Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഓർമ്മിപ്പിക്കാൻ നീ അരികിലുള്ളിടത്തോളം ഞാന്‍ കാര്യങ്ങൾ മറന്നുകൊണ്ടേയിരിക്കും'; വൈറലാവുന്ന ഒരു സ്നേഹഗാഥ

Rofiq Sekh റോഫിഖ് സേഖ്, പ്രശസ്ത ഫൊട്ടോഗ്രാഫര്‍ ജിഎംബി ആകാശ് പകർത്തിയ ചിത്രം

ഭാര്യഭര്‍തൃ ബന്ധത്തെ കൃത്യമായി നിർവചിക്കുക അസാധ്യമാണ്. എന്നും എപ്പോഴും നിഴൽ പോലെ കൂടെയുണ്ടാകുമെന്ന ഉറപ്പോടെയാണ് ഓരോ വിവാഹബന്ധവും ആരംഭിക്കുന്നത്. എന്നാൽ പാതിവഴിയെത്തുമ്പോൾ നല്ലപാതിക്കു കൊ‌ടുത്ത സത്യങ്ങളും ഉറപ്പുകളുമൊക്കെ ലംഘിക്കുന്നവരുമുണ്ട്. അവർക്കെല്ലാം മാതൃകയാവുകയാണ് റോഫിഖ് സേഖ് എന്ന എഴുപതുകാരനും അദ്ദേഹത്തിന്റെ ഭാര്യ നസ്മയും. സമൂഹമാധ്യമത്തിൽ വൈറലാവുകയാണ് ആ സ്നേഹഗാഥ. സ്വന്തം ഭാര്യയെക്കുറിച്ചു പറയുമ്പോൾ ആയിരം നാവാണ് റോഫിഖിന്. 

' എന്റെ ഭാര്യക്ക് ചലിക്കാൻ അൽപം ബുദ്ധിമുട്ടാണ്. അതുെകാണ്ട് ഞാനാണ് പാചകമൊക്കെ ചെയ്യുന്നത്. ഞങ്ങൾ രണ്ടുപേർക്കും ഭക്ഷണം പാചകം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആകെയുള്ള ഒരു ബുദ്ധിമുട്ട് എന്റെ ഭാര്യ കിടക്കയില്‍ തന്നെ അനങ്ങാൻ വയ്യാതെ കിടക്കുന്നതു കാണുന്നതാണ്. അതുകൊണ്ടാണ് ചാരിക്കിടക്കാവുന്ന ഒരു കസേര ഞാനവൾക്കു വാങ്ങിക്കൊടുത്തത്, അപ്പോൾ ഞാൻ പാചകം ചെയ്യുമ്പോൾ അവൾ എനിക്കരികിലുണ്ടാകുമല്ലോ. ഭക്ഷണം വെക്കുമ്പോഴൊക്കെ ഞാൻ അവളെ അടുക്കളയിൽ തന്നെ ഇരുത്തി എങ്ങനെയാണ് പാകം ചെയ്യേണ്ടതെന്നു ചോദിക്കും. ചെറിയ കാര്യങ്ങൾ പോലും ഞാൻ മറന്നു പോവുകയാണല്ലോ എന്ന പരാതിയോടെ അവൾ ചിരിച്ചു മറുപടി പറയും. 

അപ്പോൾ ഞാൻ പറയും ഓർമ്മിപ്പിക്കാൻ നീ അരികിലുള്ളിടത്തോളം ഞാന്‍ കാര്യങ്ങൾ മറന്നുകൊണ്ടേയിരിക്കും. എന്നെ നുള്ളിയതിനുശേഷം അവൾ പറയും പെട്ടെന്നു തന്നെ ഞാൻ സ്വന്തമായി കാര്യങ്ങൾ ഓർക്കാൻ ശീലിക്കണമെന്ന്.  അതിനു ഞാൻ മറുപടി നൽകില്ല. കറിയിൽ പച്ചമുളക് ഇടാത്തത് എന്തിനാണെന്ന് അവൾ എന്നും ചോദിക്കും. അപ്പോൾ അവൾക്ക് എരിവേറിയ ഭക്ഷണങ്ങൾ കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞ കാര്യം ഞാൻ ഓർമ്മിപ്പിക്കും. കറിയിൽ പച്ചമുളകിടാതെയാണ് ഞങ്ങൾ കഴിഞ്ഞ ആറു വർഷമായി പാചകം ചെയ്യുന്നത്. ഇടയ്ക്ക് ഞങ്ങൾ വീടിനു പുറത്തേക്കു പോകും. തനിക്ക് എത്രനാൾ കഴിഞ്ഞാലാണ് നടക്കാൻ കഴിയുക എന്ന് അവൾ ചോദിക്കും, മറുപടി ഒന്നും നൽകാതെ ഞാനവൾക്കരികിൽ നിശബ്ദനായി ഇരിക്കും. കാരണം നിങ്ങൾ സ്നേഹിക്കുന്നവരോട് നുണ പറയുന്നത് വേദനാജനകമാണ്. 

