Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലീഷ് അറിയാതെ ഇംഗ്ലണ്ടിലെത്തി, ഇന്ന് പ്രമുഖ ബ്രിട്ടിഷ് കോളജ് സിഇഒ!

x-default, Asha Khemka ആഷ ഖേംക

അമ്പരപ്പിക്കുന്ന വിജയകഥകള്‍ എന്നും പറയാനുണ്ടാകും കുടിയേറ്റങ്ങള്‍ക്ക്. ഇതും അതുപോലൊന്ന്. കഴിഞ്ഞ ദിവസം ഏഷ്യന്‍ ബിസിനസ് വുമണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട 65കാരി ഡേം ആഷ ഖേംകയുടെ കഥ അക്ഷരാര്‍ഥത്തില്‍ നമ്മെ എല്ലാം അദ്ഭുതപ്പെടുത്തും. ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് വനിതയായി തെരഞ്ഞെടുക്കപ്പെട്ട അവരുടെ കഥയ്ക്ക് അതിനേക്കാള്‍ വലിയ മാനങ്ങളുണ്ട്. വിചാരിച്ചാല്‍ എന്തും നേടാമെന്ന വലിയ തത്വം ഈ 65കാരി ആവര്‍ത്തിച്ച് നമ്മെ ഓര്‍മപ്പെടുത്തുന്നു.

ഇംഗ്ലീഷ് ഭാഷ അറിയാതെ ആംഗലേയനാട്ടില്‍

ഇംഗ്ലീഷ് ഭാഷയില്‍ യാതൊരുവിധ പ്രാവീണ്യവുമില്ലാതെയാണ് ഖേംക കല്ല്യാണ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇന്നവള്‍ പ്രമുഖ ബ്രിട്ടീഷ് കോളജായ വെസ്റ്റ് നോട്ടിങ്ഹാംഷയറിന്റെ പ്രിന്‍സിപ്പലും സിഇഒയുമാണ്. ബിഹാറിലെ സീതമാര്‍ഹി എന്ന ചെറിയ ഗ്രാമത്തിലായിരുന്നു ഖേംകയുടെ ജനനം. 13ാം വയസ്സില്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. അതിനു ശേഷം കല്ല്യാണം. ഇംഗ്ലീഷ് ഭാഷയില്‍ തീരെ വൈദഗ്ധ്യം ഇല്ലാതിരുന്ന അവര്‍ 25ാം വയസ്സിലാണ് ഭര്‍ത്താവിനോടും കുട്ടികളോടും ഒപ്പം ബ്രിട്ടനിലെത്തുന്നത്. 1978ലായിരുന്നു അത്. 

എന്നാല്‍ ഭാഷ അറിയാത്ത നാട്ടില്‍ ചെന്ന് വെറുതെ ഇരിക്കാനല്ല ഖേംക തീരുമാനിച്ചത്. യാതൊരുവിധ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സും അവര്‍ക്കില്ലായിരുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് തന്നെ തുറന്നു പറഞ്ഞു. എന്നാല്‍ അത് പഠിച്ചെടുക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികള്‍ക്കുള്ള ടിവി ഷോകള്‍ കണ്ട് സ്വയം ഇംഗ്ലീഷ് പഠിക്കുകയായിരുന്നു ഖേംക. ഇംഗ്ലീഷ് അറിയുന്ന സ്ത്രീകളോട് സംസാരിക്കാനും അവര്‍ക്ക് വലിയ താല്‍പ്പര്യമായിരുന്നു. 

തുടര്‍ന്നാണ് ബിസിനസ് ഡിഗ്രി നേടണമെന്ന ആഗ്രഹുമായി കാര്‍ഡിഫ് സര്‍വകലാശാലയില്‍ ചേര്‍ന്നത്. മികച്ച നിലവാരത്തില്‍ അവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി. അതിനു ശേഷം ലക്ച്ചറര്‍ ആയി. പിന്നീടാണ് ബ്രിട്ടനിലെ ഏറ്റവും വലിയ കോളജുകളില്‍ ഒന്നായ വെസ്റ്റ് നോട്ടിങ്ഹാംഷയര്‍ കോളജിന്റെ സിഇഒയും പ്രിന്‍സിപ്പലുമായി ചുമതലയേറ്റത്. 

2013 ല്‍ അവര്‍ക്ക് ബ്രിട്ടനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളിലൊന്നായ ഡേം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡല്‍ ലഭിച്ചു. 1931ല്‍ മഹാറാണ ലക്ഷ്മി ദേവി ഭായ് സാഹിബയ്ക്ക് ഡേം പുരസ്‌കാരം ലഭിച്ച ശേഷം ആദ്യമായി ഈ വലിയ ബഹുമതി ലഭിക്കുന്ന ഇന്ത്യന്‍ വംശജയാണ് ഖേംക. മൂന്നു കുട്ടികളുടെ അമ്മയായ ഇവര്‍ ഇനിയും പുതിയ ഉയരങ്ങള്‍ ബ്രിട്ടനിലെ ബിസിനസ് ലോകത്ത് എത്തിപ്പിടിക്കാനുള്ള തയാറെടുപ്പിലാണ്.