Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യപ്രണയത്തെ പാടെ മറക്കണോ?, ഒരു അനുഭവസ്ഥ പറയുന്നു

First Love Representative Image

ആദ്യപ്രണയം ഒരിക്കലും മറക്കില്ലെന്നാണ് പൊതുവെ പറയാറുള്ളത്. പ്രണയിച്ചത് ആത്മാർഥമായിട്ടാണെങ്കിൽ മനസിന്റെ അടിത്തട്ടില്‍ എവിടെയെങ്കിലും ആ ഓർമകൾ മരിക്കാതെയുണ്ടാകും. സമൂഹമാധ്യമമായ ക്വോറയിലും ഇത്തരമൊരു ചോദ്യം ഉയർന്നു. നിങ്ങൾ കടന്നുപോയ ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ പ്രണയം ഏതാണെന്ന് ഓർക്കുന്നുണ്ടോ എന്നായിരുന്നു അത്. അതിന് ഒരു യുവതി നൽകിയ മറുപടിയാണ് വൈറലാകുന്നത്. 15 വർഷത്തിനിടെ രണ്ടുതവണ ഒരേ പുരുഷനാല്‍ തിരസ്കരിക്കപ്പെട്ട കഥയായിരുന്നു ആ യുവതിക്കു പറയാനുണ്ടായിരുന്നത്. ആദ്യമായി പ്രണയിച്ച ആ പുരുഷൻ തന്നെയായിരുന്നു രണ്ടു തവണയും അവളെ തിരസ്കരിച്ചത്. 

''എനിക്കു പന്ത്രണ്ടു വയസുള്ളപ്പോഴാണ് എല്ലാം തുടങ്ങുന്നത്. അന്നാണ് ഞാൻ ആ അവനെ ആദ്യമായി കാണുന്നത്. പതിമൂന്നു വയസുകാരനായിരുന്ന അവനെ ശഷ് എന്നു വിളിക്കാം. ഞങ്ങൾ ടെന്നീസ് കളിച്ചിരുന്നത് ഒരുമിച്ചായിരുന്നു.  അവനായിരുന്നു എന്റെ ആദ്യത്തെ പ്രണയം. നിങ്ങൾക്ക് ആദ്യ പ്രണയം ഓർമയുണ്ടോ? അവരെ കാണുമ്പോൾ നിങ്ങൾക്കുണ്ടായിരുന്ന ഫീലിങ്സ് ഓർക്കുന്നുണ്ടോ? ഒരുനോട്ടമെങ്കിലും കിട്ടാനായി എത്ര പരിശ്രമിക്കും. അവരുടെ ഫോൺ നമ്പറുകളും പിറന്നാളുകളും ഓർത്തു വച്ചിരിക്കും. ഒരർഥത്തിൽ പറഞ്ഞാൽ ഇതെല്ലാം ആദ്യമായി സംഭവിക്കുന്നതിന്റെയൊരു ആശയക്കുഴപ്പം കൂടി നിങ്ങൾക്കുണ്ടാകും. 

എന്റെ കാര്യത്തിൽ ഞാൻ സ്നേഹിച്ചിരുന്നതുപോലെ അവനു തിരിച്ച് ഇഷ്ടമുണ്ടായിരുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു, അത്ര അടുത്ത സുഹൃത്തുക്കളല്ല താനും. അവനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ദിവസങ്ങളത്രയും പോയിരുന്നത്, കൃത്യമായി പറ‍ഞ്ഞാൽ നാലുവർഷം.

എനിക്കു പതിനാറു വയസു പ്രായമായപ്പോൾ ഞാൻ വേറൊരാളുമായി പ്രണയത്തിലായി. ശഷും ഞാനും സ്കൂള്‍ പഠനം പൂർത്തിയാക്കി, ബാച്ചിലർ ഡിഗ്രിക്കു വേണ്ടി ഞാൻ മറ്റൊരു നഗരത്തിലേക്കു മാറി. എപ്പോഴൊക്കെ വീട്ടുകാരെ കാണാൻ ഞാൻ നാട്ടിലെത്തുമോ അപ്പോഴെല്ലാം ശഷിനെയും കാണുമായിരുന്നു. ഞങ്ങളുടെ ബന്ധം കുറച്ചുകൂടി പക്വമായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഞാൻ കോളജിൽ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു, ചിലപ്പോൾ ശഷും ആരെയെങ്കിലും പ്രണയിക്കുകയായിരുന്നിരിക്കണം. 

അഞ്ചുവർഷം കഴിഞ്ഞു, എനിക്കും ശഷിനും വ്യത്യസ്ത സ്ഥലത്തു ജോലി കിട്ടി. ഒരുദിവസം ശഷ്  എന്റെ നഗരത്തിലേക്കു വരുന്നുണ്ടെന്നും അന്നു കാണാമെന്നും മെസേജ് അയച്ചു. ഞാനവനെ കാണാൻ ആകാംക്ഷയോടെ ഇരിക്കുകയായിരുന്നു. ആ സമയത്ത് എനിക്കു പ്രണയമൊന്നുമുണ്ടായിരുന്നില്ല. സംസാരിച്ചിട്ടും മെസേജ് അയച്ചിട്ടുമൊക്കെ അപ്പോഴേക്കും ഒത്തിരിനാളായിരുന്നു. 

ആറു മാസത്തിനുള്ളിൽ ഞാൻ ഉപരി പഠനത്തിനായി മറ്റൊരു രാജ്യത്തേക്കു മാറി. നല്ല സുഹൃത്തുക്കളായി തന്നെയിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഉപരി പഠനത്തിനു പോയ സ്ഥലത്തു നിന്ന് ഞാൻ ഒരു നല്ല യുവാവിനെ പരിചയപ്പെട്ടു. ഞങ്ങളിരുവരും പരസ്പരം നന്നായി മനസിലാക്കി, അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. ആയിടയ്ക്ക് ഞാൻ നാട്ടിലെത്തി അച്ഛനമ്മമാരെ കണ്ടു ഒപ്പം ശഷിനെയും. അന്ന് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന യുവാവിനെക്കുറിച്ച് ശഷിനോടു സംസാരിച്ചു. എന്നെ കണ്ടതിൽ ഒരുപാടു സന്തോഷമുണ്ടെന്നും എന്നാൽ നമ്മൾ ഒന്നിച്ചല്ലല്ലോ എന്നോർത്തു സങ്കടം തോന്നുന്നുവെന്നും ശഷ് പറഞ്ഞു.

ഒന്നര വർഷം കഴിഞ്ഞപ്പോൾ ശഷ് ഞാൻ നിൽക്കുന്ന രാജ്യത്തിലേക്ക് ഉപരി പഠനത്തിനായി വന്നു. കഴിഞ്ഞ വർഷം എന്റെ സുഹൃത്തുക്കളെ കാണാൻ പോയ സമയത്ത് ഞാൻ ശഷിനെയും കണ്ടു. എന്റെ അവധിക്കാലം മുഴുവൻ ഞാൻ ശഷിനൊപ്പം ആ വീട്ടിൽ ചിലവഴിച്ചു, ‍ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. അപ്പോൾ നൊസ്റ്റാൽജിയ ആയിരുന്നോ മറ്റെന്തെങ്കിലും ആയിരുന്നോ എനിക്കു തോന്നിയിരുന്നതെന്ന്  അറിയില്ല. പക്ഷേ ഞാൻ സന്തുഷ്ടയായിരുന്നു. ജീവിതകാലം മുഴുവൻ നിങ്ങൾ കാത്തിരുന്നതെന്തിനോ അതു സഫലമായതു പോലെയാണു തോന്നിയത്. പറഞ്ഞറിയിക്കാനാവാത്ത ഫീലിങ്. 

ശേഷം തിരികെയെത്തിയ ഞാൻ പ്രണയിച്ചിരുന്ന യുവാവിനോട് നടന്നതെല്ലാം ഏറ്റുപറഞ്ഞു, ഞാൻ വഞ്ചിക്കുകയായിരുന്നുവെന്നു പറഞ്ഞു. ആ ബന്ധം അവിടെ അവസാനിച്ചു. പക്ഷേ പിന്നീട് ശഷിന്റെയും എന്റെയും ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. എന്നിൽ വിശ്വാസമില്ലെന്നു പറഞ്ഞ് ശഷ് എന്നെ ഉപേക്ഷിച്ചു പോയി. 

15 വർഷം മുമ്പുണ്ടായിരുന്ന അതേ അവസ്ഥയിൽ എത്തിപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. ഒരേ പുരുഷനാൽ തന്നെ ജീവിതത്തിൽ രണ്ടുതവണ തിരസ്കരിക്കപ്പെട്ടു. വിവാഹത്തിനു മുമ്പ് കുറച്ചു തമാശകൾക്കു വേണ്ടി ഞാൻ ഉപയോഗിച്ചു എന്നാണ് ശഷ് കരുതുന്നത്. പക്ഷേ ഞാൻ വിവാഹം കഴിക്കാനിരുന്ന പുരുഷന്റെ ഹൃദയം തകർന്നത് അദ്ദേഹം ഏറ്റവുമധികം വിശ്വസിച്ചിരുന്നയാളിൽ നിന്നും വഞ്ചന നേരിട്ടപ്പോഴാണ്. അദ്ദേഹത്തിന് മറ്റൊരാളെ പ്രണയിക്കാനുള്ള ശക്തി ലഭിക്കട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. 

ഇതിൽ നിന്നെല്ലാം ഞാൻ പഠിച്ച ഒരു കാര്യമുണ്ട്, ജീവിതത്തിലെ ചില അധ്യായങ്ങൾ ഒരിക്കൽ അടച്ചു കഴിഞ്ഞാൽ പിന്നീടൊരിക്കലും തുറക്കരുത്. നഷ്ടമായ ആഗ്രഹങ്ങളിലൂടെ വീണ്ടും പോകുന്നത് ഇന്നിനെയും ഭാവിയെയും തകർക്കുകയേയുള്ളു. അവസാനം നിങ്ങൾ തനിച്ചാകുന്ന അവസ്ഥയിലേക്കെത്തും.''