കഴിഞ്ഞ ഉൽസവത്തിന് ഞാൻ അവൾക്കൊരു സാരി വാങ്ങിയിരുന്നു, അത് നഗരത്തിൽ നിന്നും മകൻ അയച്ചുതന്നതാണെന്നു പറഞ്ഞാണ് നൽകിയത്. ആ ദിവസം മുഴുവൻ സാരി നെഞ്ചോടു ചേർത്തുവച്ചാണ് കിടന്നത്. അലമാരയിൽ സൂക്ഷിക്കാമെന്നു പറഞ്ഞപ്പോൾ പോലും കയ്യിൽ തന്നില്ല. അവൾ എത്രകാലം എനിക്കൊപ്പമുണ്ടാകുമെന്ന് അറിയില്ല. പക്ഷേ എനിക്കൊപ്പം എക്കാലവും അവൾ ഉണ്ടാകണമെന്നാണ് ആഗ്രഹം. ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലത് മരിച്ചു പോകുന്നതാണ് എന്ന് ആൾക്കാർ ഒരു ദയയുമില്ലാതെ എന്നോടു പറയാറുണ്ട്. അതു ഞാൻ അവളെ ഒരിക്കലും അറിയിച്ചിട്ടില്ല. എന്റെ അവസാനം വരെ അവൾ എനിക്കൊപ്പമുണ്ടാകണം. 

ഞാൻ പുറത്തു പോകുമ്പോഴൊക്കെ വീടു പുറത്തു നിന്നും പൂട്ടിയാട്ടാണു പോവുക. തിരിച്ചെത്തുമ്പോൾ പേടിയോടെയാണു വാതിൽ തുറക്കുക, പേടിച്ചു വിറയ്ക്കുന്നുണ്ടാകും, അവൾക്കൊരു കുഴപ്പവുമില്ലെന്നു കാണാന്‍ തിടുക്കമാകും. അപ്പോൾ അവൾ എഴുന്നേറ്റ് 'തിരിച്ചെത്തിയോ' എന്നു ചോദിക്കുന്നതുവരെ ഹൃദയമിടിപ്പു ദ്രുതഗതിയിലായിരിക്കും. അവൾക്കൊരു കുഴപ്പവുമില്ലെന്ന് അറിയുമ്പോഴാണ് സമാധാനമാവുക. അവളെ നഷ്ടപ്പെടുമോ എന്നോർക്കുന്നതു തന്നെ എനിക്കു പേടിയാണെന്ന് അവളോടു പറയാൻ എനിക്കു കഴിയുന്നില്ല. നസ്മ ഇല്ലാതെയാകുന്ന ലോകത്ത് എങ്ങനെ ജീവിക്കുമെന്നും എനിക്കറിയില്ല'– റോഫിഖ് പറയുന്നു.

വാർധക്യത്തിലും ഭാര്യയെ പൊന്നുപോലെ സ്നേഹിക്കുന്ന റോഫിഖ് സേഖിനെപ്പോലുള്ളരെയാണ് ഓരോ ഭാര്യമാരും ആഗ്രഹിക്കുന്നതെന്നു പറഞ്ഞാണ് ഇരുവരുടെയും കഥ സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കപ്പെടുന്നത്. ചില്ലറ സൗന്ദര്യപ്പിണക്കങ്ങൾ പോലും ഊതിവീർപ്പിച്ച വിവാഹ മോചനത്തിന്റെ വക്കിലേക്ക് എത്തി നിൽക്കുന്നവർക്ക് ഒരു പുനർചിന്തനം നൽകുന്നതാണ് ഇവരുടെ ജീവിതം. 

Read More: Love n Life, Relationships