Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സകാത്ത് എന്ന പങ്കുവയ്ക്കൽ

ഡോ. അലി മുഹ്‌യിദ്ദീൻ അലി അൽ ഖുർറദാഗി
Ramzan 2017 ഓരോ നാട്ടിലും സാധാരണ ഉപയോഗിക്കുന്ന ഭക്ഷ്യവസ്‌തുക്കളാണ് ഫിത്‍ർ സകാത്തായി നൽകേണ്ടത്

റമസാനിലെ അവസാന ദിവസത്തെ സൂര്യാസ്‌തമയത്തോടെ വിശ്വാസിക്ക് നിർബന്ധമാകുന്ന ദാനമാണ് ഫിത്ർ സകാത്ത്. 

പുരുഷന്മാരും സ്‌ത്രീകളും വലിയവരും ചെറിയവരും സ്വതന്ത്രരും അല്ലാത്തവരുമായ എല്ലാ വിശ്വാസിയും ഫിത്ർ സകാത്ത് നൽകണം. പെരുന്നാൾ ദിനത്തിൽ തനിക്കും ആശ്രിതർക്കും ചെലവിന് ആവശ്യമായി വരുന്നതിലധികം സമ്പത്ത് സ്വന്തമായുണ്ടെങ്കിൽ സകാത്ത് നിർബന്ധമാണ്. 

ഒരു മാസക്കാലത്തെ വ്രതാനുഷ്‌ഠാനത്തിനു ശേഷം വന്നെത്തുന്ന പെരുന്നാൾദിനത്തിൽ ആരും പട്ടിണികിടക്കാതിരിക്കാനും സമൂഹത്തിന്റെ താഴേത്തട്ടിലെ മനുഷ്യർക്ക് അവരുടെ വിഹിതം നൽകാനുമാണ് ദാനം നിർബന്ധമാക്കിയത്. എല്ലാവർക്കും ഒന്നിച്ചുപങ്കുകൊള്ളാൻ കഴിയുമ്പോഴേ ആഘോഷവേളകൾ അർഥപൂർണമാകൂവെന്ന സന്ദേശമാണ് ഫിത്ർ സകാത്തിന്റേത്. വ്രതാനുഷ്‌ഠാനത്തിൽ സംഭവിച്ചേക്കാവുന്ന വീഴ്‌ചകൾ പരിഹരിക്കാനുള്ള മാർഗംകൂടിയാണ് ഫിത്‌ർ സകാത്തെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. നോമ്പിന്റെ പുണ്യം പൂർണമാകണമെങ്കിൽ‍ സകാത്ത് കൊടുത്തുവീട്ടണം. ഖുർആനിലെ അൽഅഅലാ അധ്യായത്തിലെ 14-ാം വചനത്തിൽ ‘വിശുദ്ധി കൈവരിച്ചവർ വിജയം നേടുക തന്നെ ചെയ്‌തിരിക്കുന്നു’ എന്ന് അല്ലാഹു പ്രഖ്യാപിച്ചത് ഫിത്ർ സകാത്ത് നൽകിയവരെക്കുറിച്ചാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം.

ഓരോ നാട്ടിലും സാധാരണ ഉപയോഗിക്കുന്ന ഭക്ഷ്യവസ്‌തുക്കളാണ് ഫിത്‍ർ സകാത്തായി നൽകേണ്ടത്. പാവപ്പെട്ടവർ വീടുകളിൽ കയറിയിറങ്ങി കൈനീട്ടുന്ന സാഹചര്യമുണ്ടാകരുതെന്നും സകാത്ത് അവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കണമെന്നും നബി പഠിപ്പിച്ചു. ഖലീഫ ഉസ്‌മാൻ സ്വന്തം ചുമലിലേറ്റിയാണ് സകാത്ത് അർഹരുടെ വീടുകളിൽ എത്തിച്ചുകൊടുത്തിരുന്നതെന്ന് ചരിത്രത്തിൽ കാണാം. സകാത്ത് നൽകുക, സന്തോഷം പങ്കുവയ്ക്കുക.

∙ മൊഴിമാറ്റം: മുഹമ്മദലി ഹുദവി വേങ്ങര

Read more... Ramadan, Ramzan 2017Eid Ul Fitr 2017, Eid Greetings, Ramadan Kareem