Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ പ്ലേയർ, മോഡൽ, ഇപ്പോൾ സിനിമയിലേക്കും, ‌പരിമിതികളില്ലാതെ തസ‌്‌വീറിന്റെ യാത്ര

Thasveer Muhammed തസ്‌വീർ മുഹമ്മദി ചിത്രം: ഫേസ്ബുക്

എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും പേറിയായിരിക്കും ഓരോരുത്തരും ജീവിക്കുന്നത്. സുദിനങ്ങൾ മാത്രം മുന്നിൽ കണ്ട വീഥി ചിലപ്പോൾ പാതിവഴിയിൽ വച്ചു കറുത്ത ദിനങ്ങൾ സമ്മാനിച്ചേക്കാം. അവയിലൊന്നും തകരാതെ കരുത്തോ‌ടെ മുന്നേറും എന്നു തീരുമാനിക്കുന്നവർക്കേ വിജയം കണ്ടെത്താനാകൂ. അല്ലാത്തവർ എങ്ങുമെത്താതെ നിരാശയുടെ പടുകുഴിയിലേക്ക് ആഴും. കോട്ടയം സ്വദേശിയായ തസ്‌വീർ മുഹമ്മദ് എന്ന യുവാവിന്റെ ജീവിതം നൽകുന്ന സന്ദേശവും ആ പോസിറ്റിവിറ്റിയുടേതാണ്. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു ജീവിതത്തെ നേരിട്ട തസ്‌വീറിന്റെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

ഫൂട്ബോൾ പ്ലേയറായിരുന്ന തസ്‌വീർ മറ്റേതൊരു യുവാക്കളെയും പോലെ കുന്നോളം സ്വപ്നങ്ങളുമായാണ് ജീവിച്ചിരുന്നത്. മോഡലിങ് രംഗത്തേക്ക് ആഗ്രഹിച്ചതുപോലെ എത്തിയതും സിനിമയിലേക്കു ലഭിച്ച അവസരങ്ങളുമൊക്കെ തസ്‌വീറിനെ ആനന്ദത്തിന്റെ ഔന്നത്യത്തിൽ എത്തിച്ചിരുന്നു. പക്ഷേ നാലുവർഷം മുമ്പു നടന്നൊരു അപകടത്തിൽ ആ പ്രതീക്ഷകളെല്ലാം തകിടം മറിയുകയായിരുന്നു. അന്നുമുതൽ കുറച്ചുനാൾ തനിക്കു പരിചിതമല്ലാത്തൊരു ജീവിതമായിരുന്നു തസ്‌വീറിന്റേത്. പക്ഷേ അവിടംകൊണ്ടൊന്നും തളരാതെ ജയിച്ചുകാണിക്കും എന്ന വാശിയോടെ തന്നെപ്പോലുള്ളവർക്കു പ്രചോദനമാകണമെന്ന ആത്മവിശ്വാസത്തോടെ മുന്നേറിയതാണ് തസ്‌വീറിന്റെ ജീവിതത്തിൽ വീണ്ടും ഭാഗ്യം കൊണ്ടുവന്നത്. 

2013 നവംബർ പതിനേഴിന് ആ അപകടം സംഭവിക്കുന്നതു വരെ തസ്‌വിറിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം പ്ലാൻ ചെയ്തതിനുസരിച്ചായിരുന്നു. ബിരുദം പൂർത്തിയാക്കിയയുടൻ ഒരുപാടു പ്രതീക്ഷകളുമായ വസ്ത്രസ്ഥാപനം ആരംഭിക്കുകയും ഒപ്പം മോഡലിങ് കരിയറിലേക്കും കാലെടുത്തുവച്ചു, തീർന്നില്ല രണ്ടു സിനിമകളിലേക്കും അന്ന് തസ്‌വീർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, അതിലൊന്നിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. 

പക്ഷേ പിറന്നാൾ ആഘോഷിച്ചതിനു ശേഷം തസ്‌വീറും സുഹൃത്തും ബംഗളൂരുവിലേക്ക് ബൈക് റേഡ് ചെയ്യാൻ എടുത്ത ആ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു.അന്നു സംഭവിച്ച അപകടത്തിൽ തസ്‌വീറിന്റെ വലതുകാലിന്റെ രക്തധമനി തകരുകയും ഒന്നിലധികം പരിക്കുകള്‍ ഉണ്ടാവുകയും ചെയ്തു. പക്ഷേ തസ്‌വീർ പരിപൂർണമായും ഭേദപ്പെടുമെന്നും ന്നുമാസത്തിനകം ഫുട്ബോൾ കളിക്കാൻ പ്രാപ്തനാകും എന്നും ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞു.

