Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹപ്പന്തലില്‍ താലിപൊട്ടിച്ചോടുമ്പോള്‍

Wedding Representative Image

"വിവാഹപ്പന്തലിലേക്ക് എത്തും മുമ്പ് നവവധു ഒളിച്ചോടി",  

"വിവാഹസ്ഥലത്തേക്കുള്ള യാത്രാമധ്യേ കാർ നിർത്തിച്ച് നവവധു ബൈക്കിലെത്തിയ കാമുകന്റെ ഒപ്പം പോയി"

"വിവാഹപന്തലിലെത്തിയ കാമുകനെ കണ്ട് വരനെ ഉപേക്ഷിച്ച് നവവധു പോയി" 

"കെട്ടിയ താലി അഴിച്ചു നൽകി കാമുകനൊപ്പം വധു കടന്നുകളഞ്ഞു"

അടുത്തകാലത്തായി സ്ഥിരമായി കാണുന്ന തലക്കെട്ടുകളിൽ ചിലതാണിത്. വീട്ടുകാരുടെ സമ്മർദ്ദം, സമൂഹത്തോടുള്ള പേടി, മാതാപിതാക്കളുടെ ആത്മഹത്യാഭീഷണി, ഏതു തിരഞ്ഞെടുക്കണമെന്ന ആശങ്ക ഇതൊക്കെയാകാം അണിഞ്ഞൊരുങ്ങി വിവാഹമണ്ഡപംവരെ എത്താൻ പെൺകുട്ടികളെ നിർബന്ധിതരാക്കുന്നത്. ആരെ വിവാഹം കഴിക്കണമെന്നുള്ളത് തീർത്തും വ്യക്തിപരമായ കാര്യമാണ്. എന്നാൽ വിവാഹമണ്ഡപം വരെ എത്തിയ ശേഷം കാമുകനുമായി പോകാം എന്നുള്ള തീരുമാനം അവിടെ എത്തിയ വരനെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് പെൺകുട്ടികൾ ചിന്തിക്കാറുണ്ടോ? 

പെൺവീട്ടുകാർക്ക് ഉണ്ടാകുന്ന അത്രയും വിവാഹച്ചിലവ് വരന്റെ വീട്ടുകാർക്ക് ഉണ്ടാകില്ലായിരിക്കാം. പക്ഷെ മാനഹാനിയും മാനസികബുദ്ധിമുട്ടുകളും നാണക്കേടും സമൂഹത്തെ അഭിമുഖീകരിക്കാനുള്ള പ്രയാസവും പെൺകുട്ടികൾക്കുള്ളതുപോലെ തന്നെയായിരിക്കില്ലേ ആ വരനും ഉണ്ടാവുക. പെൺകുട്ടികളുടെയത്രയും വിവാഹത്തെക്കുറിച്ചുള്ള കിനാവുകളൊന്നും പുരുഷന്മാർ കാണില്ലായിരിക്കും. എന്നിരുന്നാലും പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ തീർച്ചയായും ഉണ്ടാകും. പുതിയജീവിതത്തെ അഭിമുഖീകരിക്കാൻ മാനസികമായി ചെറുതായെങ്കിലും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടാകും. കൂട്ടുകാർക്ക് ബാച്ചിലർ പാർട്ടിയും ബന്ധുകൾക്ക് വിവാഹ വസ്ത്രങ്ങളുമൊക്കെ വാങ്ങി നൽകി അമിതാഹ്ലാദം പുറത്തു കാണിക്കാതയാണെങ്കിലും പ്രതീക്ഷയോടെയാവും അയാളും വിവാഹ വേദിയിലേക്ക് എത്തുക. 

പെൺകുട്ടി പന്തലിലേക്ക് എത്തുന്നതുവരെയുള്ള കാത്തിരിപ്പിന്റെ നിമിഷം അവ്യക്മായ  ചിന്തകൾ കൊണ്ട് മനസ് ശൂന്യമായ അവസ്ഥയായിരിക്കും. താലികെട്ടുന്നതുവരെ ഒരു ചങ്കിടിപ്പായിരിക്കും. എല്ലാം ശുഭമായി എന്നു പ്രതീക്ഷിക്കുന്ന അവസ്ഥയിൽ കെട്ടിയ താലി ഊരി കൈയിൽ കൊടുത്തിട്ട് കാമുകന്റെ കൂടെ പോയാൽ മതിയെന്ന് പെൺകുട്ടിപറയുന്ന നിമിഷം അല്ലെങ്കിൽ കാത്തിരുന്ന നവവധു  കാമുകന്റെ കൂടെ പോയി എന്ന് അറിയുന്ന നിമിഷം ഭൂമിപിളരുന്നതു പോലെ തന്നെയാകും തോന്നുന്നത്.  

എന്തു ചെയ്യണം? എങ്ങനെ പ്രതികരിക്കണം? എന്തു പറയണം? എന്താണ് സംഭവിക്കുന്നത്? എന്നൊന്നും മനസിലാകാതെ വൈകാരിക പ്രക്ഷുബ്ധമായ അവസ്ഥയിലൂടെയാകും അവന്‍ കടന്നു പോയിട്ടുണ്ടാവുക. വിവാഹ ദിവസം ബന്ധുക്കളും സുഹൃത്തുകളുമൊക്കെ സമീപത്തുള്ളത്തുകൊണ്ട് പ്രശ്നം ഒതുക്കിതീർത്ത് തിരികെ പോകും. ആദ്യത്തെ കുറച്ചുദിവസം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വാന്തനവാക്കുകളും ആശ്വസിപ്പിക്കലുമായി കടന്നു പോകും. കാമുകനൊപ്പം പോയ പെൺകുട്ടിയോടുള്ള ദേഷ്യം തീർക്കാനും സ്വയം സമാധാനം കണ്ടെത്താനുമായി കേക്ക് മുറിക്കൽ, പാർട്ടി നടത്തൽ തുടങ്ങിയ കാര്യങ്ങൾ അയാൾ ചെയ്തേക്കാം. എന്നാൽ അതുകഴിഞ്ഞ് സഹപ്രവർത്തകരെയും സമൂഹത്തെയുമൊക്കെ അയാൾ തനിയെ അഭിമുഖീകരിക്കേണ്ടി വരും. കല്യാണം മുടങ്ങി പോകുന്ന പെൺകുട്ടികൾക്ക് കിട്ടുന്ന സഹതാപ തരംഗം പോലും ഒരു പുരുഷന് ലഭിക്കണമെന്നില്ല.  

കുടുംബ സദസുകളിലും സുഹൃത്തുക്കളുടെ ഇടയ്ക്കുമൊക്കെ അറിയാതെയെങ്കിലും പെൺകുട്ടി വിവാഹത്തിന്റെ അന്ന് ഓടിപ്പോയ സംഭവം പറഞ്ഞു ചിരിക്കാനുള്ള ഒന്നായി മാറിയേക്കാം. കല്യാണത്തിന്റെ അന്ന് കല്യാണം മുടങ്ങിയ പയ്യൻ എന്ന മുദ്ര അയാളെ വിടാതെ പിന്തുടരും. മറ്റൊരു ജീവിതത്തിന് പോലും ഇതൊരു തടസമായേക്കാം. വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങാനുള്ള ധൈര്യം പോലും അയാളിൽ നഷ്ടമായേക്കാം. പ്രണയം വേണ്ടെന്ന് വെയ്ക്കുന്നതും സ്വീകരിക്കുന്നതുമൊക്കെ പെൺകുട്ടിയുടെ ഇഷ്ടം. പക്ഷെ വിവാഹപന്തലിൽ എത്തിയിട്ട് കാമുകനോടൊപ്പം പോകാൻ കാണിക്കുന്ന ധൈര്യം അൽപ്പം നേരത്തെ തീരുമാനം എടുക്കാൻ കാണിച്ചാൽ നഷ്ടമാകാതിരിക്കുന്നത് മറ്റൊരാളുടെ സന്തോഷവും സമാധാനവും മാനാഭിമാനവുമായിരിക്കും. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam