Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളോട് സ്നേഹത്തോടെ മാത്രം

ഡോ. അലി മുഹ്‌യിദ്ദീൻ അലി അൽ ഖുർറദാഗി
Ramadan and kids കുട്ടികളോട് സ്‌നേഹത്തോടെയും സഹനത്തോടെയും പെരുമാറണമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു

ദൈവം മനുഷ്യരെ ഏൽപ്പിക്കുന്ന സൂക്ഷിപ്പുസ്വത്താണു മക്കൾ. സ്‌നേഹവും വാത്സല്യവും കൃത്യമായ ദിശാബോധവും നൽകി, കുടുംബത്തിനും സമൂഹത്തിനും വെളിച്ചംപകരുന്നവരായി അവരെ വളർത്തിയെടുക്കൽ മാതാപിതാക്കളുടെ കടമയാണ്. സന്താനപരിപാലനം ആരാധനയുടെ ഭാഗമാണെന്നാണ് ഇസ്‌ലാമിക വീക്ഷണം. കുട്ടികളോട് സ്‌നേഹത്തോടെയും സഹനത്തോടെയും പെരുമാറണമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. കുട്ടികളോട് അദ്ദേഹം മുഷിഞ്ഞു സംസാരിച്ചിട്ടേയില്ല. അവരോടു കുശലംപറഞ്ഞും കളിച്ചും സമയം ചെലവിട്ടു. പ്രവാചകനെപ്പോലെ കുട്ടികളോട് സ്നേഹപൂർവം പെരുമാറുന്ന മറ്റൊരാളെ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സേവകനായിരുന്ന അനസ് ബ്‌നു മാലിക് സാക്ഷ്യപ്പെടുത്തുന്നു. 

പൗത്രന്മാരായ ഹസൻ, ഹുസൈൻ എന്നിവരെ കളിപ്പിക്കാൻ നബി സമയം കണ്ടെത്തിയിരുന്നു. പ്രവാചകൻ പേരക്കുട്ടികളെ ചുംബിക്കുന്നതു കണ്ടപ്പോൾ ഒരാൾക്ക് ആശ്‌ചര്യം. 

തന്റെ മക്കളെ ചുംബിക്കാറില്ലെന്ന് അയാൾ നബിയോട് പറഞ്ഞു. ‘ഹൃദയത്തിൽനിന്നു കരുണ വറ്റിപ്പോകാൻ നീയാഗ്രഹിക്കുന്നുണ്ടോ’ എന്നായിരുന്നു നബിയുടെ പ്രതികരണം. 

പണ്ഡിതനും തത്വജ്‌ഞാനിയുമായ ലുഖ്‌മാനുൽ ഹകീം അദ്ദേഹത്തിന്റെ മകനു നൽകിയ സദുപദേശങ്ങൾ പരാമർശിക്കുന്ന ഖുർആനിലെ അധ്യായമാണ് സൂറത്തുലുഖ്‌മാൻ. കുട്ടികൾ വരുംകാലം

 കെട്ടിപ്പടുക്കേണ്ടവരാണ്. കാലം ഇരുളടയുമ്പോൾ വെളിച്ചം കാട്ടാൻ അവർക്കു കഴിയണമെങ്കിൽ ബാല്യത്തിലേ അവരുടെ ഹൃദയം പ്രകാശപൂർണമാകണം. അധിക്ഷേപവും ശിക്ഷയുംകൊണ്ടല്ല, സ്നേഹവും വാത്സല്യവും കൊണ്ടുവേണം അവരുടെ മനസ്സിൽ നന്മയുടെ പാഠങ്ങൾ എഴുതിച്ചേർക്കാൻ.

∙ മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര

Read more.. Ramadan, Ramzan, Eid 2017