Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രിയുടെ സങ്കല്‍പ്പം

Durga

അജ്ഞതയുടെ ഇരുളകറ്റിക്കൊണ്ട് അറിവിന്റെ പ്രകാശാഗമനമാണ് നവരാത്രിയുടെ സങ്കല്‍പ്പം. പ്രാദേശിക ഭേദങ്ങള്‍ പലതാണെങ്കിലും ഭാരതത്തിലങ്ങോളമിങ്ങോളം നവരാത്രി ആഘോഷത്തിനു സമാനതയേറെയുണ്ട്. ദേവീപൂജ, ദുര്‍ഗാപൂജ, ആയുധപൂജ, സരസ്വതീപൂജ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വെവ്വേറെ പേരുകളിലാണ് നവരാത്രിയാഘോഷം അറിയപ്പെടുന്നത്. ബംഗാളില്‍ ദുര്‍ഗയെ, കേരളത്തില്‍ സരസ്വതിയെ, ഗുജറാത്തില്‍ ദേവിയെ എന്നിങ്ങനെ പൂജാ സങ്കല്‍പങ്ങള്‍ക്കുമുണ്ട് മാറ്റം.

തിന്‍മ ഇരുട്ടും നന്‍മ പ്രകാശവുമാണ്. ഇരുട്ടിനെ പ്രകാശം കീഴിലാക്കുന്നു. ആത്മജ്ഞാനം സരസ്വതീ പ്രവാഹമായി അജ്ഞാനത്തെ നിര്‍മാര്‍ജനം ചെയ്യുന്നു എന്നതാണു നവരാത്രി പൂജയുടെയും വിജയദശമി ദിനാഘോഷത്തിന്റെയും ആചാരപ്പൊരുള്‍. ഭാരതത്തിലെ പല ആചാരങ്ങളുടെ കാര്യത്തിലുമെന്നപോലെ തദ്ദേശീയ പരിവേഷം കാണാമെങ്കിലും പൊതുവായൊരു അന്തര്‍ധാരയുടെ കോര്‍ത്തിണക്കം ഇതിലും കാണാം.

ദേവീസങ്കല്‍പത്തിന്റെ ആദിമരൂപം ഋഗ്വേദത്തിലുണ്ട്. ''പ്രണോ ദേവീ സരസ്വതീ'' എന്നാരംഭിക്കുന്ന ദേവീ സ്തുതിയില്‍ സരസ്വതി ശക്തിരൂപിണിയാണ്. സരസ്സുപോലുള്ളവള്‍, ആഴവും പരപ്പും ശാന്തപ്രവാഹവു മുള്ളവള്‍ എന്നൊക്കെയാണ് സരസ്വതിക്ക് അര്‍ഥം. സരസ്വതി വിദ്യാരൂപിണിയാണ്.

ദുര്‍ഗ പടയാളിയുടെ ജ്ഞാന ദേവതയാണെങ്കില്‍ സരസ്വതി കലാകാരന്‍മാരുടെയും വിദ്യാര്‍ഥികളുടെയും ഇഷ്ടദേവതയാണ്. ഒാലയും നാരായവും വീണയുമെല്ലാം ഇൌ സങ്കല്‍പത്തിന്റെ പ്രതീകങ്ങളാണ്. ദുര്‍ഗയാകട്ടെ ആയുധധാരിണിയായ ഭീകരരൂപിയും. മഹാഭാരതയുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് അര്‍ജുനന്‍ ദുര്‍ഗയെ ആരാധിച്ചു പ്രസാദിപ്പിക്കുന്നതായി ഭീഷ്മപര്‍വത്തില്‍ വിവരണമുണ്ട്.

ദേവീഭാഗവതത്തില്‍ ദേവിയെ 'പ്രകൃതി പഞ്ചകം' എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ശ്രീദുര്‍ഗ, ശ്രീമഹാലക്ഷ്മി, ശ്രീസരസ്വതി, സാവിത്രി, രാധ എന്നിവയാണു പഞ്ചരൂപങ്ങള്‍. എന്നാല്‍ ഇവയ്ക്കൊന്നും ഭേദങ്ങളില്ല. പ്രകൃതി എന്ന മൂലകാരണത്തില്‍ അധിഷ്ഠിതമാണ് എല്ലാം. സര്‍വതിലും നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ് ദേവിയുടേത്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും ജഗദംബയാകുന്നു. അത്യുത്തമമാണത്രെ ദേവീപൂജ. വൈഷ്ണവ ഭക്തര്‍ ദേവിയെ ഭജിച്ചാല്‍ കൃഷ്ണപ്രീതി ലഭിക്കും. ദേവീ ഉപാസന കൃഷ്ണ പ്രസാദത്തിനുള്ള സുഗമമാര്‍ഗമാണെന്നതിന് ഉദാഹരണമായി ഭാഗവതത്തില്‍ മൂന്നു കഥകള്‍ ഉണ്ട്. സ്യമന്തക മണിയുമായി ബന്ധപ്പെട്ടതാണ് ഇതിലൊരു കഥ. പ്രസേനനെ അന്വേഷിച്ചു പോയ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജാംബവാന്റെ ഗുഹയില്‍ എത്തുന്നു. പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭഗവാനെ പുറത്തേക്കു കാണുന്നില്ല. കൃഷ്ണനു വല്ല അപകടവും സംഭവിച്ചോ എന്നായി എല്ലാവരുടെയും ശങ്ക. ഗുഹയ്ക്കു പുറത്തു കാത്തുനിന്നവര്‍ ഭഗവാന്റെ രക്ഷയ്ക്കായി ദ്വാരകയില്‍വച്ച് ദേവിയെ ഉപാസിച്ചു തുടങ്ങി. ദുര്‍ഗാപൂജയ്ക്ക് പരിസമാപ്തി കുറിച്ച് ഏറെക്കഴിയും മുന്‍പ് ഭഗവാന്‍ ദ്വാരകയില്‍ തിരിച്ചെത്തി. ഇവിടെ ഭാഗവതക്കാരന്‍ ദേവീമഹത്വമാണ് ഉദ്ഘോഷിക്കുന്നത്.

അവനവന്റെ ശക്തി പ്രകടിപ്പിക്കാന്‍ ദേവന്‍മാരായ അഗ്നിയും വായുവും പരാജയപ്പെട്ടെന്നും ദേവരാജനാ യ ഇന്ദ്രന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ദ്രസമക്ഷം ഒരു ദേവി ആകാശത്ത് വിളങ്ങിനിന്നെന്നും ആ ദേവിയെ അറിയാന്‍ ഇന്ദ്രനു സാമര്‍ഥ്യമുണ്ടായില്ലെന്നും ആദിശങ്കരാചാര്യയുടെ കേനോപനിഷദ് ഭാഷ്യത്തില്‍ വിവരണമുണ്ട്. ഇൌ ഭാഗം വ്യാഖ്യാനിക്കവേ ആകാശത്ത് ഇന്ദ്രനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത സ്ത്രീരൂപം വിദ്യാരൂപിണിയായ ഉമയെന്ന ഹൈമവതിയാണെന്ന് അദ്ദേഹം നിര്‍ണയിക്കുന്നു. വിദ്യ സംസ്കൃതത്തില്‍ സ്ത്രീലിംഗമാണ്. അങ്ങനെ വിദ്യാരൂപിണിയും സ്ത്രീരൂപത്തിലായി..

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.