Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽ നഷ്ടമായപ്പോൾ ഉപേക്ഷിച്ച പ്രണയിനി അറിയണം റാഫിയുടെ വിജയകഥ

Mohamed Rafi മുഹമ്മദ് റാഫി

നമുക്ക് സ്വത്തും ആരോഗ്യവും സകല നന്മയും കൂടെയുള്ളപ്പോൾ ആരൊക്കെ കൂടെയുണ്ടാകും എന്നതിലല്ല, ഇതൊന്നും ഇല്ലാതാകുന്ന അവസ്ഥയിൽ ആരൊക്കെ കൂടെയുണ്ടാകും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തി ബന്ധങ്ങളുടെ കാര്യത്തിൽ സമ്പന്നനാണോ ദരിദ്രനാണോ എന്നു പറയുന്നത്. മുഹമ്മദ് റാഫി എന്ന ഈ യുവാവ് പറയുന്നത് അത്തരത്തിലുള്ള സ്വന്തം അനുഭ കഥയാണ്. ബന്ധങ്ങളുടെ കുരുക്കിൽ നിന്നും ഒടുവിൽ മോചിതനായി തനിക്കു വേണ്ടി തന്നെ ജീവിക്കാൻ ആരംഭിച്ചതിന്റെ കഥ. 

''ഒരു ഓർത്തഡോക്സ് കുടുംബത്തിലായിരുന്നു എന്റെ ജനനം. എനിക്ക് 15  വയസ്സായപ്പോൾ 2000  രൂപയെടുത്തു കയ്യിൽ തന്നിട്ട് സ്വന്തമായി ബിസിനസ് ചെയ്ത പണമുണ്ടാക്കാനാണ് ഉപ്പ ആവശ്യപ്പെട്ടത്. എന്നാൽ എനിക്കു പഠിക്കാനായിരുന്നു ആഗ്രഹം ഞാൻ അവിടെ നിന്നും എന്റെ മാമന്റെ വീട്ടിലേക്ക് പോയി, പഠനം തുടർന്നു. ഒരു ബാർ അറ്റൻഡർ ആയി ജോലി ചെയ്തുകൊണ്ട് ഞാൻ ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കി. 

ആ സമയത്ത് എയർ ഹോസ്റ്റസ് ആയ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു പ്രണയത്തിലുമായി. പിന്നെ മറ്റു കാര്യങ്ങൾ മറന്ന്, ജോലിയിൽ ശ്രദ്ധ പതിപ്പിച്ച് ഞങ്ങൾ മുന്നോട്ടു പോയി. അപ്പോഴാണ് എനിക്ക് കുവൈത്തിൽ പോകാനുള്ള അവസരം ലഭിക്കുന്നത്. കുവൈത്തിലേക്ക് ജോലിക്കായി പുറപ്പെടാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ എന്റെ ഒരു സുഹൃത്തിനു കൂട്ടായി അവന്റെ വീട്ടിലേക്കു പോകേണ്ടി വന്നു. ആന്ധ്രാപ്രദേശിലായിരുന്നു അവന്റെ വീട്. മാർഗമധ്യേ അലക്ഷ്യമായി പിന്നോട്ടെടുത്ത ഒരു ലോറി ഞങ്ങളെ വന്നിടിച്ചു.

എന്റെ കൈകളിൽ കിടന്ന് കൂട്ടുകാരൻ ആ നിമിഷം തന്നെ മരിച്ചു. കാലുകൾ തൂങ്ങി വേര്‍പെടാറായ എന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. കാലു തിരിച്ചു കിട്ടാൻ സാധ്യത തീരെയില്ല എന്നും, ഇനി നടക്കുവാൻ സാധിക്കില്ല എന്നും ഡോക്ടർ പറഞ്ഞപ്പോൾ , ഞാൻ ആകെ തകർന്നു പോയി. അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് കാലു നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന എന്നെ ഉപേക്ഷിച്ച് കാമുകി പോയതാണ്. അതോടുകൂടി ഞാൻ ഡിപ്രഷനിലേക്ക് കൂപ്പുകുത്തി. ഒരുതവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഞാൻ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. 

പിന്നീട് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് അമ്മയാണ്. ആർക്കു വേണ്ടി ഞാൻ ജീവിക്കണം എന്ന ചോദ്യത്തിനു മുന്നിൽ അവർ എന്നെ തന്നെ കാണിച്ചു തന്നു. അതെ, ആ നിമിഷം മുതൽ ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു. തളർന്നു കിടന്ന ഞാൻ കൈകാലുകൾ ചലിപ്പിക്കാൻ ശ്രമിച്ചു. പതിയെ ആ ശ്രമം വിജയിച്ചു. ഒരു വർഷത്തെ ചികിത്സയ്ക്കു ശേഷം എനിക്കു ചലനശേഷി തിരികെ ലഭിച്ചു. പിന്നെ ഞാൻ എന്റെ ചെറുപ്പത്തിലേ ആഗ്രഹം പോലെ ആർട്ട്സ് പഠിക്കാനായി യുകെയിലേക്ക് പറന്നു. 

രണ്ടു മാസ്റ്റേഴ്സ് ഡിഗ്രി എടുത്തശേഷം ഞാൻ അന്നാട്ടിൽ തിരികെയെത്തി. ഇന്ന് ഞാൻ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ ആണ്. എന്നാലും എന്റെ ഉപ്പ എന്നോട് സംസാരിക്കുന്നില്ല. അതിൽ എനിക്ക് ദുഖമുണ്ട്. എന്നാൽ ഒരിക്കൽ കാര്യങ്ങൾ എല്ലാം കലങ്ങി തെളിയുമെന്നും, അദ്ദേഹം എന്നെ സ്നേഹിക്കുമെന്നും എനിക്കുറപ്പുണ്ട്. ഇപ്പോൾ എന്റെ പ്രധാന പ്രണയം യാത്രയോടും ബൈക്കിനോടുമാണ്. അടുത്തിടെ ബൈക്കിൽ ഒരു ഭൂട്ടാൻയാത്ര കഴിഞ്ഞു ഞാൻ എത്തിയതേയുള്ളൂ. ജീവിതം ആകെ ഒരിക്കലേ ഉള്ളൂ. അപ്പോൾ നാം എന്തിന് അത് മറ്റുള്ളവർക്കായി കളഞ്ഞു കുളിക്കണം? മുഹമ്മദ് റാഫി ചോദിക്കുന്നു.

Read More: Love n Life, Life n Style