Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന്റെ ക്രൂരതയ്ക്ക് ഇരയായ സൈനികന്റെ മകളെ ഏറ്റെടുത്ത് ഐഎഎസ്-ഐപിഎസ് ദമ്പതികള്‍

Younus Khan and Anjum Ara യൂനസ് ഖാനും ഭാര്യ അന്‍ജും അരയും

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന പട്ടാളക്കാരുടെ മക്കൾ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്ന് പലരും അന്വേഷിക്കാറില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ബലിയര്‍പ്പിച്ചവരോട് പിന്നീട് നമ്മള്‍ കാണിക്കുന്നത് പലപ്പോഴും അനാദരവ് മാത്രമായി തീരാറുമുണ്ട്. അക്ഷയ് കുമാറിനെ പോലുള്ള അപൂര്‍വം ചില സെലിബ്രിറ്റികള്‍ മാത്രമാണ് ഇത്തരം വിഷയങ്ങള്‍ക്കു പുറകെ നടന്ന് പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ ചെയ്യുന്നത്. ഇവിടെ, സഹജീവി സ്‌നേഹത്തിന്റെ ഉാദത്ത മാതൃക തീര്‍ക്കുകയാണ് ഹിമാചല്‍ പ്രദേശിലെ ഐഎഎസ് ഭര്‍ത്താവും ഐപിഎസ് ഭാര്യയും. 

കശ്മീരിലെ പൂഞ്ച് സെക്റ്ററില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ കാടത്തത്തില്‍ മേയ് ഒന്നിന് കൊല്ലപ്പെട്ട നയിബ് സുബൈദാര്‍ പരംജിത് സിങിനെ നമ്മള്‍ മറന്നുകാണില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍, അവളെ ദത്തെടുക്കാനും താല്‍പ്പര്യപ്പെട്ടു രംഗത്തെത്തിയിരിക്കുകയാണ് യൂനസ് ഖാന്‍ എന്ന ഐഎഎസ് ഓഫീസറും ഭാര്യ അന്‍ജും അര എന്ന ഐപിഎസ് ഓഫീസറും. 

12 വയസുള്ള പരംജിത് സിങിന്റെ മകളുടെ പേര് ഖുശ്ദീപ് കൗര്‍ എന്നാണ്. ദത്തെടുക്കുക എന്നു പറഞ്ഞാല്‍ ഖുശ്ദീപിന്റെ കുടുംബത്തില്‍ നിന്ന് അവളെ പറിച്ചെടുക്കും എന്നൊന്നും തെറ്റിദ്ധരിക്കരുത്. ഖുശ്ദീപ് അവളുടെ വീട്ടില്‍ തന്നെ കഴിയും. എന്നാല്‍ അവളുടെ പഠനത്തിനും മറ്റുള്ള എല്ലാ കാര്യങ്ങള്‍ക്കുമുള്ള മുഴുവന്‍ ചെലവും ഇവര്‍ വഹിക്കും. എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിച്ചു നല്‍കും. മാത്രമല്ല ഖുശ്ദീപിന് ഐഎഎസ്/ ഐപിഎസ് ഓഫീസറോ ആകണമെങ്കില്‍ അതിനുള്ള എല്ലാ തരത്തിലുള്ള പിന്തുണ നല്‍കുകയും ചെയ്യും ഈ ഐഎഎസ്-ഐപിഎസ് കുടുംബം.

രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഒരു പട്ടാളക്കാരന്റെ മകള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു എന്നുറപ്പ് വരുത്തേണ്ടത് ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം മാത്രമായാണ് കാണുന്നതെന്ന് യുനസ് ഖാനും ഭാര്യ അന്‍ജുമും പറഞ്ഞു. പരംജിത്തിന്റെ മൃതദേഹം വികൃതമാക്കിയാണ് പാക്കിസ്ഥാന്‍ ആര്‍മി ഇന്ത്യക്കെതിരെയുള്ള രോഷം തീര്‍ത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത്.