Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഡ് ആക്രമണം, 17 സർജറികൾ, ഒടുവിൽ റോങ് നമ്പറിലൂടെ അവൾ പ്രണയം കണ്ടെത്തി

 Lalita Ben ലളിത ബെന്നും ഭർത്താവ് രവിശങ്കറും

ജീവിതം എപ്പോഴും വ്യത്യസ്ത ഭാവങ്ങളിലാണ് നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുക. പട്ടുമെത്തപോല്‍ സുഖകരമായ കാലഘട്ടം മാത്രമല്ല, കല്ലുംമുള്ളും നിറഞ്ഞ പാതകളും ചിലപ്പോൾ സഹിക്കേണ്ടി വരും. എത്ര ദുരിതപൂർണമായ അനുഭവങ്ങളാണ് ജീവിതം നൽകുന്നതെങ്കിലും അതിനെയെല്ലാം പൊസിറ്റീവായി നേരിട്ട് ഞാൻ വിജയം കണ്ടെത്തും എന്നു സ്വയം തീരുമാനിച്ചുറപ്പിച്ചാൽ പിന്നൊരു ശക്തികൾക്കും നിങ്ങളെ തടയാനാവില്ല. കറുത്തിരുണ്ട നാളുകളിൽ നിന്നും ലളിത ബെൻ ബൻസി എന്ന ഇരുപത്തിയാറുകാരി ഉയിർത്തെഴുന്നേറ്റ് ജീവിതം കെട്ടിപ്പടുത്തുവെങ്കിൽ അതിനൊരൊറ്റ കാരണം മാത്രമേയുള്ളു, നിശ്ചയദാർഢ്യം. ആസിഡ് ആക്രമണത്തിനിരയായിട്ടും പതിനേഴു സര്‍ജറികളിലൂടെ കടന്നു പോയിട്ടും അവൾ തോറ്റു പിന്മാറിയില്ല, സ്വപ്നം കണ്ടതുപോലൊരു ജീവിതം സ്വന്തമാക്കുകയും ചെയ്തു.

മുംബൈ സ്വദേശിയായ ലളിതയു‌ടെ ജീവിതം ഇന്നു വേദനകളുടെയും ഇരുട്ടിന്റെയും ലോകത്തു നിന്നും മാറി പ്രണയത്തിന്റെയും സ്വപ്നങ്ങളുടെയും ലോകത്ത് എത്തിയിരിക്കുകയാണ്. തന്റെ സ്വപ്നങ്ങളിലെ പുരുഷനെയാണ് അവൾ ഇരുപത്തിയേഴുകാരനായ രവിശങ്കറിൽ കണ്ടത്. ചൊവ്വാഴ്ച്ച താനെയില്‍ വച്ചായിരുന്നു രവിശങ്കർ ലളിതയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. 

lalita-2 മുംബൈ സ്വദേശിയായ ലളിതയു‌ടെ ജീവിതം ഇന്നു വേദനകളുടെയും ഇരുട്ടിന്റെയും ലോകത്തു നിന്നും മാറി പ്രണയത്തിന്റെയും സ്വപ്നങ്ങളുടെയും ലോകത്ത് എത്തിയിരിക്കുകയാണ്...

അതിനു മുമ്പ് ലളിതയുടെ ജീവിതം മാറ്റിമറിച്ച ആ ദുരന്തം എന്തെന്നറിയണം. 2012ലായിരുന്നു ശരീരവും മനസും ഒരുപോലെ ഉരുകിയൊലിച്ച ആ അനുഭവത്തിലൂടെ ലളിത കടന്നുപോയത്. വാക്കുതർക്കത്തിന്റെ പേരിൽ ലളിതയുടെ കസിൻ അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു കടന്നുകളയുകയായിരുന്നു. പിന്നീട് അനേകം സർജറികൾ നടത്തി. ലളിതയുടെ ഓർമയിൽ ഏതാണ്ട് പതിനേഴോളം സർജറികൾക്കു ശേഷമാണ് മുഖം അൽപമെങ്കിലും സാധാരണ നിലയിലേക്കെത്തിയത്. 

മാറിപ്പോയ ഒരു കോളാണ് ഇരുവർക്കും ഇന്നു ജീവിതം നൽകിയത്. ''അദ്ഭുതങ്ങൾ സംഭവിക്കും, ആസിഡ് ആക്രമണത്തിനും പതിനേഴു സർജറികൾക്കും ഒടുവിൽ ഞാൻ എന്റെ പ്രണയത്തെ കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അതു സംഭവിച്ചു. അതിനെല്ലാം കാരണമായത് ഒരു റോങ് നമ്പറുമാണ്.  എന്നെക്കുറിച്ച് എല്ലാം അറിഞ്ഞതിനു ശേഷവും അദ്ദേഹം വിവാഹത്തിൽ നിന്നും പിന്മാറിയില്ല''– ലളിത പറയുന്നു. 

കഴിഞ്ഞ രണ്ടു മാസമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. സിസിടിവി ഓപ്പറേറ്റായി േജാലി ചെയ്യുന്ന രവിശങ്കറിന് ആദ്യത്തെ സംസാരത്തിൽ തന്നെ ലളിതയെ ഇഷ്ടമായിരുന്നു. '' എനിക്ക് സംസാരിച്ചപ്പോൾ തന്നെ ലളിതയോട് ഇഷ്ടം തോന്നിയിരുന്നു. ലളിതയും ഒരു നല്ല ജീവിതം അർഹിക്കുന്നുണ്ടെന്ന് ഞാൻ അവളോടു പറഞ്ഞിരുന്നു. എന്റെ ഇഷ്ടത്തെ അമ്മയെ മാത്രം ബോധ്യപ്പെടുത്തണം എന്നേ ഉണ്ടായിരുന്നുള്ളു."– രവിശങ്കർ പറഞ്ഞു. 

x-default രാജ്യത്തെ ആയിരക്കണക്കിന് ആസിഡ് ആക്രമണ ഇരകൾക്കു മുന്നിൽ ഇതൊരു ഫുൾ സ്റ്റോപ്പോ, കോമയോ അല്ലെന്നും ജീവിതത്തിന് ഒരുപാടു സാധ്യതകളുണ്ടെന്നും തെളിയിക്കുകയാണ് അവൾ...

തീർന്നില്ല ഈ അപൂർവ പ്രണയകഥയ്ക്ക് സാക്ഷ്യം വഹിക്കാൻ ബോളിവുഡിൽ നിന്നും ഒരു താരവും എത്തിയിരുന്നു. മറ്റാരുമല്ല വിവേക് ഒബ്റോയ്! ആസിഡ് ആക്രമണങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്ന വിവേക് വിവാഹത്തിൽ പങ്കെടുക്കുക മാത്രമല്ല ലളിതയുടെ തുടർചികിൽസയുടെ ചിലവ് ഏറ്റെ‌ടുക്കുകയും ചെയ്തിട്ടുണ്ട്. '' ലളിത ഒരു യഥാർഥ ഹീറോ ആണ്, കാരണം രാജ്യത്തെ ആയിരക്കണക്കിന് ആസിഡ് ആക്രമണ ഇരകൾക്കു മുന്നിൽ ഇതൊരു ഫുൾ സ്റ്റോപ്പോ, കോമയോ അല്ലെന്നും ജീവിതത്തിന് ഒരുപാടു സാധ്യതകളുണ്ടെന്നും തെളിയിക്കുകയാണ് അവൾ"– വിവേക് ഒബ്റോയ് പറഞ്ഞു. 

നവദമ്പതികൾക്കായി താനെയിൽ വിവേകിന്റെ വക ഒരു ഫ്ലാറ്റും സമ്മാനമായി നൽകിയിട്ടുണ്ട്. ഫാഷൻ ഡിസൈനർ അബു ജാനിയും സന്ദീപ് കോസ്‍ലയും ചേർന്നാണ് ലളിതയ്ക്കുള്ള വിവാഹ വസ്ത്രവും ആഭരണങ്ങളും ഒരുക്കിയത്.