എന്നാല്‍ കാലംകാത്തുവച്ചത് മറ്റൊന്നായിരുന്നു. ഡോക്ടർമാരുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് തസ്‌വീറിന് ഇന്‍ഫെക്ഷൻ ബാധിച്ചു, ശരവേഗത്തിൽ അതു വ്യാപിക്കാനും തുടങ്ങി. തുടർന്ന് ജീവൻ രക്ഷിക്കാൻ വലതുകാൽ മുറിച്ചുമാറ്റുക എന്നൊരു വഴി മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു. തസ്‌വീറിന്റെ ജീവിതത്തിലെ വളരെ വിഷമമേറിയ കാലഘട്ടമായിരുന്നു അത്. പിന്നീടുള്ള ഒരുവർഷം സ്വപ്നങ്ങളെല്ലാം അടക്കിവച്ച് പൂർണമായും കിടക്കയിലായിരുന്നു. ഹരമായി കൊണ്ടുനടന്ന ഫുട്ബോളും സ്വപ്നമായി കൊണ്ടുനടന്ന സിനിമയും പാതിവഴിയിൽ വീണ കാലം. കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിന്നും ജീവിതകാലം മുഴുവൻ മറ്റൊരാളെ ആശ്രയിച്ചു കഴിയേണ്ട അവസ്ഥയിലേക്കുള്ള മാറ്റം. 

പക്ഷേ തോറ്റുകൊടുക്കാൻ തസ്‌വീർ തയാറായിരുന്നില്ല, കാലം പോകവേ, സുഹൃത്തുക്കളുടെ സഹായത്തോടെ യാഥാർഥ്യത്തെ അംഗീകരിച്ചു പോസിറ്റീവ് മനോഭാവത്തോടെ മുന്നേറാൻ തീരുമാനിച്ചു.  ഒരു കാൽ നഷ്ടപ്പെട്ടതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കാതെ താൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോർത്തു സന്തോഷിക്കാൻ തുടങ്ങി. പുതിയൊരു ജീവിതം തുടങ്ങുന്നതിന്റെ ആദ്യചവിട്ടു പടിയായി ഒരു ട്രെയിൻ യാത്ര ചെയ്യാൻ തീരുമാനിച്ചു.

തനിച്ചുള്ള ഒരു ട്രെയിൻ യാത്രയായിരുന്നു അത്, ​ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവനെന്തു വിഡ്ഡിത്തമാണ് ചെയ്യുന്നതെന്നു കരുതി, പക്ഷേ തന്നെക്കൊണ്ട് എല്ലാം സാധിക്കും എന്ന് തെളിയിക്കുകയായിരുന്നു തസ്‌വീറിന്റെ ലക്ഷ്യം. പതിയെ തസ്‌വീർ ജീവിതത്തിലെ എല്ലാ നെഗറ്റിവിറ്റികളെയും തൂത്തെറിഞ്ഞു. ഈ കാലഘട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടായി േതാന്നിയത് ആളുകളുടെ സഹതാപമായിരുന്നു. പക്ഷേ സഹതാപമല്ല കരുത്തായിരുന്നു തസ്‌വീറിനു വേണ്ട‌ിയിരുന്നത്.

ശേഷം പ്രത്യകം പണിചെയ്യിച്ച ബാറ്റ്മാൻ ക്രച്ചും സ്വന്തമാക്കി, തനിക്കുള്ളിലെ സൂപ്പർ ഹീറോയെ തട്ടിയെടുക്കുകയുമായിരുന്നു ലക്ഷ്യം. പിന്നീടു തസ്‌വീർ ചെയ്തത് തന്റെ യാത്രകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കലായിരുന്നു. അംഗവൈകല്യം സംഭവിച്ചിട്ടുള്ള മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനൊപ്പം അവയില്ലാതെയും ജീവിതം മനോഹരമാണെന്ന് തെളിയിക്കുക കൂടിയായിരുന്നു അദ്ദേഹം. 

തനിക്ക് അസാധ്യമെന്നു മറ്റുള്ളർക്കു തോന്നിയ കാര്യങ്ങളെല്ലാം അനായാസേന ചെയ്തുകാണിച്ചതാണ് തസ്‌വീറിനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നത്. ഇന്ന് തന്റെ പ്രിയ കായിക ഇനമായ ഫുട്ബോളിൽ സ്ട്രൈക്കറായി കളിക്കുന്നതിനൊപ്പം ക്രിക്കറ്റിൽ ബാറ്റ്സ്മാനായും കളിക്കുന്നുണ്ട്. മോഡലിങ്ങിനും യാത്രകൾക്കുമൊപ്പം മറ്റൊരു സന്തോഷം കൂടിയുണ്ട് തസ്‌വീറിനു പങ്കുവെക്കാൻ, മറ്റൊന്നുമല്ല തന്റെ ആദ്യത്തെ സിനിമയില്‍ കരാർ ഒപ്പിട്ടുവെന്നതാണത്. അസാധ്യമായത് ഒന്നുമില്ലെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണിന്ന് തസ്‌വീർ എന്ന കരുത്തനായ യുവാവ്

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam