Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് എന്റെ കുടുംബത്തിന് വേണ്ടി...കണ്ണുകൾ നനയ്ക്കും റോത്നയുടെ കഥ

rotna-akter-with-mother

വെറും പന്ത്രണ്ട്‌ വയസ്‌ മാത്രം പ്രായമുളള പെൺകുട്ടിയുടെ സ്വപ്നങ്ങൾ സാധാരണയായി എന്തെല്ലാമായിരിക്കും? പഠിക്കുക കളിക്കുക നല്ല ഉടുപ്പുകൾ ധരിക്കുക എന്നൊക്കെ ആയിരിക്കും.. എന്നാൽ ഇതിനെക്കുറിച്ചൊന്നും യാതൊരു ധാരണയും ഇല്ലാതെ ജീവിതത്തിലെ പ്രാരാബ്ധങ്ങൾ മുഴുവൻ നിറുകയിൽ ചുമക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചു അലോചിച്ചാലോ.. സ്വന്തം ജീവിതത്തെക്കുറിച്ചു യാതൊരു സ്വപ്നങ്ങളും ഇല്ലാതെ അനുജനും അമ്മക്കും വേണ്ടി മാത്രം ജീവിച്ചുകൊണ്ടിരിരിക്കുന്ന റോത്ന അക്തർ എന്ന പെൺകുട്ടി ഏവരുടെയും കണ്ണുകൾ നനയ്ക്കും. ബംഗ്ലദേശ് ഫോട്ടോഗ്രാഫറായ ജി എം ബി ആകാശ് പങ്കുവച്ച റോത്നയുടെ കഥ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.

ആറു വയസ്സു പ്രായമുള്ളപ്പോഴാണ് റോത്നയ്ക്കു തന്റെ അച്ഛനെ നഷ്ടപ്പെടുന്നത്. അമ്മ കുടുംബം പോറ്റാൻ പാടുപെടുന്നത് കണ്ടതോടെയാണ് റോത്ന പ്രായം മറന്നു കൂലിപണിക്കായി ഇറങ്ങിയത്. 'അമ്മയ്ക്കൊപ്പം ആദ്യമായി ഇഷ്ടികക്കളത്തിലേക്കു പോയദിവസം അവൾക്കിന്നും മറക്കാനാവില്ല. നെഞ്ചോടു ചേർത്ത് അമ്മ വിതുമ്പുകയായിരുന്നുവെന്ന് റോത്ന ഓർക്കുന്നു. തന്നെയും അനുജനെയും സ്കൂളിലേക്ക് അയക്കണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്ന അമ്മയെ സംബന്ധിച്ചിടത്തോളം അതു സഹിക്കാവുന്നതിലും അധികമായിരുന്നു. മുപ്പതോളം ഇഷ്ടികയെങ്കിലും ഒരുദിവസം പൊട്ടിച്ചാലേ മുപ്പതുരൂപ എങ്കിലും കിട്ടു. തുടക്കത്തിൽ മുപ്പതെണ്ണം കഷ്ടപ്പെട്ടു പൊട്ടിച്ചിരുന്ന സ്ഥാനത്തു ഇന്ന് 125 എണ്ണം പൊട്ടിക്കാൻ തനിക്കു കഴിയുന്നുണ്ടെന്നു പറയുന്നു റോത്ന.

തന്റെ അധ്വാനത്തിലൂടെ അനുജൻ റാണയുടെ വിദ്യാഭ്യസവും മുടക്കമില്ലാതെ പോവുന്നുണ്ട്. അവൻ പഠനത്തിൽ മിടുക്കനാണെന്നും ഇത്തവണ ക്ലാസ്സിൽ രണ്ടാം സ്ഥാനതെത്തിയെന്നും അഭിമാനതോടെ പറയുകയാണ്‌ ആ സഹോദരി. കഴിഞ്ഞ കുറച്ചു മാസങ്ങളായി സാധാരണത്തേതിലും കൂടുതൽ സമായം പണിയെടുക്കുന്നുണ്ട്‌ റോത്ന. എന്തിനെന്നല്ലെ.. എങ്കിലേ തന്റെ കൊച്ചനുജന്‌ സ്‌കൂളിലും ട്യൂഷൻക്ലാസ്സിലും ഒക്കെപോകാനായി നല്ലൊരു സൈക്കിൾ വാങ്ങാൻ കഴിയൂ.

അനുജന്റെ പഠിത്തമെല്ലാം കഴിഞ്ഞു അവനൊരു ജോലി കിട്ടിക്കഴിഞ്ഞാൽ തന്നെ പിന്നീടൊരിക്കലും ഇഷ്ടികക്കളത്തിലേക്കു വിടില്ലെന്നു പാറയാറുണ്ടെന്നും റോത്ന പറയുന്നു. പുസ്തകങ്ങളെ പ്രണയിക്കേണ്ട കൈകൾകൊണ്ട് ഇഷ്ടികകൾക്കുമേൽ ഇടിക്കുന്ന റോത്നയുടെ ദയനീയമായ വിഡിയോയും ആകാശ് പങ്കുവച്ചിട്ടുണ്ട. നൂറോളം പേരാണ് റോത്നയുടെ കഥയറിഞ്ഞു സഹായത്തിനു സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നിരിക്കുന്നത്. ഉടുപ്പുകൾക്കും കളിപ്പാട്ടങ്ങൾക്കും വേണ്ടി ശാഠ്യം പിടിക്കുന്ന മക്കൾക്ക്‌ മുന്നിലേക്ക് റോത്ന എന്ന കഠിനാധ്വാനിയെ പരിചയപ്പെടുത്താം. ഇങ്ങനെയും ചില ജീവിതങ്ങളുണ്ടെന്നറിഞ്ഞു വളരട്ടെ അവർ.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam