Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യത്തിൽ വില്ലനാവുന്ന എട്ട് കാര്യങ്ങൾ!

Life

പിണക്കങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല.  ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന ദമ്പതികളും, പിണക്കങ്ങളില്‍ തട്ടി കാലിടറുന്നവരും ഉണ്ട്. എന്തായിരിക്കും എല്ലാ ദമ്പതിമാര്‍ക്കും ഇടയില്‍ ചെറുതും വലുതുമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ വില്ലന്‍മാര്‍. ഫാമിലി കൗണ്‍സിലിംഗ് ചെയ്യുന്നവരുടെ അഭിപ്രായത്തില്‍ എല്ലാ ദമ്പതിമാര്‍ക്കിടയിലും പൊതുവായി കാണപ്പെടുന്ന ചില പ്രശ്നങ്ങളുണ്ട്. പരിഹരിച്ചില്ലെങ്കില്‍ ബന്ധം വരെ തകര്‍ത്ത് കളയാന്‍ ശേഷിയുള്ള എട്ട് പ്രശ്നങ്ങൾ ഇതാ. 

ചുമതലകള്‍

ദാമ്പത്യത്തില്‍ രണ്ട് പേര്‍ക്കും അവരുടേതായ ചുമതലകള്‍ ഉണ്ട്. എന്നാല്‍ മിക്ക ബന്ധങ്ങളിലും ഈ ചുമതലകള്‍ ഏറ്റടുക്കുന്നത് അത്ര തുല്യമായിട്ടായിരിക്കില്ല. ഇത് ആദ്യമൊന്നും ആരും കാര്യമാക്കില്ല. എന്നാല്‍ പതിയെ ഇക്കാര്യത്തില്‍ കല്ലുകടി തുടങ്ങും. വൈകാതെ പൊരിഞ്ഞ അടിയില്‍ കലാശിക്കുകയും ചെയ്യും. ഓഫീസുകളിലെ പോലെ ഓരോരുത്തരുടെ ഉത്തരവാദിത്ത്വം എന്ത് എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് പിന്തുടരുക എന്നത് ദാമ്പത്ത്യത്തില്‍ പ്രായോഗികമല്ല. മറിച്ച് ചുമതലകള്‍ അറിഞ്ഞ് അത് ഏറ്റെടുത്ത് പരസ്പര ബഹുമാനത്തോടെ ചെയ്യുക എന്നതാണ് അതിജീവനത്തിനുള്ള ഒരു എളുപ്പ വഴി.

ജോലികള്‍

ദാമ്പത്യ ജീവിതത്തിലെ അടുത്ത വലിയ വെല്ലുവിളി ആണ് വീട്ട് ജോലികള്‍. വീട്ട് ജോലികളെല്ലാം സ്ത്രീകള്‍ക്ക്, പണം സമ്പാദിക്കുന്ന ജോലിയെല്ലാം പുരുഷന്‍മാര്‍ക്കെന്ന ആശയമെല്ലാം കാലഹരണപ്പെട്ട് വരികയാണ്. അതിനാല്‍ തന്നെ വീട്ട് ജോലി പങ്കിട്ട് ചെയ്യുന്നവരാണ് ഒട്ടുമിക്ക പുതുതലമുറ ദമ്പതികളും. ഒരു വീട്ടില്‍ സ്ഥിതി അങ്ങനെ അല്ലെങ്കില്‍ തന്നെ അടുത്ത വീട്ടിലെ അത്യാവശ്യം പണി ചെയ്യുന്ന ഭര്‍ത്താവിനെ ചൂണ്ടിക്കാട്ടി ഭാര്യ നിങ്ങളെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത്തരം സാധ്യതകളും വിട്ട് ജോലി പങ്കിടാത്ത അവസ്ഥകളും എല്ലാമാണ് ദമ്പതിമാര്‍ക്കിടയിലെ മറ്റൊരു പ്രധാന വില്ലന്‍.

സമൂഹമാധ്യമം

കുടുംബകലഹമുണ്ടാക്കാനുള്ള കാരണങ്ങളുടെ ഓട്ടമത്സരത്തില്‍ ഏറെ പെട്ടെന്ന് മുന്നിലേക്കെത്തിയ കക്ഷിയാണ് സോഷ്യല്‍ മീഡിയ. ഇരുപതുകളിലും മുപ്പതുകളിലും ഉള്ള ദമ്പതിമാര്‍ക്കിടയിലാണ് സമൂഹമാധ്യമം വില്ലന്റെ റോള്‍ ഏറ്റെടുക്കുന്നത്. അതായത് പരസ്പരം സംശയിക്കാന്‍ ഏറ്റവും ഉചിതമായ പ്രായങ്ങളിലുള്ള ദമ്പതിമാര്‍ക്കിടയില്‍. തങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഭര്‍ത്താവോ ഭാര്യയോ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നു എന്നതാണ് ഇത്തരം കേസുകളിലെ സ്ഥിരം പരാതി. 

സാമ്പത്തികം

പണം ദമ്പതിമാര്‍ക്കിടയില്‍ മാത്രമല്ല ലോകത്ത് ഏതൊരു മനുഷ്യര്‍ക്കിടയിലും തല്ലുണ്ടാക്കുന്ന വസ്തുവാണ്. കുടുംബത്തിന്റെ സാമ്പത്തിക ഭാരം മുഴുവന്‍ ചുമതല ഏല്‍ക്കുന്ന വല്യേട്ടന്‍മാരുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കവും ഭാരത്തെ ചൊല്ലിയുള്ള അവകാശവാദവും എല്ലാം പ്രധാനമായി ദമ്പതിമാര്‍ക്കിടയിലാണ്. മിക്കവാറും സ്വന്തമായി ജോലി ചെയ്ത് സ്വതന്ത്രമായി ജീവിച്ചിരുന്നവരാണ് മിക്ക ദമ്പതിമാരും. ഇവരുടെ വരവും ചിലവും എല്ലാം ഒന്നിക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പരിമിതികള്‍ തനിയെ വരും. ഇത് അംഗീകരിക്കാനുള്ള മടിയാണ് പലപ്പോഴും കലഹങ്ങള്‍ക്കും കാരണമാകുന്നത്.

ജോലിയും ജീവിതവും തമ്മിലുള്ള പൊരുത്തക്കേട്

ജോലിക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് പുതുതലമുറയിലെ ദമ്പതികള്‍. കരിയറില്‍ ഉണ്ടാക്കാന്‍ കഴിയുന്ന നേട്ടങ്ങളും അതിലെ ഉയരങ്ങളെ കുറിച്ച് സ്വപ്നങ്ങളും കാണുന്നവര്‍. ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സിംഗില്‍ പലപ്പോഴും ജോലി ഇവരുടെ മുന്‍ഗണനയിലേക്ക് വരുന്നു. ഇത് മിക്കപ്പോഴും തന്റെ പങ്കാളിക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ്. ജോലിസ്ഥലത്ത് ഇത്തരം മനസ്സിലാക്കലുകള്‍ അവര്‍ പ്രതീക്ഷിക്കുന്നില്ല. പങ്കാളിയുടെ ജോലിതാല്‍പ്പര്യവും അവര്‍ക്ക് അതിനായി വിനിയോഗിക്കണ്ടി വരുന്ന സമയവും എല്ലാം മനസ്സിലാക്കാന്‍ ഇരുവരും ശ്രമിക്കുക. അത് പോലെ തന്നെ ജോലിസ്ഥലത്ത് നിന്നെത്തിയാല്‍ അവിടുത്തെ പ്രശ്നങ്ങള്‍ മാറ്റി വച്ച് പങ്കാളിക്കൊപ്പം സന്തോഷമുള്ള കുറച്ച് സമയം പങ്കിടുക.

മദ്യം ഉള്‍പ്പെടെയുള്ള ലഹരി

‌പങ്കാളികളുടെ ലഹരി ഉപയോഗമാണ് ദാമ്പത്യജീവിതത്തിലെ മറ്റൊരു വില്ലന്‍. ലഹരി പതിവാകുന്നതോ അധികമാകുന്നതോ തീര്‍ച്ചയായും ദാമ്പത്യത്തിലെ സന്തോഷത്തെ ബാധിക്കും. ഇരുവരുടെയും മാനസിക നിലയെ ലഹരി ഉപയോഗം ബാധിക്കുകയും ചെയ്യും. കാലം മാറിയിട്ടും കുടുംബങ്ങള്‍ തകര്‍ക്കുന്നതില്‍ ഇന്നും സജീവമായി നില്‍ക്കുന്ന നിത്യഹരിത വില്ലനെന്ന് തന്നെ വേണമെങ്കില്‍ മദ്യത്തെ വിശേഷിപ്പിക്കാം.

സെക്സ്

ദാമ്പത്യ ജീവിതത്തില്‍ ലൈംഗികതയ്ക്ക് ഉള്ള സ്ഥാനം ചെറുതല്ല. മിക്കപ്പോളും ലൈംഗികത ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമാകുന്നത് ഒരാള്‍ക്ക് താല്‍പര്യവും മറ്റൊരാള്‍ക്ക് താൽപര്യമില്ലാതെയും വരുമ്പോഴാണ്. ഒപ്പം തന്നെ ലൈംഗീകതയെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച പൊതുബോധങ്ങളും കാല്‍പ്പനിക സങ്കല്‍പ്പങ്ങളും വിനയാകുന്നു. പര്സപര ധാരണയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം. 

കുട്ടികള്‍

ദാമ്പത്ത്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്നാണ് കുട്ടികള്‍. എന്നാല്‍ ഇതേ കുട്ടികളെ ചൊല്ലി തന്നെ വൈകാതെ ദമ്പതിമാര്‍ക്കിടയില്‍ കലഹവും ഉണ്ടാകാറുണ്ട്. കുട്ടികളെ നോക്കുന്നതിലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലും ഒരാള്‍ വീഴ്ച വരുത്തുന്നതാണ് മിക്കപ്പോഴും ഇതിന് കാരണം. ഈ വിഷയത്തില്‍ മിക്കവാറും വില്ലന്‍ സ്ഥാനത്ത് അച്ഛന്‍മാരായിരിക്കും. കുട്ടികളെ നോക്കേണ്ടത് അമ്മമാരുടെ മാത്രം കടമയാണെന്ന പൊതുബോധമാണ് ഇതിന് പ്രധാന കാരണം. കുട്ടികളെ നോക്കൽ അച്ഛന്റെയും കൂടെ ഉത്തരവാദിത്വമാണെന്ന് മനസിലാക്കിയാൽ തീരുന്ന നിസ്സാരപ്രശ്നമാണ് ഇത്. 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam