Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിൽ നിന്നൊരു മാമി കൊച്ചിയിൽ ഹോട്ടൽ തുറക്കുമ്പോൾ...

mami-hotel-japan മാമിയും ഡേവിസും ഹോട്ടലിനു മുന്നിൽ...

കടവന്ത്ര ജംങ്ഷനിലും കെ.പി. വള്ളോൻ റോഡിലുമൊക്കെ അങ്ങോട്ടോട്ടം..ഇങ്ങോട്ടോട്ടം എന്ന മട്ടിൽ പാഞ്ഞുനടക്കുന്ന ജപ്പാൻകാരിയെക്കണ്ടാൽ മറുനാട്ടുകാർ അന്തംവിട്ടുനിന്നേക്കാം. പക്ഷേ നാട്ടുകാർ പറയും, ഇതു നമ്മുടെ മാമിയല്ലേ എന്ന്. മാമിയെ തിരക്കുകളോടെ കണ്ടില്ലെങ്കിലാണു പ്രയാസം. കെ.പി.വള്ളോൻ റോഡിൽ ചെലവു കുറഞ്ഞ ഒരു ബിസിനസ് ഹോട്ടൽ കെട്ടിപ്പടുക്കുകയെന്നതായിരുന്നു മാമിയുടേയും മാമിയുടെ ഭർത്താവും മലയാളിയുമായ ഡേവിസിന്റെയും സ്വപ്നം. അതു സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഈ വനിത.  

ആചാരം തെറ്റിച്ച പെണ്ണ് 

രണ്ടാം ലോകമഹായുദ്ധത്തിൽ അണുബോംബു വീണ നാഗസാക്കിയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ അകലെയുള്ള കുമാമോട്ടോയാണ് മാമിയുടെ ജന്മനാട്. അവിടെനിന്ന് 1000 കിലോമീറ്റർ സഞ്ചരിച്ചാൽ ടോക്കിയോയിലെത്തും. അച്ഛൻ ഡോക്ടർ. അമ്മ ഫാർമസിസ്റ്റ്. മാമി അമ്മയുടെ വഴി തെരഞ്ഞെടുത്തു  ഫാർമസിസ്റ്റായി. ‘ആചാരപ്രകാരം’ മകളെ ഒരു ഡോക്ടറെക്കൊണ്ടുതന്നെ വിവാഹം കഴിപ്പിക്കണമെന്ന് അച്ഛൻ നിശ്ചയിച്ചു. കേരളത്തിൽ കാണുന്നതുപോലെ ഡോക്ടർ-ഡോക്ടർ വിവാഹമല്ല ജപ്പാനിലുള്ളത്. അവിടെ ഡോക്ടർ ഫാർമിസിസ്റ്റിനെ കല്യാണം കഴിക്കുന്നു. ഫാർമസിസ്റ്റ് ഡോക്ടറെയും. അതാണ് ശരിയായ കോമ്പിനേഷനെന്നു ജപ്പാൻകാർ വിശ്വസിക്കുന്നു. എന്തായാലും മാമിയുടെ അച്ഛന് വിചാരിച്ചതുപോലെ ഒരു ഡോക്ടറെ മരുമകനായി ലഭിച്ചില്ല. പകരം കേരളത്തിൽനിന്നൊരു പാലാക്കാരൻ എൻജിനീയർ മാമിയുടെ കഴുത്തിൽ മിന്നുകെട്ടി– പ്ലാശനാക്കാൽ ഡേവിസ് സെബാസ്റ്റ്യൻ.

പാലാക്കാരൻ ജാപ്പനീസ് പഠിച്ച കഥ

ബെംഗളൂരുവിലെ എൻജിനിയറിങ് പഠനത്തിനുശേഷം ബിസിനസ് മാനേജ്‌മെന്റ് പഠിക്കാനാണു ഡേവിസ് സെബാസ്റ്റ്യൻ ജപ്പാനിലെത്തിയത്. ജാപ്പനീസ് ഭാഷ വെള്ളം പോലെ പഠിച്ചെടുത്തു. ഒരഞ്ചാറു കൊല്ലം അവിടെത്തങ്ങാൻ ഈ ഭാഷാപരിജ്ഞാനം തുണയായി. ഇതിനിടെ മിത്‌സുബിഷിയുടെ തെർമൽ പവർ പ്ലാന്റിലും ജോലി ചെയ്തു. ഇതിനിടയിലാണു മാമിയെ കണ്ടുമുട്ടുന്നതും ബന്ധം വിവാഹത്തിലേക്കു നീളുന്നതും. 1992ൽ വിവാഹിതരായി. മകൾ ബിജിലിനു രണ്ടു വയസ്സായപ്പോൾ കൊച്ചിയിലേക്കു വന്നു. അവളെ ഇവിടുത്തെ സ്കൂളിൽ ചേർത്തു. 24കാരിയായ ബിജിൽ ഇന്ന് ഇ- റീടെയിൽ ഭീമനായ അർബൻ ലാഡറിലെ ഫർണിച്ചർ ഡിസൈനറാണ്. കൊച്ചിയിലാണെങ്കിലും മാമി ജപ്പാനുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. വർഷത്തിൽ കുറച്ചുദിവസം പോയി താമസിക്കും. ഡേവിസ് പക്ഷേ ബിസിനസ് ആവശ്യങ്ങൾക്കായി മാസംതോറും പോകും. 

മാരാരിയെ പ്രണമിച്ചു ഹോട്ടൽ ബിസിനസിലെത്തി

റബർ വുഡ് സംസ്‌കരണം, ഇറക്കുമതി- കയറ്റുമതി തുടങ്ങിയ ബിസിനസുകളൊക്കെ പയറ്റിയ ശേഷമാണ് ദമ്പതിമാർ 1998-ൽ ഐടി ബിസിനസ് (ഇൻഡോകോസ്‌മോ) ആരംഭിക്കുന്നത്. കൊച്ചിയിലും ടോക്കിയോയിലും ഓഫീസുകൾ‍ തുറന്നു. രണ്ടിടത്തുമായി ഇപ്പോൾ 40 പേർ പണിയെടുക്കുന്നുണ്ട്. ജീവിതം ഇങ്ങനെ താളത്തിൽ പോകുന്നതിനിടയിൽ മാമിക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നത്. അതിന്റെ ശാരീരിക പ്രശ്നങ്ങളും മന:പ്രയാസവുമകറ്റാനായി മാരാരി ബീച്ച് റിസോർട്ടിൽ കുറച്ചുനാൾ ചെലവഴിച്ചു. ആ താമസം ടൂറിസം മേഖലയിലെ സാധ്യതകളിലേക്ക് കൊണ്ടുചെന്നെത്തിച്ചു. 

ആരോഗ്യം വീണ്ടെടുത്തശേഷം ജപ്പാനിലെ ഏതാനും സുഹൃത്തുക്കളെ ഇന്ത്യയിലേയ്ക്കു ക്ഷണിച്ചു. കേരളത്തിലെ മനോഹരമായ പ്രദേങ്ങളിൽ കാണുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിനായി ആയുർവേദ ചികിൽസയും നൽകി. മാമിയുടെ നേതൃത്വത്തിലുള്ള എവർഗ്രീൻ ട്രാവൽ ഇപ്പോൾ വർഷംതോറും നൂറിലേറെ ജാപ്പനീസ് ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ബിസിനസ് ഹോട്ടൽ. ‘ടൂറിസ്റ്റുകൾക്ക് വൃത്തിയുള്ള പരിസരവും ആരോഗ്യകരമായ അന്തരീക്ഷവുമാണ് വേണ്ടത്. ചെലവേറിയ മുറികൾ അവർ താമസത്തിനായി തെരഞ്ഞെടുക്കണമെന്നില്ല. നിർഭാഗ്യവശാൽ അത്തരം ഹോട്ടലുകൾ കുറവാണ്’- മാമി പറയുന്നു. 

2010ൽ തുടങ്ങിയ യത്നം

2010 ൽ 50 കോടി രൂപ മുതൽമുടക്കിയാണ് ഹോട്ടൽ പദ്ധതിക്ക് തുടക്കമിട്ടത്. 100 % വിദേശ നിക്ഷേപം. 50 കോടിയും ബാങ്കിലെത്തിച്ചു. 15 കോടി മുടക്കി കൊച്ചി ബൈപാസിൽ സ്ഥലം വാങ്ങി. പിന്നീട് അനുമതികൾക്കായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. വ്യവസായത്തിന് എല്ലാ അനുമതിയും വേഗത്തിൽ ലഭിക്കുന്ന ജപ്പാനിലെ രീതികൾ കണ്ടുശീലിച്ച മാമിയുടെ മനസ്സു മടുത്തുപോയി. ഒടുവിൽ സ്ഥലം വിറ്റു പണമാക്കി 50 കോടി തിരിച്ചയച്ചു.

കടവന്ത്ര കെ.പി. വള്ളോൻ റോഡിലെ ഹോട്ടൽ പദ്ധതി യാഥാർത്ഥ്യമായതിനു പിന്നിലും കഠിനാധ്വാനമുണ്ട്. ജപ്പാനിലെ പാർട്ണറായ ചിയോഡ ബിൽഡിങ് മാനേജ്‌മെന്റ് കമ്പനി പകുതി നിക്ഷേപവുമായി ഒപ്പമുണ്ട്. 10 കോടി രൂപാ മുടക്കിൽ 17,000 ചതുരശ്ര അടി വിസ്തൃതിയിൽ സ്ഥാപിച്ച നിക്കോ എന്നു പേരുള്ള ഹോട്ടൽസിൽ 31 മുറികൾ.  കൊച്ചിയിൽത്തന്നെ തൈക്കൂടത്ത് 60-70 മുറികളോടെ ഹോട്ടൽ സ്ഥാപിക്കാനും പദ്ധതിയുള്ളതായി മാമി അറിയിച്ചു.

ജപ്പാനീസ് ബിസിനസ് ഹോട്ടൽ

ശുചിത്വം, സുഖസൗകര്യം, മിതമായ നിരക്ക് എന്നിവയാണ് ജപ്പാനിലെ ബിസിനസ് ഹോട്ടലുകളുട പ്രത്യേകത. അതേ രീതിയിലാണ് ഇവിടെയും നിർമിച്ചിരിക്കുന്നത്. മുറിയെടുക്കുന്നവർക്ക് അവരുടെ വസ്ത്രങ്ങൾ സ്വയം അലക്കാനും ഉണക്കാനും തേയ്ക്കാനുമുള്ള സൗകര്യമുണ്ട്. സ്റ്റാർ ഹോട്ടലുകളിൽ തുണിയലക്കിനും തേപ്പിനുമായിമാത്രം വലിയൊരു സംഖ്യ നല്കേണ്ടിവരും. നാഗാർജുന, കേരള ഫാർമസി എന്നിവയുമായി സഹകരിച്ചുകൊണ്ട് ആയുർവേദ ചികിൽസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

Read more on Viral News Malayalam