Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മക്ക് വയസ്സ് 85, മകൾക്ക് 70 , തെരുവിൽ ഇവർ സ്വർഗം തീർക്കുന്നു 

Mother- Daughter ബാല്യവിവാഹങ്ങളുടെ വേദനകൾ ഇന്നും മായാതെ കണ്‍മുന്നിൽ ഉണ്ട് എന്നു തെളിയിക്കുകയാണ് മുംബൈ ബാന്ദ്രയിലെ ചാപ്പൽ റോഡിലുള്ള ഈ അമ്മയുടെയും മകളുടെയും കഥ...

ബാല്യവിവാഹങ്ങൾ നമ്മുടെ നാട്ടിൽ നിരോധിച്ചുവെങ്കിലും ഏതോ കാലഘട്ടത്തിൽ നടന്ന ബാല്യവിവാഹങ്ങളുടെ വേദനകൾ ഇന്നും മായാതെ കണ്‍മുന്നിൽ ഉണ്ട് എന്നു തെളിയിക്കുകയാണ് മുംബൈ ബാന്ദ്രയിലെ ചാപ്പൽ റോഡിലുള്ള ഈ അമ്മയുടെയും മകളുടെയും കഥ. ദിനവും ആയിരക്കണക്കിന് ആളുകൾ കടന്നു പോകുന്ന തിരക്കേറിയ തെരുവിന്റെ ഭാഗമായി ഈ അമ്മയും മകളും കഴിയാൻ തുടങ്ങിട്ടു കാലമേറെയായി. 

ജീവിതത്തിന്റെ ഏറിയപങ്കും തെരുവിൽ ജീവിച്ചു തീർത്തവർ എന്നു പറയുന്നതായിരിക്കും ഇവരുടെ കാര്യത്തിൽ കൂടുതൽ ഉചിതം. കാഴ്ചയിൽ സഹോദരിമാരെ പോലെയാണ് ഇവർ. രണ്ടുപേരെയും വാർധക്യം ബാധിച്ചു കഴിഞ്ഞു. ജീവിതത്തിലെ കഷ്ടപ്പാടുകളും ദാരിദ്ര്യവും തീർത്ത മുറിപ്പാടുകൾ അനവധിയാണ്. കാഴ്ചമങ്ങിത്തുടങ്ങിയ കണ്ണുകളിൽ എവിടെയും ആഘോഷങ്ങൾക്ക് സ്ഥാനമില്ല. 

85  കഴിഞ്ഞ ആ അമ്മയെ നെഞ്ചോടു ചേർത്തു നിർത്തി മകൾ പറഞ്ഞുതുടങ്ങി, ''ഞാൻ വളർന്നത് ഈ തെരുവിലാണ്. ഓര്‍മവച്ചകാലം മുതൽക്ക് ഞാൻ ജീവിക്കുന്നതിനായി ഇവിടെ പലവിധ ജോലികൾ ചെയ്യുന്നു. സ്‌കൂളിൽ പോകണം, പഠിക്കണം എന്നൊക്കെയുള്ളത് എന്റെ വിദൂര ആഗ്രഹങ്ങളിൽ ഒന്നു മാത്രമായിരുന്നു. കാരണം എന്നെ സ്‌കൂളിൽ വിട്ടു പഠിപ്പിക്കാനുള്ള കഴിവ് എന്റെ അമ്മക്ക് ഇല്ല എന്നെനിക്ക് അറിയാമായിരുന്നു.'' 

''ഞങ്ങൾ പച്ചക്കറി , ചോളം , പഴവർഗങ്ങൾ എന്നിവ വിറ്റു ജീവിക്കാനുള്ള വക കണ്ടെത്തി. പരാതികൾ ഇല്ലാതെ ജീവിക്കാൻ എന്നെ പഠിപ്പിച്ചത് അമ്മയാണ്. ഉറുമ്പുകൾ  അരിമണി സൂക്ഷിക്കുന്നത് പോലെ ഓരോ നാണയത്തുട്ടും ശേഖരിച്ചു വച്ച ഞങ്ങൾ ഓട് കട തുടങ്ങി. രാപ്പകലില്ലാതെ ഞങ്ങൾ അവിടെ അധ്വാനിച്ചു. 

കട ഉണ്ടായിരുന്നുവെങ്കിലും കയറിക്കിടക്കാൻ ഒരു വീടില്ല എന്ന ചിന്ത ഞങ്ങളെ എന്നും വേദനിപ്പിച്ചുകൊണ്ടിരുന്നു. എനിക്കറിയാം എനിക്കു വേണ്ടി മാത്രമാണ് 'അമ്മ ജീവിക്കുന്നത്, അമ്മയുടെ എല്ലാവിധ കഷ്ടപ്പാടുകളും ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ അമ്മയാകാനുള്ള പ്രായമൊന്നും അവർക്ക് ഇല്ലായിരുന്നു എന്നതാണ് ഏറ്റവും വലിയ രസം. അതൊരു ബാല്യ വിവാഹം ആയിരുന്നു. 

മണിക്കൂറുകൾ നീണ്ട സമയം നിന്ന് ജോലി ചെയ്യാൻ എന്റെ അമ്മയ്ക്ക് പ്രാപ്തി ഇല്ലാതെ വന്നപ്പോൾ, എനിക്ക് മനസിലായി അമ്മക്ക് വിശ്രമം അനിവാര്യമാണ്. അങ്ങനെ അതുവരെയുള്ള സകലസമ്പാദ്യവും എടുത്ത്, കടയും വിറ്റ് ആ പണത്തിനു ഗ്രാമത്തിൽ രണ്ടു സെന്റ് ഭൂമി വാങ്ങി. അതിൽ വളരെ കഷ്ടപ്പെട്ട് ഒരു കൊച്ചു വീടു വച്ചു.'അമ്മ ഇപ്പോൾ അവിടെയാണ് താമസിക്കുന്നത്. ഞാൻ ഇപ്പോഴും വഴിയോരങ്ങളിൽ കോൺ വിറ്റ് ഞങ്ങൾക്കു ജീവിക്കാനുള്ള വക കണ്ടെത്തുന്നു.''

സുഖസൗകര്യങ്ങളിൽ വിരാജിക്കുമ്പോഴും മാതാപിതാക്കൾക്കു നേര‌െ കരുണയുടെ കരങ്ങള്‍ നീട്ടാതെ വൃദ്ധസദനങ്ങളിലും മറ്റും ചെന്നെത്തിക്കുന്നവർ കണ്ടുപഠിക്കേണ്ടതാണ് ഈ അമ്മയെയും മകളെയും. ഇല്ലായ്മകൾക്കിടയിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതും പരസ്പരം താങ്ങായി നിലകൊള്ളുന്നതുമൊക്കെയാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam