Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധി നല്‍കി ജീവൻ രക്ഷിച്ച വിപ്ലവസിംഹമേ...' കലക്കൻ ട്രോൾ'മഴ'

collector-troll

കലക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്..‘ഞങ്ങള്‍ പ്രഫഷനല്‍ കോളജില്‍ പഠിക്കുന്നത് നീന്തലൊന്നുമല്ല. ഒരവധി സര്‍, പ്ലീസ്...’ ഇതൊരു അപേക്ഷയല്ല രോദനമാണ്. ഒരുപറ്റം പ്രഫഷനല്‍ വിദ്യാര്‍ത്ഥികളുടെ രോദനം. മഴ കനത്തതോടെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അഭ്യർഥനകളുടെ പേമാരിയാണ്. ‘നാളെ അവധിയുണ്ടോ?’ എന്ന ചോദ്യമാണ് കൂടുതലും പെയ്തിറങ്ങുന്നത്. അവധി ചോദിക്കുന്ന കാര്യത്തിൽ വിദ്യാർഥികൾ, അധ്യാപകർ എന്ന വേർതിരിവില്ല. ഇന്നലത്തെ പോലെ ഇന്നും ഇവിടെ കനത്ത മഴയാണ്, അവധി തരണമെന്നു താഴ്മയായി അപേക്ഷിക്കുന്നവരും കൽപിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇടുക്കി കലക്ടറെ അവധി നൽകാൻ ഉപദേശിക്കണമെന്നാണ് ഒരാളുടെ ആവശ്യം. പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവധി നൽകുമ്പോൾ തഴയരുതെന്ന് മറ്റൊരു പക്ഷം. 

collector-troll1

‘പ്രിയപ്പെട്ട കലക്ടർ സാർ, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. എല്ലാ ദിവസത്തെയും പോലെ നാളെയും കടന്നുപോകും. പക്ഷേ, അങ്ങ് കൊടുക്കുന്ന അവധി... അത് ചരിത്രമാകും. ഇനി വരാനിരിക്കുന്ന കലക്ടർമാർക്ക് ഒരു യെസ് പറയാൻ ധൈര്യം കൊടുക്കുന്ന ചരിത്രം, അതോണ്ട് സാർ, ഒരവധി? ഒരുവിരുതന്‍ കലക്ടര്‍ക്ക് അയച്ച സന്ദേശമിങ്ങനെ. രണ്ടുദിവസം കൊണ്ടു ‍ഞങ്ങളാണ് ഈ പേജിനു ലൈക്ക് കൂട്ടിയത്. നാളെ കൂടി അവധി തന്നാൽ ലൈക്ക് പതിനായിരം ഉറപ്പ് എന്ന മോഹനസുന്ദര വാഗ്ദാനവും ചിലര്‍ കലക്ടര്‍ക്ക് നല്‍കി. അതിലും കടന്ന് വേറൊരു വിരുതന്റെ ആവശ്യം ഇങ്ങനെ.‘ സാറേ, അടുത്ത ഇലക്ഷന് സർ പെരുമ്പാവൂരിൽ .ഞങ്ങൾ ജയിപ്പിക്കും’. അവധി നല്‍കിയതിന് കിട്ടുന്ന ഒാഫറുകളും അനുമേദനങ്ങളിലും എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ല  വീഴുമോയെന്ന് കണ്ടറിയാം. 

മഴ കൂടാതെ ലോകകപ്പ് സെമിഫൈനലുകളും കലക്ടർ കണക്കിലെടുക്കണമെന്ന് ഒരു ഫുട്ബോൾ ആരാധകന്റെ ആവശ്യം. ഇന്നലെ ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി നൂറുകണക്കിനു വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച വിപ്ലവ സിംഹമേ, ഇന്നും നല്ല മഴയാണേ..’ എന്ന ഓർമപ്പെടുത്തലുകളും ധാരാളം. യൂണിഫോം ഉണങ്ങിയിട്ടില്ല സാർ എന്ന വിലാപങ്ങളും കൂട്ടത്തിലുണ്ട്. പത്ര ഓഫിസുകളിലേക്കും ഒട്ടേറെപേരാണ് അവധി അന്വേഷിച്ചു വിളിക്കുന്നത്. കലക്ടർ എറണാകുളം എന്ന പേജിൽ ഏറ്റവും കൂടുതൽ കമന്റുകൾ അവധിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കാണെന്നതാണു രസകരം. കലക്ടറുടെ മറ്റു പല പ്രധാന പോസ്റ്റുകൾക്കു നാലും അഞ്ചും കമന്റ് മാത്രം ലഭിച്ചപ്പോൾ മഴയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കു കമന്റുകളുടെ പ്രവാഹമാണ്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam