Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ രാമായണ വിചാരം

ramayanam12

ആദിമഹാകാവ്യമായ വാൽമീകി രാമായണം ഭക്തി രസപ്രധാനമാണ്. എന്നാൽ മലയാള ഭാഷാ പിതാവായ എഴുത്തച്ഛവിരചിതമായ അദ്ധ‍്യാത്മ രാമായണം തത്വബോധാത്മകമാണ്.

ഈ കൃതിയുടെ ആദ്യം തന്നെ ഗ്രന്ഥകർത്താവ് ഇതു കുറിച്ചിട്ടുണ്ട്. ‘അദ്ധ്യാത്മ രാമായണം എന്ന പേരിതിന്നിദം അദ്ധ‍്യയനം ചെയ്യുന്നോർക്കധ്യാത്മജ്ഞനമുണ്ടാം.’

വേദത്തിൽ ‘ര ശബ്ദം അഗ്നിയെയും ‘മ’ അവസാനത്തെയും സൂചിപ്പിക്കുന്നു. അഗ്നി അറിവാണ്, ജ്ഞാനമാണ്. അതിനാൽ രാമായണം അറിയിവിലേക്കുള്ള അവസാന യാത്രയാണ്. രാമായണത്തിന്റെ ആദ്യപാദമായ ‘ഉമാമഹേശ്വ സംവാദം’ ഈ ഗ്രന്ഥത്തിന്റെ രത്നച്ചുരുക്കമാണ്.

ഇതിന്റെ കേന്ദ്രകഥാപാത്രങ്ങളായ ശ്രീരാമദേവനും സീതാദേവിയും പരമപുരുഷന്റെയും മൂല പ്രകൃതിയുടേയും പ്രത്യക്ഷരൂപങ്ങളാണ്. പുരുഷ പ്രകൃതി സംയോഗത്തിന്റെ പ്രകടിതഭാവമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി ലയങ്ങൾക്ക് ഇവിടെയുള്ള സർവചരാചരങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടെന്നു രാമായണം ഓർമപ്പെടുത്തുന്നു.

ജീവശക്തിയില്ലാത്ത കല്ല്, മണ്ണ്, അതേസമയം ജീവചൈതന്യമുള്ള സസ്യലതാദികൾ, മൃഗങ്ങൾ, പക്ഷികൾ, വാനരർ, രാക്ഷസൻ, മനുഷ്യർ, മഹർഷിമാർ ഇവരൊക്കെയും ഇതിൽ കഥാപാത്രങ്ങളാണ്. തന്റെ ഏകാഗ്രമായ കഠിനതപസുവഴി ഋക്‌വേദാന്തർ ഗതമായ മന്ത്രമാതാവായ ‘ഗായത്രി’ മന്ത്രം ദർശിച്ച് ലോകത്തിനു പ്രദാനം ചെയ്തവഴി വിശ്വത്തിനു മുഴുവൻ മിത്രമായിത്തീർന്ന വിശ്വാമിത്രമഹർഷിയുടെ നിർദ്ദേശപ്രകാരം കാമരൂപിണിയും ദുഷ്ടയുമായ ഭയങ്കരിയായ താടകയെയാണ് ശ്രീരാമനു നേരിടേണ്ടി വരുന്നത്.

സ്ത്രീഹത്യ അധർമ്മാണെന്ന പാപഭയത്താൽ ധർമ്മവിഗ്രഹനായ രാമൻ ഇവിടെ ശങ്കിക്കുന്നു. സ്ത്രീയോ, പുരുഷനെ മറ്റേതെങ്കിലും ജീവിയോ ആയിരുന്നാൽപോലും പ്രപഞ്ചത്തിന്റെ സുഗമമായ താളലയങ്ങൾക്കു വിഘാതമായി വരുന്ന ഏതൊരു ശക്തിയെയും ഇല്ലായ്മ ചെയ്കയെന്നതാണ് ധർമ്മാവായ വീരന്റെ കർത്തവ്യം എന്നു മഹർഷി രാമനെ ബോധ്യപ്പെടുത്തുന്നു. ശ്രീരാമലക്ഷ്മണന്മാർക്കു ലഭിച്ച പ്രധമവും പ്രധാനവുമായ പാലമായിരുന്നു ഇത്. ശ്രീരാമചന്ദ്രന്റെ ജീവിതയാത്രയിലുടനീളം ഈ മഹത്തായ പാഠം പ്രചോദനം നൽകി.

കുലഗുരുവായ വസിഷ്ഠ മഹർഷിയിൽനിന്ന് അന്നു ലഭ്യമായ ഭൗതികവും ആത്മീയവുമായ സകല വിദ്യകളും രാമൻ പഠിച്ചു മനസിലാക്കിയിട്ടുണ്ട്. ഈ വിദ്യകൾക്ക് പ്രാവർത്തിക ജ്ഞാനം നേടേണ്ടത് ഉത്തമജീവിതത്തിന് അവശ്യം ആവശ്യമാണെന്ന് കുല ഗുരുവിനറിയാമായിരുന്നു. അതുകൊണ്ട് ശ്രീരാമലക്ഷ്മണന്മാരെ മഹർഷിയും പൂർവ്വാശ്രമത്തിൽ രാജാവുമായിരുന്ന കൗശികനോടൊപ്പം യാത്രയാക്കാൻ പിതാവായ ദശരഥചക്രവർത്തിയെ കുലഗുരു പ്രേരിപ്പിക്കുന്നു. ഈ യാത്രയാണ് രാമായണത്തിലേക്കുള്ള ആദ്യകാൽ വയ്പ്. സീതാപരിണയം, അഹല്യാമോക്ഷം, പരശുരാമദർപ്പശമനം, വനവാസം പഞ്ചവടിവാസം, ശൂർപ്പണഖാ മാനഭംഗം, സീതാന്വേഷണം, ബാലിവധം, രാവണനിഗ്രഹം പട്ടാഭിഷേകം, സീതാപരിത്യാഗം, സ്വധാമഗമനം എന്നീ അവസരങ്ങളിലൊക്കെ ബാല്യത്തിൽ ലഭിച്ച ശിക്ഷണം മാർഗ്ഗദർശനം നൽകി. ബാലിവധം രാമായണത്തിൽ സമാനതകളില്ലാത്ത ഒരു ഭാഗമാണ്. ശാരാശരി ഒരു വായനക്കാരന് ഒന്നോ രണ്ടോ വായനകൊണ്ടൊന്നും ഇതിന്റെ പൊരുൾ പിടികിട്ടുകയില്ല. വാനരന്മാരായ ബാലിയും സുഗ്രീവനും അമ്മവഴി സഹോദരന്മാരാണ്. ഇന്ദ്രപുത്രനാണ് ബാലി. ഇന്ദ്രൻ ചഞ്ചലാത്മകമായ മനസാണ് അർക്കജനാണ് സുഗ്രീവൻ. അർക്കൻ പ്രകാശമാണ്, അറിവും ബുദ്ധിയുമാണ്. മനോബുദ്ധികൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ബാലീസുഗ്രീവയുദ്ധം.

നിസാരമായ ഒരു തെറ്റിദ്ധാരണകൊണ്ട് സ്വസഹോദരനെ രാജ്യഭ്രഷ്ടനാക്കിയ ബാലി അയാളുടെ സമ്പത്തും മാത്രമല്ല പത്നിയെയും ബലാൽ കൈവശപ്പെടുത്തുകയെന്ന കാലിക പ്രസക്തിയുള്ള കൊടും ക്രൂരതയാണ് ചെയ്തത്.

സ്വതേ പരാക്രമിയായ ബാലിക്ക് രാവണദർപ്പശമനസന്ദർഭത്തിൽ പിതാവായ ദേവേന്ദ്രൻ പ്രീതനായി ഒരു വരം നൽകി. തനിക്കു നേരെ പൊരുതുന്നവന്റെ പകുതി ബലം അയാ‌ൾക്കു ലഭിക്കും. പോരെ പൂരം .ധാർമ്മികനാണെന്നുഭാവിച്ചുകൊണ്ട് അധാർമ്മിക ജീവിതം നയിക്കുന്ന അതിബലവാനായ ബാലിയെ വധിക്കാൻ ഒളിയമ്പ് എയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ശിരാമാസ്ത്രമേറ്റു നിലംപതിച്ച ബാലി പറയുന്നതുപോലെ എന്തു ഞാനൊന്നു നിന്നോടു പിഴച്ചിത് എന്തിനെന്നെ കൊല ചെയ്തു വെറുതെ നീ എന്തൊരു കീർത്തി ലഭിച്ചിതുകൊണ്ട് ചിന്തിക്കൂ രാജകുലോത്ഭവനല്ലേ നീ?

ഇപ്രകാരം രാമകഥയുള്ളത്രയും കാലം പേരുകളങ്കപ്പെടുത്തേണ്ടി വന്ന ആ സന്നിഗ്ധ ഘട്ടത്തിൽപ്പോലും ബാല്യത്തിൽ വിശ്വാമിത്രനിൽ നിന്നു ലഭിച്ച മഹത്തായ പാഠം ശ്രീരാമന് ധൈര്യവും പ്രചോദനമായിത്തീർത്തു. അതായത് സത്യ ധർമ്മങ്ങളിൽ അധിഷ്ഠിതമായ പ്രപഞ്ചതാളത്തിന് ഒന്നും തടസ്സമാവരുത്. രാമായണത്തിൽ സമ്പാതി വാക്യത്തിലൂടെ നിശാകരതാപസൻ നൽകുന്ന ഒരു മഹത്തായ പാഠമുണ്ട്. സ്ത്രീ ഗർഭത്തിലെ ജീവോൽപത്തി ശിശുവിന്റെ ക്രമേണയുള്ള വികാസം പരിണാമം ഭൂമിയിലേക്കുള്ള ജനനം എന്നിവിടെവരെയുള്ള എല്ലാ വിവരണങ്ങളും ഈ കലിയുഗമധ്യത്തിൽപ്പോലും ഒരു മാറ്റവുമില്ലാതെയാണിരിക്കുന്നതെന്നാണ് വിദൂഷികൾ പറയുന്നത്. മാതാപിതാക്കന്മാരും ആകാനുള്ളവരും വായിച്ചു പഠിച്ച് ഹൃദിസ്ഥമാക്കേണ്ട ഒരു ഭാഗമാണ് അതി. അതുകൊണ്ടുതന്നെ ഭാരതസംസ്ക്കാരം ഋഷിപരമ്പരയോടും ഗുരുക്കന്മാരോടും പിതൃക്കളോടും എക്കാലവും കടപ്പെട്ടിരിക്കുന്നു. 

Your Rating: