ചിങ്ങം, തുലാം, ധനു, കുംഭം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം മാസങ്ങളിലെ നവകാഭിഷേകങ്ങള്‍, വൃശ്ചികത്തിലെ ചുറ്റുവിളക്ക്, മഹാസുകൃതഹവനം, ദ്രവ്യകലശം, മീനത്തിലെ മഹാഗണപതിഹോമം എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനങ്ങള്‍.

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.