Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'90ാം വയസ്സിലും ഞങ്ങൾ  വഴക്കിടും, അതുപോലെ കൂടുകയും ചെയ്യും'

Friendship ഈ പ്രായത്തിലും ഇവർ വഴക്കിടാറുണ്ട്. ചർച്ചകൾ പുരോഗമിക്കുമ്പോൾ, ആശയങ്ങൾ ചേരാതെ വരുമ്പോൾ, ഇവർ തർക്കിക്കും...

ചില സൗഹൃദങ്ങൾ ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞവയാണ്. പലവട്ടം മുറിഞ്ഞാലും, എത്ര ദുഷ്കരമായ അനുഭവങ്ങളിലൂടെ കടന്നു പോയാലും, അവസാനം ആ സൗഹൃദത്തിലെ സത്യം തിരിച്ചറിയപ്പെടുകതന്നെ ചെയ്യും. കൗമാരത്തിന്റെ തീഷ്‌ണതയിലും യുവത്വത്തിന്റെ ആർജ്ജവത്തിലും മധ്യവയസിന്റെ മെല്ലെപ്പോക്കിലും മാത്രമല്ല, വാർധക്യത്തിന്റെ അവശതകളിലും ആത്മബന്ധത്താൽ ഇഴചേർന്ന അത്തരം സൗഹൃദത്തിനു സ്ഥാനമുണ്ട് എന്നു തെളിയിക്കുകയാണ് ജെ എൻ സോണി എന്ന ശാസ്ത്രഞ്ജന്റെയും ദുബഹാഷ്‌ ബൽസാര എന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും കഥ.

90ാംവയസ്സ് കഴിഞ്ഞിരിക്കുന്നു മുംബൈ നഗരത്തിന്റെ ഈ പുത്രന്മാർക്ക്. ജെ എൻ സോണി ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ ഒരു ശാസ്ത്രജ്ഞനായിരുന്നു. എ പി ജെ അബ്ദുള്‍ കലാമിനൊപ്പം  പ്രവർത്തിക്കാൻ ഭാഗ്യം കിട്ടിയ ഒരു വ്യക്തി. അതിനേക്കാൾ വലിയ ഭാഗ്യമായി, ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി സോണി ചൂണ്ടി കാണിക്കുന്നത് ദുബഹാഷ്‌ ബൽസാര എന്ന തന്റെ സുഹൃത്തിനോടുള്ള ആത്മബന്ധത്തെയാണ്. 

പതിറ്റാണ്ടുകളായി ഈ സൗഹൃദം ഇങ്ങനെ പോകുന്നു. ഇരുവരും പരസ്പരം കാണുന്നത് മുംബൈയിലെ ബീച്ചിൽ രാവിലെ നടക്കാൻ വരുമ്പോഴാണ്. പതിറ്റാണ്ടുകൾക്കു മുൻപ്, ഒരിക്കൽ നടക്കാൻ വന്നപ്പോൾ പരിചയപ്പെട്ടതാണ്. പിന്നീട് ആ പരിചയം തുടർന്നു. ഭൂമിക്കു കീഴിൽ എന്തിനെകുറിച്ചും ഈ സുഹൃത്തുക്കൾ വാചാലരാകും. പിരിക്കാനാവാത്ത സുഹൃദ്ബന്ധം എന്നൊക്കെ പറയുമെങ്കിലും, എപ്പോഴും കൂട്ടുകൂടി ചിരിച്ച് ഇരിക്കുന്നവരാണ് ഇവരെന്ന് കരുതണ്ട. 

ഈ പ്രായത്തിലും ഇവർ വഴക്കിടാറുണ്ട്. ചർച്ചകൾ പുരോഗമിക്കുമ്പോൾ, ആശയങ്ങൾ ചേരാതെ വരുമ്പോൾ, ഇവർ തർക്കിക്കും, പിന്നീട് ആ തർക്കം വഴക്കിലേക്കും കടക്കും. കൂടെ നടക്കാൻ വരുന്നവർ ഇടപെട്ടു വഴക്കുകൾ ഒത്തുതീർപ്പാക്കേണ്ട സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ ആ വഴക്കുകൾ, ചെറുപ്പകാലത്തെ വഴക്കുകൾ പോലെ തന്നെ നിമിഷനേരം കൊണ്ടു മാറുന്നവയാണ്. 

ഇപ്പോൾ ഇരുവർക്കും പ്രായം അതിക്രമിച്ചു തുടങ്ങി. കാലുവേദന ശക്തമായതോടെ രാവിലത്തെ നടപ്പു കുറഞ്ഞു. എന്നാലും പരസ്പരം കാണുന്നതിനു വേണ്ടി ഈ സുഹൃത്തുക്കൾ രാവിലെ ഒന്നിക്കും. ഒരുമിച്ചിരുന്നു കൂടുതൽ സംസാരിക്കും. ലോകത്തെ മാറ്റങ്ങളെപ്പറ്റി ചർച്ച ചെയ്യും. ഒരേ സിനിമകൾ കാണും, ഒരേ പുസ്തകങ്ങൾ വായിക്കും. ജീവിതത്തിലെ മറ്റു രക്തബന്ധങ്ങൾ പോലെ തന്നെ മരണം വരെ ഉറ്റ സുഹൃത്തുക്കളായി പോകാൻ കഴിയണമേയെന്ന ഒറ്റ പ്രാർഥനമാത്രമേ ഇപ്പോൾ ജെ എൻ സോണിക്കും  ദുബഹാഷ്‌ ബൽസാരയ്ക്കും ഉള്ളു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam