Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കിയുടെ പാഡ്മാൻ വെറും കഥയല്ല, ആർത്തവത്തെ സ്നേഹിച്ച അരുണാചലത്തിന്റെ ജീവിതം

Padman അക്ഷയ് കുമാറും രാധികാ ആപ്തെയും പാഡ്മാനിൽ, അരുണാചലം മുരുകാനന്ദം

ബോളിവുഡിന്റെ ആക്ഷൻ സ്റ്റാർ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം പാഡ്മാന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമം നിറയെ. ആർത്തവകാല ശുചിത്വത്തിനു വേണ്ടി പോരാടിയ അരുണാചലം മുരുകാനന്ദം എന്ന യഥാർഥ മനുഷ്യന്റെ ജീവിതകഥ പറയുന്ന പാഡ്മാന്റെ ട്രെയിലർ ഓൺലൈനിൽ ഹിറ്റായിരുന്നു. അക്ഷയ് കുമാർ അവിസ്മരണീയമാക്കിയ ആ കഥാപാത്രത്തിന്റെ കഴിഞ്ഞ കാലം പക്ഷേ അത്ര സുഖകരമായിരുന്നില്ല. സ്ത്രീകൾക്കു വേണ്ടി തുച്ഛമായ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച അരുണാചലം മുരുകാനന്ദത്തിന് പക്ഷേ ഇത് ആനന്ദത്തിന്റെ ദിനങ്ങളാണ്. 

സൂപ്പർമാനെയും ബാറ്റ്മാനെയുമൊക്കെ കുട്ടിക്കാലം തൊട്ടേ ആരാധിച്ചു വന്നവരാണ് ഏറെപേരും. പക്ഷേ പാഡ്മാൻ എന്നൊരാളെക്കുറിച്ചു നാമാരും കേട്ടിട്ടില്ല. പ്രേക്ഷക മനസ്സുകളിലേക്ക് ആർ ബൽകി എന്ന സംവിധായകൻ പരിചയപ്പെടുത്തുന്ന പുതിയ അവതാരമാണ് പാഡ്മാൻ. ആർത്തവത്തെ സ്നേഹിച്ച അരുണാചലത്തെയാണ് പാഡ്മാൻ എന്ന സിനിമയിലൂടെ അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. അരുണാചലത്തിന്റെ ജീവിതകഥയിലേക്ക്...

arunachalam-2 ചുരുങ്ങിയ ചെലവിൽ നാപ്കിനുകൾ ലഭ്യമാകാതെ സ്ത്രീകളെ സാനിട്ടറി നാപ്കിന്റെ ഉപഭോക്താക്കളാക്കാൻ കഴിയില്ലെന്ന് അരുണാചലത്തിനു മനസിലായി...

അരുണാചലം അഥവാ പാഡ്മാൻ

ആർത്തവകാലത്തെ ഇന്ത്യയിലെ സ്ത്രീകളെല്ലാം ഒരുപോലെയല്ല സമീപിക്കുന്നത്. കുഗ്രാമങ്ങളിലെ പല സ്ത്രീകൾക്കും ഇന്നും ആർത്തവകാലത്തെ ശുചിത്വത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ്. ആർത്തവരക്തത്തെ തടയിടുന്നതിനായി മണ്ണും ഇലകളും തിരുകിയ തുണി ഉപയോഗിക്കുന്നവർ പോലുമുണ്ട്. ഇന്ത്യയിലെ വെറും 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആര്‍ത്തവ സമയത്ത് സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. ആർത്തവശുചിത്വമില്ലായ്മയുടെ ഫലമായി പ്രതിവർഷം 40 ശതമാനത്തിനു മുകളിൽ സ്ത്രീകള്‍ ഇവിടെ ഗർഭാശയ കാൻസറിനെ തുടർന്നു മരിക്കുന്നുണ്ട്.

ഇത്തരം സാഹചര്യത്തിലാണ് അരുണാചലം എന്ന പാഡ്മാന്റെ പ്രസക്തി തിരിച്ചറിയുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു സാനിട്ടറി നാപ്കിൻ വിപ്ലവത്തിന് ചുക്കാൻ പിടിച്ച അരുണാചലം തന്റെ പാത വിജയത്തിലേക്കെത്താൻ ചില്ലറ യാതനകളൊന്നുമല്ല അനുഭവിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്ന അരുണാചലം പിന്നീട് മെക്കാനിക് ജോലികള്‍ ചെയ്യാൻ ആരംഭിച്ചു. കോയമ്പത്തൂരിൽ സ്വന്തമായി ഒരു വർക്ക്‌ഷോപ്പ് നടത്തി കഴിയുന്ന ആ കാലത്താണ് അരുണാചലത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവമുണ്ടായത്. അരുണാചലത്തെ കാണിക്കാതെ, എന്തോ വസ്തു ഭാര്യ മറച്ചു പിടിച്ച് കൊണ്ട് പോകുന്നത് അദ്ദേഹം കണ്ടു, ചോദിച്ചപ്പോൾ ഇത് ആണുങ്ങൾ അറിയേണ്ട കാര്യമല്ലെന്ന് മറുപടി. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ഭാര്യയുടെ കയ്യിൽ പഴന്തുണിയാണെന്നും ആർത്തവകാലത്ത് ഉപയോഗിക്കാനാണ് എന്നും മനസിലായി. 

തന്റെ മിതമായ അറിവ് വച്ച്, അദ്ദേഹം ഭാര്യയോട് പറഞ്ഞു, ഈ സമയത്ത് പഴന്തുണിയല്ല നാപ്കിൻ ആണ് ഉപയോഗിക്കേണ്ടത്. ഇത് കേട്ട ഭാര്യ ദേഷ്യത്തോടെ താനും പരസ്യം കാണാറുണ്ട് കാര്യങ്ങൾ അറിയുകയും ചെയ്യാം, എന്നാൽ വീട്ടിലെ സ്ത്രീകൾ എല്ലാവരും നാപ്കിൻ വാങ്ങാൻ തുടങ്ങിയാൽ വീട്ടിലെ പാലിന്റെ ബജറ്റ് തകരുമെന്ന് പറഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ, പുതൂർ എന്ന ആ ഗ്രാമത്തിൽ നാപ്കിൻ ഉപയോഗിക്കുന്നവരായി ആരും തന്നെ ഇല്ലെന്നു മനസിലായി. 

arunachalam-1 രക്തസ്രാവത്തിന്റെ അളവും ഇടവേളയും നേരിട്ടറിയാൻ വേറെ വഴികൾ ഒന്നും ഇല്ലാതിരുന്നതിനാൽ അരുണാചലം, ഒരു ഫുട്ബോൾ ബ്ലാഡറിൽ ആടിന്റെ ചോര നിറച്ച് അത് ഒരു ട്യൂബുമായി ബന്ധിപ്പിച്ച്...

ചുരുങ്ങിയ ചെലവിൽ നാപ്കിനുകൾ ലഭ്യമാകാതെ സ്ത്രീകളെ സാനിട്ടറി നാപ്കിന്റെ ഉപഭോക്താക്കളാക്കാൻ കഴിയില്ലെന്ന് അരുണാചലത്തിനു മനസിലായി. എന്നാൽ വിലകുറഞ്ഞ നപ്കിനുകളുടെ നിർമ്മാണം അത്ര എളുപ്പമായിരുന്നില്ല. ഇതിനായി, അദ്ദേഹം വിവിധ യൂണിറ്റുകൾ സന്ദർശിച്ചു. പരീക്ഷണങ്ങളുടെ ആദ്യഭാഗമായി പലവിധത്തിലുള്ള നാപ്കിനുകള്‍ വാങ്ങി പരിശോധിച്ചു. വിദ്യാഭ്യാസത്തിന്റെ പരിമിതി അദ്ദേഹത്തെ നല്ല പോലെ വലച്ചു. വീട്ടിലുള്ളവർ അദ്ദേഹത്തിനു ഭ്രാന്താണ് എന്ന് കളിയാക്കി. എന്നാൽ അരുണാചലം പിന്തിരിഞ്ഞില്ല. 

ഒടുവിൽ ഏറെ നാളത്തെ പരീക്ഷണങ്ങൾക്ക് ശേഷം, അരുണാചലം സ്വന്തമായി ഒരു നാപ്കിൻ വികസിപ്പിച്ചു. അത് ഭാര്യക്ക് ഉപയോഗിക്കാൻ നൽകിയ അദ്ദേഹത്തിനു കിട്ടിയത് ''ജീവിതത്തിൽ താൻ ഉപയോഗിച്ച ഏറ്റവും മോശപ്പെട്ട നാപ്കിൻ എന്ന കമന്റാണ്'' . എന്നാൽ ഇത് വക വയ്ക്കാതെ അരുണാചലം വീണ്ടും പരീക്ഷണം തുടർന്നു. പാഡ് ഉണ്ടാക്കുന്നതിനു ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കായി ജോലി പോലും ഉപേക്ഷിച്ച് ഒരുപാട് സഞ്ചരിച്ചു. ഇത് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ഭാര്യയും സഹോദരിമാരും നാപ്കിൻ പരീക്ഷണങ്ങൾക്ക് എതിര് നിന്നു. 

അമ്മയും ഭാര്യയും തനിച്ചാക്കി....

20 ലക്ഷം രൂപയാണ് നാപ്കിൻ ഉത്പാദിപ്പിക്കുന്ന ഒരു മെഷീന്റെ വില. മാത്രമല്ല, അസംസ്കൃത വസ്തുക്കൾക്ക് തീപിടിച്ച വിലയും. അപ്പോൾ പിന്നെ കുറഞ്ഞ ചെലവിൽ എങ്ങനെ നാപ്കിൻ ഉത്പാദിപ്പിക്കും? വീട്ടിൽ നിന്നും എതിർപ്പുകൾ മാത്രം, എങ്കിലും അരുണാചലം പരീക്ഷണങ്ങൾ തുടർന്നു. പരീക്ഷണങ്ങൾക്കായി രക്തസ്രാവത്തിന്റെ ഇടവേള, അളവ് എന്നിവ അറിയണമായിരുന്നു. ഇതിനായി ഉപയോഗിച്ച നാപ്കിനുകൾ ആവശ്യമായി വന്നു. ഭാര്യ, ശാന്തി എതിര്‍ത്തതോടെ വീട്ടിലെ മറ്റു സ്ത്രീകളും പിന്മാറി. 

ഇതോടെ അരുണാചലം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ ചില വിദ്യാര്‍ഥികളുടെ സേവനം തേടി. അവർക്ക് ഒരു പോളിത്തീൻ ബാഗ്‌ വാങ്ങി നൽകി ഉപയോഗിച്ച നാപ്കിനുകൾ ശേഖരിച്ചു. രാത്രിയിൽ ഇരുട്ടിന്റെ മറവിൽ തൂവാലകൊണ്ട്‌ മൂക്ക് പൊത്തി നാപ്കിനുകൾ പരിശോധിക്കുന്ന മകന്റെ ദൃശ്യം വൃദ്ധയായ അമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവർ മകനെ ശപിച്ചു കൊണ്ട് വീട് വിട്ടിറങ്ങി. ഇതിനിടയിൽ പരസ്ത്രീബന്ധം ആരോപിച്ച് ഭാര്യ വീട് വിട്ടിറങ്ങിപ്പോയി. പക്ഷെ ഇതുകൊണ്ടൊന്നും അരുണാചലം പിന്തിരിഞ്ഞില്ല. അദ്ദേഹം തന്റെ പരീക്ഷണങ്ങൾ തുടർന്നു. 

വീട്ടിലും നാട്ടിലും ഒറ്റപ്പെട്ടു...

രക്തസ്രാവത്തിന്റെ അളവും ഇടവേളയും നേരിട്ടറിയാൻ വേറെ വഴികൾ ഒന്നും ഇല്ലാതിരുന്നതിനാൽ അരുണാചലം, ഒരു ഫുട്ബോൾ ബ്ലാഡറിൽ ആടിന്റെ ചോര നിറച്ച് അത് ഒരു ട്യൂബുമായി ബന്ധിപ്പിച്ച് തന്റെ ശരീരത്തിൽ കെട്ടി വച്ചു. നടക്കുന്നതിനും ഓടുന്നതിനും സൈക്കിൾ ചവിട്ടുന്നതിനും അനുസരിച്ച് രക്തം പുറത്തു വരാൻ തുടങ്ങി. താൻ നിർമ്മിച്ച നാപ്കിനുകളുടെ ഗുണമേന്മ പരീക്ഷിക്കുന്നതിനു കൂടി വേണ്ടിയായിരുന്നു ഈ പരീക്ഷണം. ഇതിനായി അദ്ദേഹം നാപ്കിനുകൾ ധരിച്ചു. അക്കാലത്ത്, ഗ്രാമത്തിലെ എല്ലാവരും വസ്ത്രം കഴുകുന്നത് ഒരു വലിയ കുളത്തിന്റെ കരയിലാണ്. രക്തം പുരണ്ട അടിവസ്ത്രങ്ങൾ കഴുകാനെത്തിയ അരുണാചലത്തിനു ലൈംഗികരോഗമാണ് എന്ന് നാട്ടുകാർ വിധിയെഴുതി. ഇങ്ങനെ വീട്ടിലും നാട്ടിലും അയാൾ ഒറ്റപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ കാലഘട്ടമായിരുന്നു അതെന്നു പറയുന്നു അരുണാചലം. എന്നാൽ ആ സമയത്ത് ജീവിതത്തിൽ പലതും നേടാനും കഴിഞ്ഞു. പാഡ് ഉണ്ടാക്കുന്നതിനാവശ്യമായ വസ്തുക്കൾ കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു. ഇതിനായി ഇംഗ്ലീഷ് പഠിച്ചു.

യാതനകൾക്കൊടുവിൽ വിജയത്തിലേക്ക്...

ഏകദേശം 6 വർഷമാണ്‌ വിലകുറഞ്ഞ സാനിട്ടറി നാപ്കിനുകൾ ഉണ്ടാക്കുക എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ അരുണാചലം ചെലവഴിച്ചത്‌. ഇതിനായി മദ്രാസ് IIT യിലെ വിദഗ്ധരുമായി, ടെക്‌നോളജിയെപ്പറ്റിയും മെറ്റീരിയലിനെക്കുറിച്ചും വിശദമായി പഠനം നടത്തി. ഒടുവിൽ 20-25 ലക്ഷം രൂപ വരുന്ന മെഷീനുകൾക്ക് പകരമായി 80000 രൂപ മാത്രം മുതൽ മുടക്കിൽ അദ്ദേഹം ഒരു മെഷീൻ നിർമ്മിച്ചു. ഒരു നാപ്കിന് 20 പൈസ മാത്രമാണ് നിർമ്മാണ ചെലവ്. രാശി എന്ന പേരിലാണ് അരുണാചലം തന്റെ നാപ്കിനുകൾ വിപണിയിൽ എത്തിച്ചത്. 

ഇപ്പോൾ, ഐഐഎമ്മിന്റെ വിസിറ്റിംഗ് ഫാക്കൽറ്റി കൂടിയാണ് മുരുകാനന്ദം. ഇതിനിടയിൽ നേടിയെത്തിയത് നിരവധി അവാർഡുകൾ. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സെമിനാറുകളും വർക്ക്ഷോപ്പുകളും നടത്തുന്നു. പാനസോണിക് തങ്ങളുടെ ആസ്ഥാനത്ത് വിളിച്ചു വരുത്തി അഭിനന്ദിച്ചു. ഡൽഹിയിൽ തന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ആർത്തവവും ആർത്തവശുചിത്വവും ഒരു ചെറിയ കാര്യമല്ല എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് അരുണാചലം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam