Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9 വർഷങ്ങൾ, 19 ശസ്ത്രക്രിയകൾ, ആത്മഹത്യ ശ്രമം... എന്നിട്ടും ഇന്നവൾ ജീവിക്കുന്നു 

Shyna ആസിഡ് ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ഷൈനയുടെ ചിത്രങ്ങൾ

അവൾ കരയില്ല, പതറുകയുമില്ല, കണ്ണാടിയിൽ തെളിഞ്ഞു വരുന്ന തന്റെ മുഖം കണ്ട് ഇന്നവൾക്ക് ആത്മവിശ്വാസം വർധിക്കുന്നു. അതെ, ഷൈന , അവൾ അങ്ങനെയാണ്..അങ്ങനെ ആകാനേ അവൾക്കു പറ്റൂ. എണ്ണിയാൽ തീരാത്ത ഒളിഞ്ഞും മറഞ്ഞും ഉള്ള ആസിഡ് ആക്രമണങ്ങളുടെ ഇരയാണ് ഉത്തർപ്രദേശുകാരിയായ ഈ മുപ്പതുകാരി. 20  വയസ്സിന്റെ പ്രസരിപ്പിലാണ് ഷൈനയ്ക്ക് അവളുടെ മുഖം നഷ്ടമായത്. സൗന്ദര്യവും ആത്മവിശ്വാസവും ഏറെ സ്ഫുരിക്കുന്ന ആ മുഖത്ത് ഇന്ന് , കാഴ്ച ശക്തിയില്ലാത്ത ഇടത്തെ കണ്ണും ആസിഡ് വീര്യത്തിൽ ഉരുകിയൊലിച്ച മറ്റവയവങ്ങളും മാത്രം. വൈരൂപ്യത്തിന്റെ വേദനയിലും അവൾ ജീവിക്കുന്നു, നാളെയുടെ പ്രതീക്ഷയോടെ.

ഉത്തർപ്രദേശ് ഗാസിയാബാദ് ജില്ലയിലെ ശാന്തിനികേതൻ സ്‌കൂളിലെ അധ്യാപികയായിരുന്നു ഷൈന. പ്രൈമറി സ്‌കൂൾ ടീച്ചർ എന്ന നിലയിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഏറെ പ്രിയപ്പെട്ട അധ്യാപിക. അതുകൊണ്ടുതന്നെ സ്‌കൂൾ മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പ്രത്യേക ചുമതലകൂടി ഷൈനയ്ക്ക് നൽകിയിരുന്നു. ഒരിക്കൽ അഡ്മിഷൻ സമയത്ത്, കുട്ടിക്ക് അഡ്മിഷൻ വാങ്ങാൻ എന്നുപറഞ്ഞ് എത്തിയവരോട് സംസാരിക്കുന്നതിനിടയിൽ ഒരു പ്രകോപനവും കൂടാതെ അതിലൊരാൾ തന്റെ കൈവശം ഉണ്ടായിരുന്നു ചോറുപാത്രം തുറന്ന് ഒരു ദ്രാവകം ഷൈനയുടെ മുഖത്തേക്ക് ഒഴിച്ചു.

shyna-2 സംസാരിക്കുന്നതിനിടയിൽ ഒരു പ്രകോപനവും കൂടാതെ അതിലൊരാൾ തന്റെ കൈവശം ഉണ്ടായിരുന്നു ചോറുപാത്രം തുറന്ന് ഒരു ദ്രാവകം ഷൈനയുടെ മുഖത്തേക്ക് ഒഴിച്ചു...

എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നു തിരിച്ചറിയും മുമ്പു തന്നെ എല്ലാം നടന്നിരുന്നു. ആസിഡ് അവളുടെ മുഖത്തെയും ശരീരത്തെയും ഉരുക്കി, വസ്ത്രങ്ങൾ ഉരുകി ശരീരത്തോടു ചേർന്നു. അപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. വിദ്യാലയത്തിലെ മറ്റധ്യാപകർക്ക് എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ. ചിലർ മുഖത്തു വീണത് എന്താണ് എന്നറിയാതെ ആശയക്കുഴപ്പത്തിലായി. കൂട്ടത്തിൽ ഒരധ്യാപിക ഷോൾ എടുത്തുകൊണ്ടു വന്ന് അവളെ പുതപ്പിച്ചു. തുടർന്ന് ആശുപത്രി വാസത്തിന്റെ ദിനങ്ങൾ ആയിരുന്നു. ആസിഡ് ആക്രമണത്തിൽ ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തിരിച്ചറിയാനാവാത്ത വിധം മുഖം വിരൂപമായി. ആസിഡ് വീണു കൈയും ശരീരവും പൊള്ളി. 

ഷൈന അധ്യാപികയായി ജോലി ചെയ്തിരുന്ന സ്‌കൂൾ മാനേജ്‌മെന്റ് ഷൈനയ്ക്ക് ഒപ്പം നിന്നു. നല്ലൊരു വക്കീലിനെ കണ്ടെത്തി അവർ കേസ് നടത്തി. പ്രണയാഭ്യർഥന നിരസിച്ചതിന് ഒരു യുവാവ് ചെയ്ത പ്രതികാരമായിരുന്നു ഇത്. സംഭവം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞപ്പോൾ പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എന്നാൽ ഷൈനയുടെ ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കു കൂടി വരികയായിരുന്നു 

shyna-1 കുടുംബത്തിനു താങ്ങായി കുഷ്യൻ നിര്‍മാണത്തിലേക്കു കടന്നു. അച്ഛനും അമ്മയും നിർമ്മിക്കുന്ന കുഷ്യനുകൾക്ക് അവൾ വിപണി തേടി...

ശസ്ത്രക്രിയയുടെ ലോകം, ദാരിദ്ര്യത്തിന്റെയും  

ഇടത്തരം സാമ്പത്തികം മാത്രമുള്ള ഒരു കുടുംബമായിരുന്നു അവളുടേത്. ഒരു ഫാഷൻ സ്റ്റോറിൽ തയ്യൽക്കാരനായ അച്ഛൻ മകളുടെ ചികിത്സയ്ക്കായി സ്വന്തമായി ഉണ്ടായിരുന്ന വീട് വിറ്റു. ഷൈന ഉൾപ്പെടെ 7  മക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ വീടും സ്വത്തുക്കളും വിറ്റു മകളുടെ ചികിത്സ നടത്തി. 9  വർഷങ്ങളിലായി 19  ശസ്ത്രക്രിയകൾ. ലക്ഷങ്ങളുടെ കടബാധ്യത അതിലൂടെ ഉണ്ടായി. 

വാടകക്കെടുത്ത ഒറ്റമുറി വീട്ടിൽ ഷൈനയ്ക്കായി ആ കുടുംബം താമസിച്ചു. എന്നാൽ താൻ ഒരു ബാധ്യതയാകുന്നു എന്നു തോന്നിയ ഷൈന ആത്മഹത്യയെപ്പറ്റി ചിന്തിച്ചു തുടങ്ങി. ആശുപത്രിക്കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഷൈനയെ പരിക്കുകളോടെ രക്ഷപ്പെടുത്തി, തുടർ ചികിത്സ നൽകി. പിന്നീട് കടുത്ത വിഷാദത്തിലേക്കാണ് ഷൈന വഴുതി വീണത്. 

shyna-3 ഇന്ന് ഷൈന , ആഴ്ചയിൽ രണ്ടു ദിവസം ബസുകളും ട്രെയിനും കയറി ആശുപത്രിയിൽ എത്തുന്നു. ചികിത്സതേടിയല്ല. തന്നെ പോലെ നിസ്സഹായരായ യുവതികൾക്ക് കരുത്തു പകരാൻ..

സ്‌കൂൾ മാനേജ്‌മെന്റും ആശുപത്രി അധികൃതരും നൽികിയ പിന്തുണയോടെ വർഷങ്ങൾ കൊണ്ട് ഷൈന ജീവിതത്തിലേക്ക് മടങ്ങിയെത്തി. തനിക്കും ഈ ലോകത്ത് എന്തെങ്കിലും ഒക്കെ ചെയ്യാനുണ്ട് എന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. കുടുംബത്തിനു താങ്ങായി കുഷ്യൻ നിര്‍മാണത്തിലേക്കു കടന്നു. അച്ഛനും അമ്മയും നിർമ്മിക്കുന്ന കുഷ്യനുകൾക്ക് അവൾ വിപണി തേടി. 

തകർക്കാനാവില്ല ഈ ആത്മവിശ്വാസം 

ഏതു വിധേനയും ജീവിതം തിരിച്ചു പിടിക്കണം എന്ന ആഗ്രഹത്തിൽ നിന്നു ചിന്തിച്ചപ്പോഴാണ് തന്നെ പോലെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതികളെ കുറിച്ചുള്ള ചിന്ത വന്നത്. തനിക്ക് ചികിത്സ നൽകിയ ആശുപത്രിയിൽ സമാന അവസ്ഥയിലുള്ള ധാരാളം പേര്‍ എത്തുന്നുണ്ട് എന്ന തിരിച്ചറിവ്, അത്തരം യുവതികളിൽ ആത്മവിശ്വസം ജനിപ്പിക്കാനുള്ള പ്രവർത്തികളുടെ ഭാഗമായി. 

ഇന്ന് ഷൈന , ആഴ്ചയിൽ രണ്ടു ദിവസം ബസുകളും ട്രെയിനും കയറി ആശുപത്രിയിൽ എത്തുന്നു. ചികിത്സതേടിയല്ല. തന്നെ പോലെ ഒറ്റപ്പെട്ട, നിസ്സഹായരായ യുവതികൾക്ക് തന്റെ ജീവിതത്തിൽ പഠിച്ച പാഠങ്ങളിലൂടെ മുന്നോട്ടു കുത്തിക്കാനുള്ള കരുത്തു പകരാൻ..അതെ..ഇന്നവൾ ജീവിക്കുകയാണ്... ആസിഡ് ആക്രമണങ്ങൾക്ക് അവസാനം കുറിക്കാൻ അമരത്ത് ഇനി ഷൈനയുണ്ടാകും.