Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ശരിയാണ്, ഞാന്‍ കൊച്ചുമകളുടെ ജീവിതം തകര്‍ത്തു'

Rajak Mia രജക് മിയാ

പെണ്‍മക്കളുള്ള ഓരോ അച്ഛനും അമ്മയും വായിക്കണം 70കാരനായ രജക് മിയാ എന്ന മനുഷ്യന്റെ ഈ കുറിപ്പ്. ബോധമില്ലാതെ തോന്നുന്ന ആള്‍ക്ക്, മകളെ കല്ല്യാണം കഴിച്ച് അവിടുത്തെ പീഡനം മൂലം അവള്‍ ആത്മഹത്യയുടെ വക്കിലെത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന ഈ കാലത്ത് ഇതിന് അത്യധികം പ്രാധാന്യമുണ്ട്. എല്ലാം കൊണ്ടും ഗതികെട്ട്, കൊച്ചുമകളുടെ ഭര്‍ത്താവിനെ പൊലീസില്‍ ഏല്‍പ്പിച്ച് ഇനിയാര്‍ക്കും പന്തുതട്ടി കളിക്കാന്‍ എന്റെ മകളുടെ ജീവിതം നല്‍കില്ലെന്ന് ഉറച്ചു പറയുന്ന ഈ മനുഷ്യന്‍ നല്‍കുന്നത് വലിയ സന്ദേശമാണ്. ഇതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 

'എല്ലാവരും പറയുന്നു ഞാനാണ് എന്റെ കൊച്ചുമകളുടെ ജീവിതം നശിപ്പിച്ചതെന്ന്. ഞാന്‍ അപ്പോള്‍ അവരോട് പറയും, ശരിയാണ് ഞാന്‍ അവളുടെ ജീവിതം നശിപ്പിച്ചു. എന്നാല്‍ അതില്‍ സന്തോഷിക്കുന്നു. എന്തും നശിപ്പിക്കാനും നാശത്തിന്റെ കാരണങ്ങള്‍ അവസാനിപ്പിക്കാനും ധൈര്യം വേണം. ആറുമാസമായി എന്റെ മകനും മരുമകളും എന്നെ സന്ദര്‍ശിച്ചിട്ട്. അവര്‍ എന്നോട് പിണങ്ങിയിരിക്കുകയാണ്, സംസാരിക്കാറുപോലുമില്ല. എന്നെ ഒരു ക്രിമിനലിനെപോലെയാണ് കരുതുന്നത്. എന്നാല്‍ അവരുടെ തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കാനുള്ള സമയം എനിക്കില്ല. ഞാന്‍ ജോലിക്കു പോകുമ്പോള്‍ ആളുകള്‍ എന്നെക്കുറിച്ച് ഗോസിപ്പുകള്‍ പറയും. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ഇതുവരെ കാര്യം എന്താണെന്ന് എന്നോടൊന്നു തിരക്കിയിട്ടില്ല.

ഞാന്‍ അതിനെയൊന്നും ഗൗനിക്കുന്നില്ല. എന്റെ ഒരേ ഒരു കൊച്ചുമകളാണ് മിട്ട. അവള്‍ കുട്ടി ആയിരിക്കുമ്പോള്‍ അവള്‍ക്കായി ഞാന്‍ വളകള്‍ വാങ്ങി നല്‍കുമായിരുന്നു. അവള്‍ക്ക് 10 വയസ്സുള്ളപ്പോള്‍ വളകള്‍ വാങ്ങി നല്‍കാനായി ഞാന്‍ നിരവധി ദിനങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ട്. അവളുടെ തലയില്‍ ഞാന്‍ എണ്ണയിട്ട് ഉഴിഞ്ഞു നല്‍കിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഞാന്‍ അവളെ ഇതുവരെ കരയിപ്പിച്ചിട്ടില്ല. 

എന്നാല്‍ ആ കാട്ടാളന്‍ അവളെ എന്നും ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ കൈകളില്‍ വളകള്‍ ഉണ്ടായിരുന്നില്ല. എന്താണ് നീ വളകള്‍ അണിയാത്തത് എന്ന് ചോദിച്ചപ്പോള്‍ ക്രൂരമായ മര്‍ദനത്തിന്റെ ഫലമായി കൈകളിലുണ്ടായ മുറിവുകള്‍ അവള്‍ എനിക്കു കാണിച്ച് തന്നു. അവളുടെ ഭര്‍ത്താവ് ഒരു കാര്യവുമില്ലാതെ എന്നും അവളെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. അവളെ കാണാന്‍ എന്നോട് ഒരിക്കലും വരരുത് എന്ന് അയാള്‍ പറഞ്ഞു. എന്നാലും രഹസ്യമായി ഞാന്‍ അവളെ കാണാന്‍ പോയി. 20 വര്‍ഷത്തോളം അവളുടെ മുഖത്ത് ചിരി മാത്രം വരുത്താനായാണ് ഞാന്‍ ജീവിച്ചത്. അപ്പോള്‍ ഒരു വൃത്തികെട്ട കല്ല്യാണത്തിന്റെ പേരില്‍ അവളെ ദുരിതക്കയത്തില്‍ ഒറ്റയ്ക്കിട്ട് ഞാന്‍ എങ്ങനെ വെറുതെ ഇരിക്കും.

അവള്‍ മരിച്ചുകൊണ്ടിരിക്കുക ആയിരുന്നു. എന്നാല്‍ അവളുടെ അച്ഛനും അമ്മയും ഉള്‍പ്പടെയുള്ളവര്‍ അതു ഗൗനിച്ചില്ല, അന്ധത ആയിരുന്നു അവരെ നയിച്ചിരുന്നത്. ഒരു ദിവസം ഞാന്‍ പോയി അവളുടെ ഭര്‍ത്താവിന്റെ കാലു പിടിച്ചു പറഞ്ഞു ഇനി ഉപദ്രവിക്കരുത് അവളെ ആശുപത്രിയില്‍ കൊണ്ടു പോകണം എന്ന്. അയാള്‍ എന്നെ വീട്ടിനു പുറത്തേക്ക് തള്ളിയിട്ടു. വളരെ മോശമായി പെരുമാറി, ഇറക്കിവിട്ടു. എല്ലാം ഞാന്‍ സഹിച്ചു. 

അവളുടെ അയല്‍ക്കാര്‍ ആണ് അവള്‍ ആശുപത്രിയിലാണ് എന്ന് എന്നെ അറിയിച്ചത്. ഞാന്‍ അങ്ങോട്ട് ഓടി ചെന്നു. അപ്പോഴവള്‍ ചോര ശര്‍ദ്ദിച്ചു കൊണ്ടിരിക്കുകയായിരുന്നു. മൂന്നു ദിവസം അവള്‍ക്കു സംസാരിക്കാന്‍ സാധിച്ചില്ല. അതുകഴിഞ്ഞ അവള്‍ എന്നോട് പറഞ്ഞു, ദാദ എന്നെ എങ്ങോട്ടെങ്കിലും കൊണ്ടു പോ, വേദന ഇല്ലാത്ത മര്‍ദ്ദനം ഇല്ലാത്ത എങ്ങോട്ടെങ്കിലും. ഞാന്‍ അയാളെ, അവളുടെ ഭര്‍ത്താവിനെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചു. അവളുടെ താല്‍പ്പര്യപ്രകാരം വിവാഹമോചനം നേടി. 

ഇപ്പോള്‍ എന്റെ വീട്ടിലാണ് അവള്‍ താമസിക്കുന്നത്. അവള്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങും, വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങും. വീണ്ടും കയ്യില്‍ വളകള്‍ അണിയും. എന്റെ അവസാന ശ്വാസം വരെ, ഇനി ആര്‍ക്കും അവളെ പന്തുതട്ടാന്‍ ഞാന്‍ വിട്ടുകൊടുക്കില്ല,'' ഇതാണ് രജക് മിയായുടെ കുറിപ്പ്. സ്വന്തം കൊച്ചുമോളെ ദുരിതക്കയത്തില്‍ നിന്നും രക്ഷിച്ച് ജീവിക്കാന്‍ പ്രേരിപ്പിച്ച ഇദ്ദേഹത്തെ സമൂഹവും അവളുടെ മാതാപിതാക്കളും ക്രിമിനല്‍ ആയി കാണുന്നു ഇപ്പോള്‍!

Read More: Love and LIife, Inspirational Stories‎