Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തട്ടമിട്ട യുവതി; അത് അവളായിരുന്നു.. ഹാദിയ..

Hadiya ഈ സമയമാണ് തട്ടമിട്ട ഒരു യുവതി ജനാലയില്‍ നിന്നു വിളിച്ചു ചോദിക്കുന്നു‘‘ഏതു ചാനലാണെന്ന്’’ മറുപടി പറയും മുമ്പേ അവള്‍ മറഞ്ഞു...

തലേ ദിവസം ചൂണ്ടുവിരല്‍ ഷൂട്ട് വിവരം പറയുമ്പോള്‍ കയ്യില്‍ ഒരു സ്പൈ കാമറകൂടി കരുതിക്കൊള്ളാന്‍ അബ്ജോദ് ആവശ്യപ്പെട്ടു. പതിവില്ലാത്തതായതിനാല്‍ ഞാന്‍ മറുചോദ്യം ചോദിച്ചു, ‘എന്തിനാണെന്ന്’. 

‘‘ഒട്ടും വിഷ്വല്‍ സാധ്യതയില്ലാത്ത ഒരിടത്തേക്കാണ് നമ്മള്‍ ഷൂട്ടിനു പോകുന്നതെ’’ന്നു മാത്രമായിരുന്നു അബ്ജോദിന്റെ മറുപടി. 

സമൂഹമാധ്യമങ്ങളിലൊക്കെ ഇടയ്ക്കിടെ ഹാദിയയുടെ പേരുകാണുമെന്നല്ലാതെ സംഗതി എന്താണെന്നറിയാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. വിശദമായി അബ്ജോദ് പറയുമ്പോഴാണ് ഹാദിയ എന്ന പെണ്‍കുട്ടിയെക്കുറിച്ചും അവള്‍ നേരിടുന്ന ജീവിത സാഹചര്യത്തെക്കുറിച്ചുമെല്ലാം അറിയുന്നത്. 

കാര്യങ്ങള്‍ വിശദമായി കേട്ടതോടെ എന്നിലെ സാഹസികന്‍ ഉണര്‍ന്നിരുന്നു. വളരെ ത്രില്ലിങ്ങായി കാമറ ജോലികള്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍ വളരെ കുറവായതിനാല്‍ ഇതിനെ ഒരു അവസരമായി തന്നെ ഞാന്‍ കണ്ടു. ആവേശത്തോടെയായിരുന്നു രാവിലെ അബ്ജോദിനൊപ്പം വൈക്കത്തെ ഹാദിയയുടെ വീട്ടിലേയ്ക്കു പുറപ്പെട്ടത്. 

രഹസ്യ കാമറ കരുതിയിരുന്നെങ്കിലും പതിവായി ഉപയോഗിക്കുന്ന കാമറ തന്നെയായിരുന്നു എനിക്ക് ആയുധം. സ്ഥലത്തെത്തിയപ്പോള്‍ നല്ല ആള്‍ക്കൂട്ടം. അന്വേഷിച്ചപ്പോഴാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ഹാദിയയുടെ പിതാവിനെ കാണാനെത്തിയതാണെന്ന വിവരം അറിയുന്നത്. അതെന്തായാലും അവസരമായി. അവരോടൊപ്പം ഞാനും അബ്ജോദും അവിടെ കയറിപ്പറ്റി. അപ്പോഴാണ് അറിയുന്നത് അത് ഹാദിയയുടെ വീടല്ലെന്നും തൊട്ടപ്പുറത്തെ വീട്ടിലാണ് ഹാദിയ ഉള്ളതെന്നും. 

അതും നന്നായെന്നു തോന്നി. 

ഹാദിയ എന്ന പെണ്‍കുട്ടിയെ കണ്ട് ഒരു ഷോട്ട് പകര്‍ത്താനാവില്ലെന്ന് ഉറപ്പായിരുന്നു. സാഹചര്യങ്ങള്‍ അത്ര മോശമാണെന്ന വിവരം ഫേസ്ബുക്കില്‍ കണ്ട പല വാര്‍ത്തകളും എന്നോടു പറഞ്ഞിരുന്നു. എന്നാലും പ്രോഗ്രാമിനു വിഷ്വല്‍ വേണ്ടതിനാല്‍ അവള്‍ താമസിക്കുന്ന വീടും പരിസരവും പകര്‍ത്താമെന്നുറച്ച് ഞാനെന്റെ കാമറയുമായി ആ വീടിനടുത്തേക്കു നടന്നു. അതും നടക്കുകയില്ലെന്നു മനസിലായി. കാരണം നിറയെ പൊലീസുകാര്‍. ഇരുപതു പേരോളം വരും. എങ്കില്‍ പിന്നെ അറ്റകൈ പ്രയോഗം. ദൂരെനിന്ന് കാമറ ഫോക്കസ് ചെയ്യുക. 

ഈ സമയമാണ് തട്ടമിട്ട ഒരു യുവതി ജനാലയില്‍ നിന്നു വിളിച്ചു ചോദിക്കുന്നു‘‘ഏതു ചാനലാണെന്ന്’’ മറുപടി പറയും മുമ്പേ അവള്‍ മറഞ്ഞു.

ഇക്കാര്യം അബ്ജോദിനോടു പറഞ്ഞപ്പോഴാണ് അത് ഹാദിയ ആകുമെന്ന് പറയുന്നത്. മിന്നായം പോലെ ഒരു പ്രതീക്ഷ എന്നില്‍ പാഞ്ഞുപോയി. 

എങ്കില്‍ അവള്‍ ഇനിയും വരും. പക്ഷെ കാമറയില്‍ പകര്‍ത്താന്‍ നിന്നാല്‍ സംഗതി അപകടകരമാണ്. പൊലീസിനു പുറമേ അവിടെയെത്തുന്നവരെ എല്ലാം സംശയത്തോടെ കാണുന്ന കണ്ണുകള്‍ ഞാനവിടെ കണ്ടു. ഒരു പക്ഷെ തിരിച്ചു പോകാന്‍ പോലും സാധിച്ചില്ലെന്നു വരാം. എങ്കിലും പിന്‍മാറാന്‍ മനസു വന്നില്ല.

അതേ ജനാലയിലേയ്ക്ക് ഞാന്‍ കാമറ ഫോക്കസ് ചെയ്തു. കാമറ റോള്‍ ചെയ്ത് മാറി നിന്നു. മറ്റാരോടൊക്കെയൊ സംസാരിക്കുമ്പോള്‍ കാമറയിലേയ്ക്ക് ഒളികണ്ണിട്ടു നോക്കി. കാമറ ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ജനാലയില്‍ തട്ടമിട്ട അവള്‍ ഒരിക്കല്‍ കൂടി വരുമോ എന്ന് നോക്കി. രക്ഷയില്ല. ഒടുവില്‍ കാമറയുമെടുത്ത് മടങ്ങുമ്പോഴും നഷ്ടമാകാത്ത പ്രതീക്ഷയില്‍ കാമറ ദൃശ്യങ്ങള്‍ റിവൈന്‍ഡ് ചെയ്തു നോക്കി. യെസ്, അവള്‍ വീണ്ടും വന്നു. എന്റെ കാമറയില്‍ അതു പതിഞ്ഞിട്ടുണ്ട്. 

വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയ എന്ന യുവതിയുടെ മുഖം നാളുകള്‍ക്കു ശേഷം ചൂണ്ടുവിരല്‍ എന്ന പരിപാടിയിലൂടെ കേരളം കണ്ടു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.